vvvv

മലപ്പുറം: ട്രോളിംഗ് നിരോധന കാലത്ത് മത്സ്യത്തൊഴിലാളികൾക്ക് വിതരണം ചെയ്യേണ്ട സൗജന്യ റേഷൻ ലഭിക്കാതെ 3,106 പേർ. 3,117 പേരാണ് അപേക്ഷ സമർപ്പിച്ചതെങ്കിലും 11 പേരെ കാർഡ് നമ്പർ തെറ്റായി രേഖപ്പെടുത്തിയെന്ന് കാണിച്ച് സൗജന്യ റേഷൻ പരിഗണനാ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ജൂൺ ഒമ്പത് മുതൽ ജൂലായ് 31 വരെയായിരുന്നു ട്രോളിംഗ് നിരോധനം. സൗജന്യ റേഷൻ പ്രഖ്യാപിച്ചതല്ലാതെ ട്രോളിംഗ് നിരോധന കാലയളവിൽ റേഷൻ വിതരണം നടന്നിട്ടില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. മത്സ്യത്തൊഴിലാളികളിൽ ഭൂരിഭാഗം പേരും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. ഇവർക്ക് എ.എ.വൈ പദ്ധതി പ്രകാരമുള്ള സൗജന്യ റേഷൻ ലഭിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ട്രോളിംഗ് നിരോധന സമയത്ത് സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ തടയുന്നതെന്ന് മത്സ്യതൊഴിലാളികൾ പറയുന്നു. അതേസമയം നീല, വെള്ള കാർഡ് ഉടമകൾക്ക് അടക്കം റേഷൻ ലഭിച്ചിട്ടില്ല.

ട്രോളിംഗ് നിരോധന സമയത്ത് തൊഴിൽ നഷ്ടപ്പെടുന്ന യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങളിലെ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും പീലിംഗ് തൊഴിലാളികൾക്കുമാണ് സൗജന്യ റേഷന് അർഹതയുള്ളത്.

റേഷൻ വിഹിതം ഇങ്ങനെ

മഞ്ഞ കാർഡ് ഉടമകൾക്ക് 35 കിലോ ഭക്ഷ്യധാന്യം, പിങ്ക് കാർഡിന് ഒരു കുടുംബത്തിലെ ഒരു അംഗത്തിന് വീതം അഞ്ച് കിലോ ഭക്ഷ്യധാന്യം, നീല കാർഡ് ഉടമകൾക്ക് രണ്ട് കിലോ അരി, വെള്ള കാർഡ് ഉടമകൾക്ക് അഞ്ച് കിലോ അരി എന്നിങ്ങനെയാണ് ട്രോളിംഗ് നിരോധന കാലത്തെ സൗജന്യ റേഷൻ.

ഇരുട്ടടിയായി മണ്ണെണ്ണയും

മണ്ണെണ്ണ ലഭിക്കാതായതോടെ മത്സ്യത്തൊഴിലാളികൾ കരിഞ്ചന്തയിൽ നിന്ന് വാങ്ങിയാണ് കടലിൽ പോകുന്നത്. ഈ അവസരം മുതലാക്കി കരിഞ്ചന്തക്കാർ വില ഇരട്ടിയാക്കിയതും മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. കേന്ദ്രസർക്കാർ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് നൽകിയിരുന്ന മണ്ണെണ്ണയ്ക്ക് നേരത്തെ കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും രണ്ട് തരം സബ്സിഡികൾ ഉണ്ടായിരുന്നു. നിലവിൽ സംസ്ഥാന സർക്കാരിന്റെ സബ്സിഡി മാത്രമേ അനുവദിക്കുന്നുള്ളൂ.