വളാഞ്ചേരി: കെ.എസ്.എഫ്.ഇയുടെ വളാഞ്ചേരി ശാഖയിൽ സ്വർണമെന്ന വ്യാജേന മുക്കുപണ്ടം പണയം വച്ച് ഏഴ് കോടി രൂപ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. സ്ഥാപനത്തിലെ മുൻ ഗോൾഡ് അപ്രൈസറും കരാർ ജീവനക്കാരനുമായിരുന്ന പേരശ്ശന്നൂർ സ്വദേശിയും കൊളത്തൂരിലെ താമസക്കാരനുമായ രാജനെയാണ് (65) വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന ഇയാളെ പേരശ്ശന്നൂരിലെ വീട്ടിൽ നിന്നാണ് പിടികൂടിയത്. കേസിലെ മറ്റ് പ്രതികളായ പാലക്കാട് തിരുവേഗപ്പുറ സ്വദേശികളായ കാവുംപുറത്ത് മുഹമ്മദ് ഷെരീഫ് (50), പടപ്പേത്തൊടി അബ്ദുൾ നിഷാദ് (50), കൊരക്കോട്ടിൽ മുഹമ്മദ് അഷ്റഫ് (50), പറങ്ങാട്ടുതൊടി റഷീദലി (50) എന്നിവർക്കായി പൊലീസ് തെരച്ചിൽ നടത്തുകയാണ്. വിശ്വാസവഞ്ചന, പണം തട്ടിയെടുക്കൽ, തട്ടിപ്പ് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
കെ.എസ്.എഫ്.ഇയുടെ ഇന്റേണൽ ഓഡിറ്റിംഗിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് തട്ടിപ്പ് മനസ്സിലായത്. പല തവണകളായാണ് മുക്കുപണ്ടം സ്വർണമെന്ന് തെറ്റിദ്ധരിപ്പിച്ച് പണയം വച്ചത്. പ്രതികളുടെ പേരിലുള്ള ചില ചിട്ടികൾക്ക് ജാമ്യമായും മുക്കുപണ്ടമാണ് വച്ചിരുന്നത്. പരിശോധനയുടെ ആദ്യഘട്ടത്തിൽ 1.48 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് കണ്ടെത്തിയത്. തുടർന്ന് ഓഡിറ്റിംഗ് വിഭാഗം നടത്തിയ പരിശോധനയിൽ ഏഴ് കോടി രൂപയുടെ തട്ടിപ്പാണ് നടന്നതെന്ന് കണ്ടെത്തി. തട്ടിപ്പിന്റെ വ്യാപ്തി വർദ്ധിച്ചതിനാൽ കേസ് ക്രൈബ്രാഞ്ചിന് കൈമാറുമെന്നും സൂചനയുണ്ട്.ബ്രാഞ്ച് മാനേജർ ലിനി മോൾ നൽകിയ പരാതിയിലാണ് കേസ്. കഴിഞ്ഞ വർഷം ഒക്ടോബർ 28നും ഈ വർഷം ജനുവരി18നും ഇടയിൽ 10 അക്കൗണ്ടുകളിൽ 10 തവണകളായി മുക്കുപണ്ടം സ്വർണമെന്ന് തെറ്റിദ്ധരിപ്പിച്ച് പണയം വച്ചെന്നായിരുന്നു പരാതി.
പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി.