കാളികാവ്: പകർച്ചവ്യാധികൾക്കെതിരെ ഊർജ്ജിത പ്രതിരോധ പ്രവർത്തനവുമായി ആരോഗ്യ വകുപ്പ്. കാളികാവിൽ മൂന്നു ഹോട്ടലുകൾ അടപ്പിച്ചു. വെള്ള പരിശോധനയിൽ മാലിന്യം കലർന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മലയോരമേഖലയിൽ മഞ്ഞപ്പിത്തം,വയറിളക്കം,ഛർദ്ദി ,വൈറൽ പനി ,ടൈഫോയ്ഡ് എന്നിവ പടർന്നു പിടിച്ച സാഹചര്യത്തിലാണ് പരിശോധന ഊർജ്ജിതമാക്കിയത്.
മലിനജലത്തിന്റെ ഉപയോഗമാണ് രോഗങ്ങളുടെ വ്യാപനത്തിനു കാരണമെന്ന കണ്ടെത്തലിനെ തുടർന്ന് വ്യാപക പരിശോധനയാണ് നടന്നു വരുന്നത്. താഴ്ന്ന സ്ഥലങ്ങളിലെ കിണറുകളിലേക്ക് കക്കൂസ് ടാങ്കിൽ നിന്ന് വ്യാപകമായി ഇക്കോളി,കോളിഫോം,ബാക്ടീരിയകൾ ക്രമാധീതമായി കലർന്നതായി കിണർ വെള്ളപരിശോധനയിൽ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹോട്ടലുകൾ പൂട്ടാനിടയായത്.
മലയോരമേഖലയിൽ വർഷക്കാലത്തിന്റെ തുടക്കം മുതൽ ഇരുനൂറിലേറെ മഞ്ഞപ്പിത്ത കേസ്സുകളാണ് കാളികാവ് സി.എച്ച്.സിക്കു കീഴിൽ മാത്രം റിപ്പോർട്ട് ചെയ്തത്.
ഇതിനെ തുടർന്ന് കാളികാവ് ബ്ലോക്കിനു കീഴിലെ എഴു പഞ്ചായത്തിലും വ്യാപകമായ ബോധവത്കരണവും ശുചീകരണ പ്രവർത്തനവും നടത്തി വരികയാണ്. ഇപ്പോഴും ഒമ്പത് മഞ്ഞപ്പിത്ത കേസ്സുകളും ഇരുനൂറ്റമ്പതോളം വയറിളക്ക ഛർദ്ദി കേസ്സുകൾ കാളികാവ് പഞ്ചായത്തിൽ മാത്രം നിലവിലുള്ളതായി കണ്ടെത്തി ചികിത്സയിലുണ്ട്. ശുദ്ധജലം മലിനമാകാൻ ഏറെ സാധ്യതയുള്ള കിണറുകൾ മുഴുവനും പരിശോധന നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി കാളികാവ് ബ്ലോക്കിനു കീഴിലെ മുഴുവൻ ഹോട്ടൽ ,കൂൾബാർ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹോട്ടൽ, കൂൾബാർ ഉടമകളുടെ ഒരു യോഗം വിളിച്ചു ചേർക്കാനും ബോധവത്കരണം നടത്താനും തീരുമാനിച്ചതായി ഹെൽത്ത് ഇൻസ്പെക്ടർ ബി.ശശികുമാർ പറഞ്ഞു.