സംസ്ഥാനത്തു നിന്നും കാണാതാവുന്നവരുടെ എണ്ണം വർദ്ധിക്കുകയാണെന്ന് കണക്കുകൾ പരിശോധിക്കുന്നതിലൂടെ വെളിപ്പെടുന്നു. 2016 മുതൽ ഈ വർഷം ജൂൺ വരെ കേരളത്തിൽ നിന്നും കാണാതായത് 88,552 പേരെയെന്ന് സ്റ്റേറ്റ് ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ കണക്കുകളിലൂടെ വ്യക്തമാക്കുന്നു. ഈ വർഷത്തിൽ ജൂൺ വരെ കാണാതായവരുടെ എണ്ണം 6,103 ആണ്. 2016ൽ 7,435 പേരെ കാണാതായതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി ലഭിച്ചിരുന്നു. എന്നാൽ തൊട്ടടുത്ത വർഷം 2017ൽ പരാതികളുടെ എണ്ണം ഉയർന്ന് 9,202 ആയി. 2018ൽ 11,536 പരാതികളും 2019ൽ 12,802 പരാതികളും ലഭിച്ചു. 2020, 2021, 2022, 2023 വർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 8742, 9713, 11259, 11760 എന്നിങ്ങനെയുമാണ്.
കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ കാണാതായവരുടെ പട്ടികയിലുണ്ട്. മോശപ്പെട്ട ജീവിത സാഹചര്യങ്ങളും ശിഥിലമാകുന്ന കുടുംബാന്തരീക്ഷം സാമ്പത്തിക ബാദ്ധ്യതകളാലും നാട് വിടുന്നവരുണ്ട്. മാത്രമല്ല, മാതാപിതാക്കളോട് പിണങ്ങി നാട് വിടുന്ന കുട്ടികളുമുണ്ട്. ഇതിനു പുറമെ പ്രണയബന്ധങ്ങളിലകപ്പെട്ട് വീട് വിട്ടുപോകുന്നവരുടെ പരാതികളും ഉയർന്നു തന്നെ നിൽക്കുന്നു. കാണാതാകുന്ന കുട്ടികളിൽ പലരും ഭിക്ഷാടന മാഫിയകളുടെ കൈകളിലെത്തുന്നു എന്ന റിപ്പോർട്ടുകളും നേരത്തെ പുറത്തു വന്നിരുന്നു.
മഹാരാഷ്ട്രയിൽ കഴിഞ്ഞ എട്ട് മാസത്തിനിടെ 173 പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെയാണ് കാണാതായത്. നാസിക് ഡിവിഷനിലെ മാത്രം കണക്കാണിത്. പരാതിയുടെ അടിസ്ഥാനത്തിൽ 149 പേരെ പൊലീസ് കണ്ടെത്തിയിരുന്നു. നാസിക് നഗരത്തിൽ നിന്നു മിക്ക ദിവസങ്ങളിലും ഒരു പെൺകുട്ടിയെങ്കിലും കാണാതാവുന്നു എന്നാണ് പൊലീസ് പറയുന്നത്. വീടുകളിൽ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയ പരാതികളാണ് കൂടുതലും ലഭിക്കുന്നത്.
ഒടുവിലെ ഉദാഹരണം
തസ്മിത് തംസി
മാതാപിതാക്കളോട് പിണങ്ങി തിരുവനന്തപുരത്ത് നിന്നു വീടുവിട്ടിറങ്ങുകയും 40 മണിക്കൂറിന് ശേഷം വിശാഖപട്ടണത്തെ മലയാളി സമൂഹം കണ്ടെത്തി രക്ഷിക്കുകയും ചെയ്ത അസാം സ്വദേശിയായ 13കാരി തസ്മിത് തംസിയാണ് ഏറ്റവും ഒടുവിലത്തെ ഉദാഹരണം. ക്ഷീണിതയായ പെൺകുട്ടിയെ ട്രെയിനിൽ നടത്തിയ തെരച്ചിലിലാണ് മലയാളി അസോസിയേഷൻ പ്രവർത്തർ കണ്ടുപിടിച്ച് ആർ.പി.എഫിന് കൈമാറിയത്. അസം സ്വദേശി അൻവർ ഹുസൈന്റെയും പർബിൻ ബീഗത്തിന്റെയും മകൾ തസ്മിത് തംസി കഴക്കൂട്ടത്തെ വാടക വീട്ടിൽ നിന്ന് 20ന് രാവിലെ 9.30നാണ് പുറത്തേക്ക് പോയത്. അമ്മ വഴക്ക് പറഞ്ഞതിനെത്തുടർന്നാണ് പെൺകുട്ടി കഴക്കൂട്ടത്തെ വാടക വീട്ടിൽ നിന്ന് ഇറങ്ങിയത്.
കൊല്ലം ഓയൂരിൽ നിന്നുള്ള ആറ് വയസുകാരിയായ അബിഗേൽ സാറയെ കഴിഞ്ഞ വർഷം നവംബറിൽ കാണാനില്ലെന്നറിഞ്ഞതോടെ കേരള സമൂഹം ഒന്നടങ്കം നടത്തിയ ഇടപെടൽ മാതൃകാപരമായിരുന്നു. ജ്യേഷ്ഠനൊപ്പം ട്യൂഷന് പോകും വഴിയാണ് അബിഗേലിനെ തട്ടിക്കൊണ്ടു പോയത്. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ പ്രതികൾ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയും കൊല്ലം ഈസ്റ്റ് പൊലീസ് കുട്ടിയെ ആശ്രമം മൈതാനത്ത് നിന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. സംഭവം നടന്ന് അഞ്ചാം ദിവസം പ്രതികളെ പിടികൂടി.
ഇന്നും കാണാമറയത്ത്
കുട്ടികളുമായി ബന്ധപ്പെട്ട തിരോധാനക്കേസിൽ കേരളം ഏറെ ചർച്ച ചെയ്ത മറ്റൊന്ന് ആലപ്പുഴ സ്വദേശിയായ രാഹുലിന്റെതാണ്. 2005 മേയ് 18ന് വീടിനടുത്തുള്ള മൈതാനത്ത് ക്രിക്കറ്റ് കളിക്കാൻ പോയ ഏഴു വയസുകാരൻ രാഹുൽ ഇതുവരെയും തിരിച്ച് വന്നിട്ടില്ല. പൊലീസ് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും നിരാശയായിരുന്നു ഫലം. തുടർന്ന്, സി.ബി.ഐ കേസ് ഏറ്റെടുത്തെങ്കിലും ഒരു തുമ്പ് പോലും ലഭിച്ചില്ല. 2013ൽ സി.ബി.ഐ അന്വേഷണം അവസാനിപ്പിക്കാൻ തീരുമാനിച്ചത് ചോദ്യം ചെയ്ത് ബന്ധുക്കൾ വീണ്ടും കോടതിയെ സമീപിച്ചു. തുടർന്ന്, രാഹുലിനെ തേടി സി.ബി.ഐ വീണ്ടുമിറങ്ങി. രാഹുൽ തിരോധാനവുമായി ബന്ധപ്പെട്ട് ഇനി ഒരു അന്വേഷണവും ബാക്കിയില്ലെന്ന് 2015ൽ സി.ബി.ഐ കോടതിയെ ബോധിപ്പിക്കുകയും ചെയ്തതോടെ അന്വേഷണത്തിന് തിരശ്ശീല വീഴുകയും ചെയ്തു.
പത്തനംതിട്ട സ്വദേശി ജസ്ന മരിയ ജയിംസിന്റെ തിരോധാനം കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. 2018 മാർച്ച് 20 മുതലാണ് ജസ്നയെ കാണാതായത്. അന്വേഷണം ഊർജിതമായി നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇത്തരത്തിലുള്ള കേസുകളും സംസ്ഥാനത്തുണ്ട്, ചില കേസുകളിൽ പൊലീസ് അന്വേഷണം നിലച്ച മട്ടാണ്.
ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ കണക്കുകൾ പ്രകാരം ഓരോ വർഷവും 40,000 കുട്ടികളെയാണ് ഇന്ത്യയിൽ തട്ടിക്കൊണ്ട് പോയിട്ടുള്ളത്. ഇതിൽ 11,000ത്തോളം കുട്ടികളെ തിരികെ ലഭിച്ചിട്ടില്ല. എൻ.ജി.ഒകളുടെ കണക്ക് പ്രകാരം 12,000 മുതൽ 50,000 വരെ സ്ത്രീകളും കുട്ടികളും അയൽരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് മനുഷ്യക്കടത്തിന് വിധേയമാകുന്നുണ്ട്.
വേണ്ടത് കരുതൽ
കുട്ടികളുടെ സംബന്ധിച്ചിടത്തോളം, അവർക്ക് ലോകത്തെക്കുറിച്ചുള്ള അറിവ് പകരേണ്ടത് മാതാപിതാക്കളാണ്. അപരിചിതനായ ഒരു വ്യക്തിയുമായി എത്രത്തോളം ഇടപെടൽ നടത്താമെന്ന് കുട്ടികളോട് പറഞ്ഞ് മനസിലാക്കണം. കൂടാതെ അവരിൽ നിന്ന് മിഠായിയോ മറ്റ് വസ്തുക്കളോ സ്വീകരിക്കരുതെന്നുമുള്ള ധാരണ കുട്ടികളിൽ ചെറുപ്പം മുതലേ ഉണ്ടാക്കിയെടുക്കണം. പരിചയമില്ലാത്ത ഒരാൾ കൂടെ വരാൻ നിർബന്ധിച്ചാൽ ഇല്ലെന്ന് പറയാനുള്ള തരത്തിലേക്ക് അവരെ പ്രാപ്തരാക്കണം.
ഇന്ന് സമൂഹമാദ്ധ്യമങ്ങളും കാണാതാവുന്നവരെ കണ്ടെത്താൻ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് പറയാതെ വയ്യ. എന്നാൽ, ചിലരെ കണ്ടുകിട്ടിയിട്ടും കാണാതായി എന്ന തരത്തിൽ ആ പോസ്റ്റുകൾ സമൂഹമാദ്ധ്യമങ്ങൾ വഴി വീണ്ടും പ്രചരിക്കാറുണ്ട്. കുട്ടികളെ കാണാതാകുന്ന സംഭവങ്ങളുണ്ടായാൽ ഉടൻതന്നെ പൊലീസിൽ പരാതിപ്പെടുകയും സാമൂഹികമായ ഇടപെടൽ നടത്തി വിദൂരങ്ങളിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ശ്രമിക്കണം.