മലപ്പുറം: നിയമങ്ങൾ ശക്തമാക്കിയിട്ടും ജില്ലയിൽ വാഹനാപകടങ്ങൾ വർദ്ധിക്കുന്നുവെന്ന് കണക്കുകൾ. ഈ വർഷം ജൂലായ് 26 വരെ റോഡപകടങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിൽ റിപ്പോർട്ട് ചെയ്തത് 1,761 കേസുകളെന്ന് ക്രൈം റെക്കാർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 152 പേർ മരിക്കുകയും 1,966 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

കഴിഞ്ഞ വർഷം കേസുകളുടെ എണ്ണം 3,256 ആയിരുന്നു. 2022, 2021 വർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 2992, 2152 എന്നിങ്ങനെയായിരുന്നു.അമിതവേഗത, മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, സീറ്റ് ബെൽറ്റും ഹെൽമെറ്റും ധരിക്കാത്തത്, ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുക, റെഡ് സിഗ്നൽ അവഗണിക്കുക, തെറ്റായ ദിശയിൽ വണ്ടിയോടിക്കുക എന്നിവയാണ് അപകടങ്ങളുടെ പ്രധാന കാരണങ്ങൾ. ഇരുചക്ര വാഹനങ്ങൾ കഴിഞ്ഞാൽ ലോറികളും സ്വകാര്യ ബസുകളുമാണ് അപകടത്തിൽ പെടുന്നവയിൽ കൂടുതലുമെന്ന് മലപ്പുറം മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കെ.നിസാർ പറഞ്ഞു.

നിയമം അറിയില്ലെങ്കിൽ ക്ലാസെടുക്കാം

ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ നിർദേശ പ്രകാരം ജില്ലയിൽ ലൈസൻസ് സസ്‌പെന്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുന്ന ഡ്രൈവർമാരെ എടപ്പാളിലെ മോട്ടോർ വാഹന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിംഗ് ആന്റ് റിസേർച്ച് (ഐ.ഡി.ടി.ആർ)സ്ഥാപനത്തിൽ അഞ്ച് ദിവസത്തെ റോഡ് സുരക്ഷാ നിയമങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ക്ലാസിന് വിടാനാണ് നിർദേശിച്ചിരിക്കുന്നത്. കൂടാതെ, റോഡപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കോളേജുകൾ കേന്ദ്രീകരിച്ചും വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ചും ബോധവത്ക്കരണ ക്ലാസുകളും റോഡ് സേഫ്റ്റി ക്ലാസുകളും മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്നുണ്ട്.

വർഷം --അപകടങ്ങളുടെ എണ്ണം---മരണം---പരിക്കേറ്റവർ

2021--------2,152---------292-------2,396
2022--------2,992--------321-------3,499
2023--------3,256--------313-------3,805
2024--------1,761---------152--------1,966