മലപ്പുറം: അംഗൻവാടികൾ മുഖേനെ പോഷകാഹാരമായ അമൃതം പൊടി വിതരണം ചെയ്ത വകയിൽ കുടുംബശ്രീ പ്രവർത്തകരുടെ ന്യൂട്രീമിക്സ് യൂണിറ്റുകൾക്ക് നൽകാനുള്ളത് നാല് കോടിയോളം രൂപ. മാസങ്ങളായി തുക കുടിശ്ശികയായതോടെ ജില്ലയിലെ 42 യൂണിറ്റുകൾ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അംഗൻവാടികൾ മുഖേനെ അമൃതം പൊടി വിതരണം ചെയ്യുന്നത്. സംസ്ഥാന സർക്കാർ ഫണ്ടുകൾ വെട്ടിക്കുറച്ചതോടെ ഉണ്ടായ പ്രതിസന്ധിയാണ് ന്യൂട്രീമിക്സ് യൂണിറ്റുകൾക്കുള്ള തുക കുടിശ്ശികയാവാൻ കാരണമെന്നാണ് തദ്ദേശ ഭരണ സമിതികളുടെ വാദം.

ആറ് മാസത്തിനും മൂന്ന് വയസിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് പ്രതിമാസം മൂന്ന് കിലോ അമൃതം പൊടിയാണ് നൽകുന്നത്. സാമൂഹിക നീതി വകുപ്പിലെ ഐ.സി.ഡി.എസ് സൂപ്പർവൈസർമാരുടെ മേൽനോട്ടത്തിൽ അംഗൻവാടികൾ വഴിയാണ് വിതരണം. ന്യൂട്രിമിക്സ് യൂണിറ്റുകൾക്ക് കിലോയ്ക്ക് 73 രൂപയാണ് നൽകുന്നത്. 2006ലാണ് അമൃതം പൊടി വിതരണം ചെയ്യാൻ തുടങ്ങിയത്. കാസർക്കോട് കേന്ദ്ര പ്ലാനിംഗ് ക്രോപ്പ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിലെ ഡോ. നിലൂഫറാണ് അമൃതം പൊടി മിശ്രിതം തയ്യാറാക്കിയത്. 2019ൽ കൂടുതൽ പോഷകാഹാരങ്ങൾ ചേർത്തു. ഗോതമ്പ്, സോയ ചങ്ക്സ്, ബംഗാൾ ഗ്രാം, നിലക്കടല, പഞ്ചസാര, കടലപ്പരിപ്പ് എന്നിവ ചേർത്താണ് അമൃതം പൊടി തയ്യാറാക്കുന്നത്.

വേണം, നിരക്ക് വർദ്ധനവ്

2018ൽ നിശ്ചയിച്ച നിരക്ക് അനുസരിച്ചാണ് ഇപ്പോഴും അമൃതം പൊടി വിതരണം ചെയ്യുന്നത്. ഇക്കാലയളവിൽ പൊതുമാർക്കറ്റിൽ വലിയ വില വർദ്ധനവ് ഉണ്ടായിട്ടും കുടുംബശ്രീ ന്യൂട്രീമിക്സ് യൂണിറ്റുകൾക്ക് നൽകുന്ന തുകയിൽ യാതൊരു വർദ്ധനവുമില്ല. മിക്ക യൂണിറ്റുകൾക്കും ലക്ഷക്കണക്കിന് രൂപയാണ് കുടിശ്ശികയായി ലഭിക്കാനുള്ളത്. പത്ത് ലക്ഷത്തിന് മുകളിലാണ് മിക്ക യൂണിറ്റുകളുടെയും കുടിശ്ശിക. കുടുംബശ്രീ അംഗങ്ങൾക്ക് സ്ഥിരം തൊഴിലും വരുമാനവുമെന്ന നിലയിൽ ആരംഭിച്ച യൂണിറ്റുകളാണിത്. ഈ വർഷം തുടക്കത്തിൽ പത്ത് കോടിയോളം രൂപ കുടിശ്ശികയായി കിടന്നിരുന്നു. ഘട്ടംഘട്ടമായി തുക അനുവദിച്ചെങ്കിലും ഇതുവരെ കുടിശ്ശിക പൂർണ്ണമായി വിതരണം ചെയ്തിട്ടില്ല.