മലപ്പുറം: മലപ്പുറം താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിന് സ്വന്തം കെട്ടിടം നിർമ്മിക്കാനുള്ള നടപടികൾ എങ്ങുമെത്തിയില്ല. ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കാൻ ആശുപത്രിയുടെ പുതിയ ഒ.പി ബ്ലോക്കിൽ സൗകര്യം ഒരുക്കാം എന്നിരിക്കെ ഇതിന് ശ്രമിക്കാതെ വിദ്യാഭ്യാസ വകുപ്പിന്റെ കൈവശമുള്ള സ്ഥലത്തിനായി കാത്തിരിക്കുകയാണ് ആരോഗ്യ വകുപ്പ് അധികൃതർ. ഇത് ഡയാലിസ് കേന്ദ്രം തുടങ്ങുന്ന നടപടി അനന്തമായി നീട്ടിയേക്കും. താലൂക്ക് ആശുപത്രിയിലെ പുതിയ ഒ.പി ബ്ലോക്കിന് മുകളിൽ നാലാം നിലയിൽ ആവശ്യമായ ഭൗതിക സൗകര്യം ഒരുക്കിയാൽ ഡയാലിസിസ് യൂണിറ്റ് തുടങ്ങാവുന്നതാണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചിരുന്നു. ഡയാലിസിസ് യൂണിറ്റ് തുടങ്ങാൻ ആവശ്യമായ സൗകര്യങ്ങളോട് നാലാം നിലയിൽ പുതിയ ഫ്‌ളോർ നിർമ്മിക്കാൻ ആവശ്യമായ എസ്റ്റിമേറ്റ് തദ്ദേശ എഞ്ചിനീയർ മുഖേനെ തയ്യാറാക്കി നൽകാൻ മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ആശുപത്രി സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് എസ്റ്റിമേറ്റ് ലഭിക്കുന്ന മുറയ്ക്ക് ഡയാലിസിസ് യൂണിറ്റ് തുടങ്ങാൻ നടപടികൾ സ്വീകരിക്കുന്നമെന്നാണ് ഇത് സംബന്ധിച്ച് കോഡൂർ പഞ്ചായത്ത് വികസനകാര്യ ചെയർപേഴ്സൺ ഫാത്തിമ വട്ടോളി ഡയാലിസിസ് കേന്ദ്രം തുടങ്ങണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാർച്ചിൽ നൽകിയ നിവേദനത്തിന് മറുപടിയായി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് അറിയിച്ചത്. എന്നാൽ ഇതുവരെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടില്ലെന്നാണ് വിവരം.
എങ്ങുമെത്താതെ നടപടികൾ
വിഷയത്തിൽ നിയമസഭയിൽ പി. ഉബൈദുള്ള എം.എൽ.എയുടെ ചോദ്യത്തിന് നിലവിൽ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്നതിന് സ്ഥല സൗകര്യമില്ലാത്തതിനാൽ ആശുപത്രിയോട് ചേർന്നുള്ള വിദ്യാഭ്യാസ വകുപ്പിന്റെ സ്ഥലം ഏറ്റെടുത്ത് പുതിയ കെട്ടിടം നിർമ്മിക്കേണ്ടതുണ്ടെന്നും ഇത് ലഭിക്കുന്നതിനുളള നടപടികൾ നടന്നു വരുന്നുണ്ടെന്നുമാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് മറുപടി നൽകിയത്. മലപ്പുറം താലൂക്ക് ആശുപത്രിയിൽ ഡയാലിസ് യൂണിറ്റെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. നേരത്തെ ഇവിടം സന്ദർശിച്ച ആരോഗ്യ വകുപ്പ് മന്ത്രി ഇക്കാര്യത്തിൽ നടപടികൾ വേഗത്തിലാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നടപടികൾ നീണ്ടുപോവുകയാണ്.