തിരൂർ: ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ വിവിധ ബാലഗോകുലങ്ങളുടെ അഭിമുഖ്യത്തിൽ നടക്കുന്ന ശോഭയാത്രകളിൽ പങ്കെടുക്കാൻ ശ്രീകൃഷ്ണ വേഷം ധരിച്ച് നഗരം വീഥികൾ കീഴടക്കാൻ പിഞ്ചോമനകൾ ഒരുക്കങ്ങൾ തുടങ്ങി.ബാലഗോകുലം തിരൂർ ജില്ലയുടെ നേത്യത്വത്തിൽ രണ്ടായിരത്തോളം ശോഭയാത്രകളിലായി പതിനയ്യായിരത്തിലധികം അമ്പാടി കണ്ണന്മാർ നഗരങ്ങളിൽ അണിനിരക്കും. പുലർച്ചെ മുതൽ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജയോടു കൂടി ആരംഭിക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷം ഘോഷയാത്രയോടൊപ്പം നടക്കുന്ന സമാപന സമ്മേളനത്തോടുകൂടിയാണ് ഈ വർഷത്തെ ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ സമാപനം കുറിക്കുക.വിവിധ ക്ഷേത്രങ്ങളിൽ നടക്കുന്ന പ്രത്യേക ചടങ്ങുകളായ ഗോപൂജ, നദീ വന്ദനം, വൃക്ഷപൂജ, കണ്ണനൂട്ട്, ഗോപികാ നൃത്തം തുടങ്ങി നിരവധി വ്യത്യസ്ത ചടങ്ങുകളോട് ആണ് ഈ വർഷത്തെ ശ്രീകൃഷ്ണജയന്തി ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ നടക്കുക. തിരൂർ, പുറത്തൂർ, വെട്ടം, തിരുനാവായ, തൃപ്രങ്ങോട്, താനൂർ, ഒഴൂർ, പരപ്പനങ്ങാടി, തിരൂരങ്ങാടി, വള്ളിക്കുന്ന്,വളാഞ്ചേരി, എടയൂർ, കൊളത്തൂർ, വലിയകുന്ന്, പൊന്നാനി, കുറ്റിപ്പുറം, എടപ്പാൾ, ചങ്ങരംകുളം, വട്ടംകുളം, മുക്കുതല, വെളിയങ്കോട്, പാലപ്പെട്ടി, എരമംഗലം തുടങ്ങിയ കേന്ദ്രങ്ങളിൽ നടക്കുന്ന മഹാശോഭയാത്രകളിൽ നിശ്ചല ദൃശ്യങ്ങളായ ഗോവർദ്ധ മർദ്ദനം,ശരശയ്യ, പൂതനാ മോക്ഷം, മത്സ്യാവതാരം, കൂർമാവതാരം, വസുദേവരുടെ യാത്ര, അനന്തശയനം, അസുരവധം തുടങ്ങി നിരവധി പുരാണങ്ങളിൽപ്പെടുന്ന നിരവധി നിശ്ചലദ്യശ്യങ്ങളുമായി നഗരങ്ങളെ പുളകിതമാക്കും.
തിരൂർ നഗരത്തിൽ നടക്കുന്ന ശോഭയാത്രയിൽ തൃക്കണ്ടിയൂർ, അന്നാര, ചെമ്പ്ര, മുത്തൂർ, ഏഴൂർ, തെക്കുമുറി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും തിരൂർ സെൻട്രൽ ജംഗ്ഷനിൽ സംഘമിച്ച് മഹാശോഭയാത്രയായി അമ്പലകുളങ്ങര ദേവീക്ഷേത്രത്തിൽ സമാപിക്കും. താനൂർ മേഖലയിലെ പതിനഞ്ചോളം ശോഭയാത്രകൾ ബസ് സ്റ്റാന്റിൽ സംഗമിച്ച് വൈകീട്ട് ആറുമണിയോടെ താനൂർ ശോഭ പറമ്പ് ക്ഷേത്രപരിസരത്ത് സമാപിക്കും. ശോഭയാത്രകളിൽ ഉണ്ണികണ്ണൻമാരെ കൂടാതെ കൃഷ്ണന്റെ തോഴി രാധമാർ, ഗോപികമാർ, കുചേലൻമാർ, ശ്രീരാമൻ, സീത, രാമലക്ഷ്മണൻമാർ, തുടങ്ങിയ വിവിധ തരത്തിലുള്ള പുരാണ അവതാരങ്ങളുടെ വേഷപകർച്ച കാണികളുടെ കണ്ണിന് കുളിർമയേകും.