മലപ്പുറം: ജില്ലയിൽ കോട്ട്പ (സിഗരറ്റ് ആൻഡ് അദർ ടുബാക്കോ പ്രൊഡക്ട്സ് ആക്ട് ) പ്രകാരം ഈ വർഷം രജിസ്റ്റർ ചെയ്തത് 1,817 കേസുകളെന്ന് ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ കണക്കുകൾ. പൊതുഇടങ്ങളിലെ പുകവലി, 18ൽ താഴെയുള്ള കുട്ടികൾക്കിടയിൽ ലഹരി പദാർത്ഥങ്ങൾ വിൽക്കുക, സ്‌കൂളുകളുടെ 100 മീറ്റർ പരിധിയ്ക്കുള്ളിൽ ലഹരി വിൽപ്പന നടത്തുക, ലഹരി വസ്തുക്കളുടെ പുറത്ത് മുന്നറിയിപ്പ് വാചകം ചേർക്കാതിരിക്കുക തുടങ്ങിയ കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ജൂലായ് 26 വരെയുള്ള കണക്ക് പ്രകാരം പൊതുഇടങ്ങളിൽ പുക വലിച്ചതുമായി ബന്ധപ്പെട്ട കേസുകളാണ് ഈ വർഷം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്, 1,786 എണ്ണം. കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത് 927 കേസുകളാണ്. 2022, 2021 വർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 4,273, 20,590 എന്നിങ്ങനെയായിരുന്നു.
സ്‌കൂളുകളുടെ 100 മീറ്റർ പരിധിയ്ക്കുള്ളിൽ ലഹരി പദാർത്ഥങ്ങൾ വിൽപ്പന നടത്തുന്നതുമായി ബന്ധപ്പെട്ട 26 കേസുകളും ഈ വർഷം രജിസ്റ്റർ ചെയ്തു. കഴിഞ്ഞ വർഷം ഇത് 134 ആയിരുന്നു. 2022, 2021 വർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 97, 28 എന്നിങ്ങനെയായിരുന്നു.
ലഹരി വസ്തുക്കളുടെ പുറത്ത് മുന്നറിയിപ്പ് വാചകം ചേർക്കാതിരുന്നതുമായി ബന്ധപ്പെട്ട് ഈ വർഷം രജിസ്റ്റർ ചെയ്തത് മൂന്ന് കേസുകളാണ്. 2023, 2022, 2021 വർഷങ്ങളിൽ യഥാക്രമം കേസുകളുടെ എണ്ണം 15, 24, എട്ട് എന്നിങ്ങനെയായിരുന്നു.
ഉണർവേകാൻ
മഞ്ചേരി താലൂക്കുകളിലെ സ്‌കൂളുകൾ കേന്ദ്രീകരിച്ച് വിദ്യാലങ്ങൾ ലഹരിമുക്തമാക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള ഉണർവ് പദ്ധതി നടത്തിവരുന്നുണ്ട്. ഈ സ്‌കൂളുകളിൽ എക്‌സൈസ് ഉദ്യോഗസ്ഥർ ഇടക്കിടെ സന്ദർശനം നടത്തും. വിദ്യാർത്ഥികളുടെ ശ്രദ്ധയും സമയവും പഠനത്തിലേക്കും മറ്റു കലാ കായിക പ്രവർത്തനങ്ങളിലേക്കും തിരിച്ചുവിടുന്നതിനാണ് പദ്ധതി.
2021-2024 വർഷങ്ങളിലെ കോട്ട്പ കേസുകളുടെ എണ്ണം
2021 - 20,629
2022 - 25,023
2023 - 1,087
2024 (ജൂലായ് വരെ) - 1,817