മലപ്പുറം: കൊലക്കേസ് പ്രതിയായ മുഹമ്മദ് ഷഫീഖിനെതിരെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ചങ്ങരംകുളം ആലങ്കോട് കോലിക്കര സ്വദേശി ഇല്ലിക്കൽ വീട്ടിൽ മുഹമ്മദാലിയുടെ മകൻ മുഹമ്മദ് ഷഫീഖിനെയാണ് (23) അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി എസ്.ശശിധരന്റെ റിപ്പോർട്ട് പ്രകാരം കളക്ടർ വി.ആർ.വിനോദ് ആണ് ഉത്തരവിറക്കിയത്.
കൊലപാതകം, ലഹരിക്കടത്ത് തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന ക്രിമിനൽ കേസുകളിൽ പ്രതിയാണ് മുഹമ്മദ് ഷഫീഖ്. 2021ൽ ചങ്ങരംകുളം ആലങ്കോട് വച്ച് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഷഫീഖ് ജാമ്യത്തിൽ കഴിഞ്ഞു വരുന്നതിനിടെയാണ് ലഹരിക്കടത്ത് കേസിലും പ്രതിയാകുന്നത്. കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത ഷഫീഖിനെ വിയ്യൂർ സെൻട്രൽ ജയിലിൽ ഹാജരാക്കുകയും ആറ് മാസത്തേക്ക് തടവ് വിധിക്കുകയും ചെയ്തു. തിരൂർ ഡിവൈ.എസ്.പി കെ.എം.ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.