മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025ലെ ഹജ്ജ് കർമ്മത്തിന് ഇതുവരെ ഓൺലൈനായി അപേക്ഷ നൽകിയത് 4,060 പേർ. 710 അപേക്ഷകൾ 65ന് മുകളിൽ പ്രായമുള്ളവരും 342 അപേക്ഷകൾ ലേഡീസ് വിതൗട്ട് മെഹ്റം വിഭാഗത്തിലും 3,008 അപേക്ഷകൾ ജനറൽ കാറ്റഗറി വിഭാഗത്തിലുമാണ് ലഭിച്ചിട്ടുള്ളത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്തംബർ ഒമ്പത് ആണ്. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഹജ്ജ് കമ്മിറ്റിയുടെ സൈറ്റിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കണം. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ hajcommittee.gov.in വെബ്‌സൈറ്റിലും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ keralahajcommittee.org വെബ്‌സൈറ്റിലും അപേക്ഷയുടെ ലിങ്ക് ലഭ്യമാണ്. "Hajsuvidha" മൊബൈൽ അപ്ലിക്കേഷൻ വഴിയും അപേക്ഷ സമർപ്പിക്കാം. അപേക്ഷകർക്ക് 2026 ജനുവരി 15 വരെ കാലാവധിയുള്ള മെഷീൻ റീഡബിൾ പാസ്‌പോർട്ട് ഉണ്ടായിരിക്കണം.
ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന്നായി കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എല്ലാ ജില്ലകളിലും കരിപ്പൂർ ഹജ്ജ് ഹൗസിലും പുതിയറ റീജിയണൽ ഓഫീസിലും ഹെൽപ് ഡെസ്‌കുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: തിരുവനന്തപുരം - മുഹമ്മദ് യൂസഫ് (9895648856), കൊല്ലം - ഇ.നിസാമുദ്ധീൻ ( 9496466649), പത്തനംതിട്ട - എം.നാസർ (9495661510), ആലപ്പുഴ - സി.എ.മുഹമ്മദ് ജിഫ്രി (9495188038), കോട്ടയം - പി.എ.ശിഹാബ് (9447548580), ഇടുക്കി -സി.എ.അബ്ദുൽ സലാം (9961013690), എറണാകുളം -ഇ.കെ. കുഞ്ഞുമുഹമ്മദ് (9048071116), പാലക്കാട് -കെ.പി.ജാഫർ (9400815202), മലപ്പുറം - യു.മുഹമ്മദ് റഊഫ് (9846738287), കോഴിക്കോട് - നൗഫൽ മങ്ങാട് (8606586268), വയനാട് - കെ.ജമാലുദ്ധീൻ (9961083361), കണ്ണൂർ - എം.ടി. നിസാർ (8281586137), കാസർകോഡ് - കെ.എ.മുഹമ്മദ് സലീം (9446736276).
കവർ നമ്പർ അനുവദിച്ചു തുടങ്ങി
ഹജ്ജ് കമ്മിറ്റി മുഖേന 2025 ഹജ്ജിന് അപേക്ഷ സമർപ്പിച്ചവരുടെ സൂക്ഷ്മ പരിശോധന ആരംഭിച്ചു. ഓൺലൈൻ അപേക്ഷകളുടെ സൂക്ഷ്മപരിശോധനാ ഉദ്ഘാടനം ചെയർമാൻ സി.മുഹമ്മദ് ഫൈസി നിർവ്വഹിച്ചു. സൂക്ഷ്മപരിശോധനയിൽ സ്വീകാര്യയോഗ്യമായ അപേക്ഷകൾക്കാണ് കവർ നമ്പറുകൾ അനുവദിക്കുക. അപേക്ഷ ആരംഭിച്ച ആദ്യ ദിവസങ്ങളിൽ സമർപ്പിച്ച അപേക്ഷകളാണ് ആദ്യം പരിശോധിക്കുക. കവർ നമ്പർ മുഖ്യ അപേക്ഷന് തുടർന്നുള്ള ദിവസങ്ങളിൽ എസ്.എം.എസ് ആയി ലഭിക്കും. കവർ നമ്പറിന് മുന്നിൽ 65ന് മുകളിലുള്ള വിഭാത്തിന് കെ.എൽ.ആർ എന്നും വിത്തൗട്ട് മെഹറത്തിന് കെ.എൽ.ഡബ്ള്യു.എം എന്നും ജനറൽ കാറ്റഗറിക്ക് കെ.എൽ.എഫ് എന്നുമാണുണ്ടാകുക.