മലപ്പുറം: വൈഗ മഹേഷ് എന്ന 12കാരി നീണ്ട ആറ് വർഷം കാത്തുസൂക്ഷിച്ച തന്റെ നീളൻ മുടി ഇന്നലെയാണ് മുറിച്ചത്. മുടി മുറിക്കുമ്പോൾ അവൾ പതിവിലും കൂടുതൽ ആഹ്ലാദത്തിലായി. കൂടെയുണ്ടായിരുന്ന പിതാവ് മഹേഷ് കൂട്ടിലങ്ങാടി അഭിമാനം കൊണ്ടു. ക്യാൻസർ രോഗികൾക്ക് ദാനം ചെയ്യാനാണ് ഈ കൊച്ചുമിടുക്കി അൽപ്പം പോലും വെട്ടിക്കളയാതെ ആറ് വർഷം മുടി വളർത്തിയത്.
അഞ്ചാം വയസിൽ ആശുപത്രിയിലെത്തിയപ്പോഴാണ് ക്യാൻസർ ബാധിച്ച് മുടി മുഴുവൻ കൊഴിഞ്ഞുപോയ ഒരു യുവതിയെ വൈഗ കണ്ടത്. അവർക്കെന്താണ് പറ്റിയതെന്ന വൈഗയുടെ ചോദ്യത്തിന് ക്യാൻസറാണെന്ന് പിതാവ് മറുപടി നൽകി. ക്യാൻസർ ബാധിച്ചവർക്കായി മുടി ദാനം ചെയ്യാൻ സാധിക്കുമെന്ന് അറിഞ്ഞതോടെ 'എനിക്കിനി മുടി മുറിക്കേണ്ട, മുടി വളർത്തി ക്യൻസർ രോഗികൾക്ക് കൊടുത്തോട്ടെ' എന്ന് മകൾ ചോദിച്ചപ്പോൾ രക്ഷിതാക്കളും പിന്തുണയുമായി കൂടെനിന്നു. 12 സെന്റീമീറ്റർ നീളത്തിൽ മുറിച്ച വൈഗയുടെ മുടി തൃശൂർ അമല ആശുപത്രിയിലേക്കാണ് കൊടുക്കുന്നത്. മലപ്പുറം സെന്റ് ജെമ്മാസിലെ ഏഴാംക്ലാസ് വിദ്യാർത്ഥിനിയാണ് വൈഗ. മലപ്പുറം മുൻ യൂത്ത് കോൺഗ്രസ് നേതാവാണ് പിതാവ് മഹേഷ്.