vvvvvvv
.

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽ പാഠമുൾക്കൊണ്ട് തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് മുന കൂട്ടാൻ ജില്ലാ സെൻട്രൽ എക്സിക്യൂട്ടീവ് ക്യാമ്പുമായി കോൺഗ്രസ്. ഇന്ന് പെരിന്തൽമണ്ണ ഇറാ നാച്ചുറൽ പാർക്കിൽ വെച്ച് നടക്കുന്ന ക്യാമ്പിൽ ജില്ലയിലെ കെ.പി.സി.സി ഭാരവാഹികൾ, മെമ്പർമാർ, ഡി.സി.സി ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ, മുൻ ബ്ലോക്ക് പ്രസിഡന്റുമാർ, മണ്ഡലം പ്രസിഡന്റുമാർ, പോഷക സംഘടന ജില്ലാ പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുക്കും. തദ്ദേശ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിനായി കെ.പി.സി.സിയുടെ നിർദ്ദേശപ്രകാരമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ജില്ലാതലത്തിലെ ക്യാമ്പിന് ശേഷം സെപ്തംബർ 10നുള്ളിൽ നിയോജക മണ്ഡലം ക്യാമ്പുകളും 20നുള്ളിൽ മണ്ഡലം ക്യാമ്പുകളും പൂർത്തിയാക്കും. സെപ്തംബർ 30ന് മുമ്പായി വാർഡ് കമ്മിറ്റികളുടെ രൂപീകരണം പൂർത്തീകരിക്കാനാണ് തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇതിന് മുമ്പ് കണ്ടിട്ടില്ലാത്ത വിപുലമായ മുന്നൊരുക്കമാണ് കോൺഗ്രസ് നടത്തുന്നത്. കഴിഞ്ഞ മാസം നടത്തേണ്ടിയിരുന്ന ക്യാമ്പ് പ്രളയത്തെ തുടർന്നാണ് മാറ്റിവച്ചത്.

വാർഡ് വിഭജനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇടപെടുന്നതിന് വേണ്ടി ജില്ലാ തലത്തിലും, തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിലും വിവിധ ഡീലിമിറ്റേഷൻ കമ്മിറ്റികൾക്ക് കോൺഗ്രസ് പാർട്ടി രൂപം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ 70 ശതമാനം പഞ്ചായത്തുകളിലും യു.ഡി.എഫിനെ അധികാരത്തിൽ എത്തിക്കുകയെന്ന ലക്ഷ്യമാണ് കെ.പി.സി.സി മുന്നിൽകാണുന്നത്. യു.ഡി.എഫിലെ പടലപ്പിണക്കങ്ങളാണ് മലപ്പുറത്ത് കോൺഗ്രസിന് വലിയ വെല്ലുവിളി ഉയർത്തുന്നത്. ലീഗിന് മുൻതൂക്കമുള്ള ഇടങ്ങളിൽ കൂടിയാലോചനയില്ലാതെ തീരുമാനങ്ങളെടുക്കുന്നതും മുന്നണി മര്യാദ പാലിക്കുന്നില്ലെന്നുമുള്ള വികാരം കോൺഗ്രസ് പ്രാദേശിക നേതാക്കൾക്കുണ്ട്. മുൻധാരണ പ്രകാരമുള്ള പദവി കൈമാറ്റങ്ങളിലെ തർക്കവും കല്ലുകടിയാണ്. യു.ഡി.എഫിലെ പടലപ്പിണക്കങ്ങളെ തുടർന്ന് രണ്ടാഴ്ച മുമ്പ് കാവന്നൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റിനെതിരെ സി.പി.എം കൊണ്ടുവന്ന അവിശ്വാസപ്രമേയം കോൺഗ്രസ് പിന്തുണച്ചതോടെ ലീഗിന് ഭരണം നഷ്ടമായിരുന്നു.

2025 മിഷൻ അവതരിപ്പിക്കും

രാവിലെ 10ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.എസ്. ജോയ് പതാക ഉയർത്തി ആരംഭിക്കുന്ന സെൻട്രൽ എക്സിക്യൂട്ടീവ് ക്യാമ്പ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി കെ.പി.സി.സി രൂപപ്പെടുത്തിയ മിഷൻ 2025 പ്രവർത്തനരേഖ ക്യാമ്പിൽ പ്രതിപക്ഷ നേതാവ് അവതരിപ്പിക്കും. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം എ.പി. അനിൽകുമാർ എം.എൽ.എ, ജില്ലയുടെ ചുമതലയുള്ള മുതിർന്ന നേതാവ് എം.കെ.രാഘവൻ, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് അഡ്വ ടി. സിദ്ധിഖ്, കെ.പി.സി.സി ഇൻചാർജ് അഡ്വ. പി.എ. സലിം തുടങ്ങിയ നേതാക്കന്മാർ പങ്കെടുക്കും.


പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ശാസ്ത്രീയമായ പ്രവർത്തന കലണ്ടർ തയ്യാറാക്കി മുന്നോട്ടു പോകുന്നതിന്റെ ഭാഗമായിട്ടാണ് ജില്ലാ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

അഡ്വ.വി.എസ്. ജോയ്,​ ഡി.സി.സി പ്രസിഡന്റ്