മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) നിർമ്മാണം ഇഴഞ്ഞ് നീങ്ങുന്നു. 19 മാസത്തിനുള്ളിൽ നിർമ്മാണ പ്രവൃത്തി പൂർത്തീകരിക്കാനാണ് ഹരിയാന ആസ്ഥാനമായുള്ള കമ്പനിക്ക് 322 കോടിയുടെ നിർമ്മാണ കരാർ നൽകിയിട്ടുള്ളത്. എന്നാൽ നാല് മാസം പിന്നിട്ടിട്ടും ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങൾ പൊളിക്കുന്ന പ്രവൃത്തി പോലും പൂർത്തിയായിട്ടില്ല. മരങ്ങൾ മുറിച്ചു മാറ്റാനുമുണ്ട്. ഈ പ്രവൃത്തികൾ മറ്റൊരു കമ്പനിക്ക് 15 ലക്ഷം രൂപയ്ക്ക് ഉപ കരാർ നൽകിയിരിക്കുകയാണ്. ആകെ 39 വീടുകളാണ് പൊളിച്ചുനീക്കാനുള്ളത്.
റെസ ദീർഘിപ്പിക്കുന്നതിന് റൺവേയുടെ രണ്ടറ്റങ്ങളിലും വശങ്ങൾ കെട്ടി ഉയർത്തണം. ഇതിനായി 30 ലക്ഷം ഘന മീറ്റർ മണ്ണ് വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. മണ്ണെടുക്കാനുള്ള അനുമതി അടുത്തിടെയാണ് ലഭിച്ചത്. റെസയുടെ നിർമ്മാണം പൂർത്തിയാവും മുറയ്ക്ക് വിമാനങ്ങളുടെ ലാന്റിംഗിന് സഹായിക്കുന്ന ഇൻസ്ട്രിമെന്റൽ ലാൻഡിംഗ് സിസ്റ്റം (ഐ.എൽ.എസ്) സ്ഥാപിക്കണം. റെസ വികസിപ്പിക്കാനായി ഭൂമിയേറ്റെടുത്ത് ഈ വർഷം ആദ്യത്തിൽ തന്നെ എയർപോർട്ട് അതോറിറ്റിക്ക് സംസ്ഥാന സർക്കാർ കൈമാറിയിരുന്നു. പള്ളിക്കൽ വില്ലേജിൽ നിന്ന് അഞ്ചര ഏക്കറും നെടിയിരുപ്പിൽ നിന്ന് ഏഴ് ഏക്കറോളവും അടക്കം 12.48 ഏക്കർ ഭൂമിയാണ് ഏറ്റെടുത്തിട്ടുള്ളത്.
റെസ ദീർഘിപ്പിക്കൽ അനിവാര്യം