കുറ്റിപ്പുറം: ചരിത്രപ്രസിദ്ധമായ തിരുനാവായയിൽ അധികൃതരുടെ അശ്രദ്ധമൂലം തകർച്ചനേരിടുന്നത് നിരവധി ചരിത്രസ്മാരകങ്ങൾ. സാമൂഹിക, സാംസ്‌കാരിക, ചരിത്ര മേഖലകളിൽ അതുല്യ സ്ഥാനമുള്ള തിരുന്നാവായയിൽ ചരിത്രപഠനത്തിനായി ജില്ലയ്ക്കകത്തും പുറത്തുംനിന്നുമായി നിരവധി പേരാണ് ചരിത്രം പഠിക്കാനും സ്മാരകങ്ങൾ സന്ദർശിക്കാനുമായി പലപ്പോഴും തിരുന്നാവായയിൽ എത്തുന്നത്. മാമാങ്ക സ്മാരകങ്ങളായ മണിക്കിണർ, നിലപാട് തറ, പഴുക്കാമണ്ഡപം, ചങ്ങമ്പള്ളി കളരി, മഹാശിലാകാല ശേഷിപ്പായ മരുന്നറ എന്നിവ ഇപ്പോൾ ടൂറിസം, പുരാവസ്തു വകുപ്പ് എന്നിവയുടെ സംരക്ഷണത്തിലാണ്. ഇവയെല്ലാം നിലവിൽ സംരക്ഷിച്ചുപോരുന്നുമുണ്ട്. എന്നാൽ മഹാശിലായുഗ ശേഷിപ്പായ എടക്കുളം കുന്നുമ്പുറത്തെ കുത്ത്കല്ല്, നൂറ്റാണ്ടുകളുടെ പഴക്കമുള്ള കൊടക്കലിലെയും ചേരൂലാലിലേയും രാങ്ങാട്ടൂരിലേയും ചെങ്കൽ അത്താണികൾ, ഒരേ സമയം നൂറിലേറെ സ്വാതന്ത്ര്യസമരനായകർ കാൽനടയായി സഞ്ചരിച്ച് ചരിത്രത്തിൽ ഇടം നേടിയ, ബ്രിട്ടിഷുകാർ നിർമ്മിച്ച എടക്കുളം ചീർപ്പുംകുണ്ട് ഇരുമ്പ്പാലം, ബന്ദർ കടവ് ശേഷിപ്പുകൾ എന്നിവ വേണ്ട സംരക്ഷണം ഇല്ലാതെ നശിക്കുകയാണ്. വർഷങ്ങൾക്ക് മുൻപ് വാഹനമിടിച്ച് തകർന്ന ചേരൂലാൽ ഭാഗത്തുള്ള അത്താണി ഇപ്പോൾ തകർച്ചയുടെ വക്കിലാണ്. കൊടയ്ക്കൽ അങ്ങാടിയിൽ ആൽമരച്ചുവട്ടിലുള്ള അത്താണി ചരക്കുകൾ ഇറക്കിവയ്ക്കാൻ മാത്രമുള്ളതായിരുന്നില്ല. ആൽമരച്ചുവട്ടിൽ കൂടുതൽ സമയം വിശ്രമിക്കാനും സാധിക്കുന്ന തരത്തിലായിരുന്നു ഈ അത്താണിയുടെ നിർമ്മാണം. മറ്റുള്ളതിനെ അപേക്ഷിച്ച് നീളമേറിയ അത്താണി കൂടിയാണ് കൊടക്കൽ അങ്ങാടിയിലെ അത്താണി.നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ദക്ഷിണേന്ത്യയിലെ പ്രധാന തുറമുഖമായിരുന്നു കൊടക്കല്ലിലെ ബന്ദർകടവ്. സാമൂതിരി തിരുന്നാവായയിലെ മാമാങ്കത്തിന്റെ നടത്തിപ്പ് അധികാരം ഏറ്റെടുക്കുന്നതോടെയാണ് ബന്തർകടവ് കൂടുതൽ പ്രശസ്തമാകുന്നത്. കുന്നുംമ്പുറത്തെ കുത്ത്കല്ല് ( മെൻഹർ) സമീപത്തുള്ള മറ്റ് കുത്ത്കല്ലിനേക്കാളും വലിപ്പം കൂടിയതാണ്. ഇത് നിലവിൽ റോഡ് വക്കിലായതിനാൽ കൂടുതൽ സംരക്ഷണം വേണ്ടുന്ന ഒന്നാണ്. ഗാന്ധിജിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യാൻ 1948ഫെബ്രുവരി 12ന് കൊണ്ട്‌പോയത് ചീർപ്പുംകുണ്ട് ഇരുമ്പ്പാലത്തിലൂടെയാണ്. ഇത്തരത്തിൽ നിരവധി ചരിത്രമുഹൂർത്തങ്ങൾക്കും ചരിത്രശേഷിപ്പുകൾക്കും പ്രാധാന്യമുള്ള തിരുന്നാവായയിലെ പല ഇടങ്ങളും വേണ്ട വിധത്തിൽ സംരക്ഷിക്കപ്പെടുന്നില്ലെന്നാണ് പ്രദേശവാസിയും ചരിത്രകാരനും അദ്ധ്യാപകനുമായ കരിമ്പനാക്കൽ സൽമാൻ പറയുന്നത്.