പെരിന്തൽമണ്ണ: കാറിൽ കടത്തിയ 13 കിലോ കഞ്ചാവുമായി നാലുപേർ പൊലീസിന്റെ പിടിയിൽ. ആലിപ്പറമ്പ് ബിടാത്തി സ്വദേശികളായ കുനിയങ്ങാട്ടിൽ മുഹമ്മദ് ഷാനിഫ് (38), ചോരാംപറ്റ മുഹമ്മദ് റാഷിദ് (31), മേലാറ്റൂർ ഏപ്പിക്കാട് സ്വദേശികളായ തോട്ടശ്ശേരി സയീദ് കോയ തങ്ങൾ (42), തയ്യിൽ മുഹമ്മദ് (38) എന്നിവരെയാണ് പെരിന്തൽമണ്ണ എസ്.ഐ.ഷിജോ.സി.തങ്കച്ചനും സംഘവും അറസ്റ്റ് ചെയ്തത്.
ജില്ലാ പോലീസ് മേധാവി എസ്.ശശിധരൻറെ നിർദ്ദേശപ്രകാരം പെരിന്തൽമണ്ണ പൊലീസ് ജില്ലാ അതിർത്തിയായ തൂത പാലത്തിനു സമീപം വച്ച് നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളിലൊളിപ്പിച്ച നിലയിൽ പന്ത്രണ്ട് പായ്ക്കറ്റുകളിലാക്കി കാറിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ കഞ്ചാവ് പിടികൂടിയത്. ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിൻ മാർഗവും ചരക്ക് ലോറികളിൽ ഒളിപ്പിച്ചും ജില്ലയിലേക്ക് കഞ്ചാവ് കടത്തുന്ന ലഹരിക്കടത്ത് സംഘങ്ങളെയും ഇടനിലക്കാരായി പ്രവർത്തിക്കുന്ന ഏജന്റുമാരെയും കുറിച്ച് വിവരം ലഭിച്ചിരുന്നു. ആലിപ്പറമ്പ്, ബിടാത്തി എന്നിവിടങ്ങളിലെ രഹസ്യ കേന്ദ്രങ്ങളിലെത്തിക്കുന്ന കഞ്ചാവ് രാത്രിയിൽ ചെറിയ പായ്ക്കറ്റുകളിലാക്കിയ ശേഷമാണ് ചെറുകിട വിൽപന നടത്തുന്നവർക്ക് പ്രതികൾ കഞ്ചാവ് കൈമാറുന്നതെന്ന് പൊലീസ് അറിയിച്ചു.