എടക്കര: നാടുകാണി ചുരത്തിൽ ചത്ത കന്നുകാലികളുടെ ജഡം തള്ളിയ നിലയിൽ കണ്ടെത്തി. വഴിക്കടവ് ആനമറി നാടുകാണി ചുരത്തിൽ ഒന്നാം വളവിന് താഴെയാണ് രണ്ട് ചത്തപോത്തുകളെ തള്ളിയ നിലയിൽ കണ്ടെത്തിയത്. എടക്കര കാലിചന്തയിൽ കാലികളെ ഇറക്കി പോവുന്ന കാലികയറ്റുന്ന ലോറിയിൽ നിന്നാണ് ചുരത്തിൽ ചത്ത പോത്തുകളെ തള്ളിയതെന്ന് പ്രദേശ വാസികൾ പറയുന്നു. നാടുകാണി ചുരത്തിലൂടെ മഴ സമയത്ത് ചെറിയ ചോലകൾ ഒഴുകുന്ന സ്ഥലമാണിത്. ചോല വെള്ളം ഒഴുകുന്ന സ്ഥലത്ത് മൂന്ന് ജലനിധി പദ്ധതികളുമുണ്ട്. ആനമറി പ്രദേശവാസികളും ചുരത്തിലെ യാത്രക്കാരും അസഹ്യമായ ദുർഗന്ധം കാരണം പരിശോധിച്ചപ്പോഴാണ് മൂന്ന് ദിവസം പഴക്കമുള്ള രണ്ട് പോത്തുകളെ ചത്ത് അഴുകാൻ തുടങ്ങിയ നിലയിൽ കണ്ടത്. കഴിഞ്ഞ മാസമാണ് നാടുകാണി ചുരത്തിൽ മാലിന്യ ചെക്ക് പോസ്റ്റ് സ്ഥാപിച്ചത്. വഴിക്കടവ് പഞ്ചായത്തിനാണ് മേൽനോട്ട ചുമതല നൽകിയത്. ചെക്ക് പോസ്റ്റ് കടന്നാണ് വാഹനത്തിൽ എത്തിച്ച രണ്ട് ചത്ത പോത്തുകളെ ചുരത്തിൽ തള്ളിയത്. ചുരത്തിൽ മുപ്പത് അടി താഴ്ചയിലാണ് തൊട്ടടുത്തായി രണ്ട് പോത്തുകളെ കണ്ടത്. ചെക്ക് പോസ്റ്റിലെ ക്യാമറകൾ പരിശോധിച്ച് കർശന നടപടി സ്വീകരിക്കുമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.