ആരോഗ്യകരമായ ജീവിതത്തിന് പോഷകാഹാരത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. എന്നാൽ ഇന്ന് കുട്ടികൾ മുതൽ പൗരന്മാർ വരെയുള്ളവർക്ക് ലഭിക്കാത്തതും ഇതേ പോഷകാഹാരമാണ്. ഇതിന്റെ പ്രാധാന്യം മുൻനിറുത്തി 1982 മുതൽ എല്ലാ വർഷവും സെപ്തംബർ ഒന്ന് മുതൽ ഏഴു വരെ ഇന്ത്യയിൽ ദേശീയ പോഷകാഹാര വാരം ആചരിക്കുന്നുണ്ട്. ലോകത്ത് ദാരിദ്ര്യവും പട്ടിണി മരണങ്ങളും ക്രമാതീതമായി വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പോഷകാഹാര വാരത്തിന്റെ പ്രാധാന്യവും വളരെ വലുതാണ്. ഇന്ത്യൻ ഗവൺമെന്റിന്റെ വനിതാ ശിശു വികസന മന്ത്രാലയത്തിന് കീഴിലുള്ള ഫുഡ് ആന്റ് ന്യൂട്രീഷ്യൻ ബോർഡ് ആരംഭിച്ച വാർഷിക പരിപാടിയാണിത്. ആരോഗ്യകരമായ ജീവിതത്തെക്കുറിച്ചും പോഷകാഹാരത്തെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൊവിഡ് മഹാമാരിയും യുദ്ധങ്ങളും സൃഷ്ടിച്ച പ്രതിസന്ധികളും സാമ്പത്തിക മാന്ദ്യവും ഇതിന് പ്രധാന കാരണങ്ങളായി മാറി. ലോകാരോഗ്യ സംഘടനയുടെയും യൂണിസെഫിന്റെയും(യുണൈറ്റഡ് നേഷൻസ് ചിൽഡ്രൺസ് ഫണ്ട്) റിപ്പോർട്ടുകൾ പ്രകാരം ലോകത്ത് 42.1 ശതമാനം പേർക്കും ശരിയായ പോഷകാഹാരം ലഭിക്കുന്നില്ല. ഇന്ത്യയിൽ ഇത് 74.1 ശതമാനമാണ്. നാലിൽ മൂന്ന് ഇന്ത്യക്കാരനും പോഷകാഹാരമുള്ള ഭക്ഷണം ലഭിക്കുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രാജ്യം അഭിമുഖീകരിക്കുന്ന വലിയ പ്രശ്നങ്ങളിലൊന്നായി പോഷകാഹാരക്കുറവ് മാറിയിരിക്കുന്നു. 2030ഓടെ ആഗോളതലത്തിൽ പോഷകാഹാരക്കുറവിന് പരിഹാരം കണ്ടെത്താനാണ് ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത്.
കണക്കുകളിൽ
മുന്നിൽ
പോഷകാഹാരക്കുറവ്, കുട്ടികളിലെ വളർച്ചാ മുരടിപ്പ്, ഭാരക്കുറവ്, ശിശുമരണ നിരക്ക് എന്നീ നാല് ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കുന്ന ആഗോള പട്ടിണി സൂചികയിൽ 2011 ൽ 107ാം സ്ഥാനത്തായിരുന്ന ഇന്ത്യ. എന്നാൽ 2020 ൽ 94ാം സ്ഥാനത്തേക്ക് എത്തി. 15 നും 24 നും ഇടയിലുള്ള പെൺകുട്ടികളിൽ ശരിയായ പോഷണം ലഭിക്കാതെ രാജ്യത്തുള്ളത് 58.1 ശതമാനം കുട്ടികളാണെന്നും സൂചിക വ്യക്തമാക്കുന്നു. ശിശുക്കളുടെ പോഷകാഹാരക്കുറവ് 18.7 ശതമാനത്തോടെ ഏറ്റവും മുന്നിലുള്ളതും ഇന്ത്യയാണ്. അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക് 3.1 ശതമാനവും 15 നും 24 നുമിടയിൽ പ്രായമുള്ളവരുടെ വിളർച്ചാ വ്യാപനം 58.1 ശതമാനവുമാണ്. ലോകത്തുള്ള പോഷകാഹാരക്കുറവുള്ളവരുടെ എണ്ണം 572 ദശലക്ഷത്തിൽ നിന്നും 735 ദശലക്ഷമായി ഉയർന്നിട്ടുണ്ട്. 18.7 ശതമാനം തൂക്കക്കുറവുള്ള കുട്ടികളാണ് ഇന്ത്യയിലുള്ളത്. ഇതോടെ ലോകത്തെ ഏറ്റവും തൂക്കക്കുറവുള്ള കുട്ടികളുള്ള രാജ്യം ഇന്ത്യയായി. അഫ്ഗാനിസ്ഥാൻ മാത്രമാണ് ദക്ഷിണേന്ത്യയിൽ ഇന്ത്യയ്ക്ക് പിന്നിലായുള്ളത്.
2022ൽ കുട്ടികളുടെ ഭാരക്കുറവിൽ ലോകത്ത് മുന്നിലുണ്ടായിരുന്നത് ഇന്ത്യയായിരുന്നു. ഇത് 19.3 ശതമാനമായിരുന്നു. 2014ന് ശേഷമാണ് ഇന്ത്യയുടെ വിശപ്പ് സൂചികയിൽ വലിയ വർദ്ധനവ് പ്രകടമായത്. 2018-2020 കാലയളവിൽ 14.6 ശതമാനമായിരുന്നിടത്ത് 2019-2021 ൽ 16.3 ശതമാനമായി ഉയർന്നിരുന്നു. ആഗോള വിശപ്പ് സൂചികയിൽ ഇന്ത്യ ഗൗരവതരമായ പട്ടിണി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിലാണ്. 2014ൽ 19.1 ശതമാനമായിരുന്നു വിശപ്പ് സൂചിക. വർഷങ്ങൾ പിന്നിടുമ്പോൾ വലിയ വർദ്ധനവ് റിപ്പോർട്ട് ചെയ്യപ്പെടുന്നത് ആശങ്കാജനകമാണ്.
ഇന്ത്യയിലെ ഗ്രാമങ്ങളിലേയും നഗരങ്ങളിലേയും പകുതിയിലധികം പേരും മികച്ച ഭക്ഷണം കിട്ടാത്തവരാണെന്ന് സൂചിക വ്യക്തമാക്കുന്നു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിൽ ലോകരാജ്യങ്ങൾ എങ്ങനെ മുന്നേറുന്നുവെന്ന് നിരീക്ഷിക്കുന്നത് ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്നത് പ്രധാനമാണ്. 2014 ന് ശേഷമാണ് ഇന്ത്യയുടെ വിശപ്പ് സൂചികയിൽ സ്ഥിരമായ വർദ്ധനവ് പ്രകടമായത്.
അമിതഭാരവും പൊണ്ണത്തടിയും
അമിതഭാരവും പൊണ്ണത്തടിയും പോഷകാഹാരക്കുറവിന്റെ മറ്റൊരു രൂപമാണ്. ഇത് കുട്ടികൾ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും ഗുണനിലവാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആഗോള വെല്ലുവിളികളും കുടുംബങ്ങളുടെ വരുമാനവും തകരുന്നതിനാൽ പലരും വിലകുറഞ്ഞതും മുൻകൂട്ടി പാക്കേജ് ചെയ്തതും സംസ്‌കരിച്ചതുമായ ഭക്ഷണങ്ങളെ കൂടുതലായി ആശ്രയിക്കുന്നു. ഇവയിൽ കുട്ടികൾക്ക് ആവശ്യമായ പോഷകങ്ങൾ അടങ്ങിയിട്ടില്ലാത്തതിനാൽ പലപ്പോഴും ഇത് അമിതഭാരത്തിനും അമിതവണ്ണത്തിനും കാരണമാകും. ചെറുപ്പത്തിലെ അമിതഭാരം, പിൽക്കാല ജീവിതത്തിൽ പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ സാംക്രമികേതര, ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു. ഗർഭാവസ്ഥയിൽ ഒരു അമ്മയ്ക്ക് പോഷകാഹാരക്കുറവ് ഉണ്ടാകുമ്പോൾ, പോഷകാഹാരക്കുറവുള്ള ഒരു കുട്ടിക്ക് ജന്മം നൽകാനുള്ള സാധ്യത കൂടുതലാണ്.
മറികടക്കൽ
അനിവാര്യം
രാജ്യത്തുണ്ടാകുന്ന വ്യാപകമായ പോഷകാഹാരക്കുറവും പട്ടിണിയും ഗൗരവകരമാണ്. രാജ്യത്തിന്റെ വികസനത്തിൽ പൗരന്മാരുടെയും കുട്ടികളുടെയും പോഷകാഹാര നിലവാരം മെച്ചപ്പെടുത്തേണ്ടതും അത്യന്താപേക്ഷിതമാണ്. വൈറ്റമിൻ കുറവുകൾ, ധാതുക്കളുടെ കുറവുകൾ, കുറഞ്ഞ പ്രോട്ടീൻ ഭക്ഷണങ്ങൾ, കൊഴുപ്പ് അടങ്ങിയ ഭക്ഷണം എന്നിവയെല്ലാം കുട്ടികളിലെ മോശം പോഷകാഹാര പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇത്തരം പ്രശ്നങ്ങളിലൂടെ മരണപ്പെടുന്ന കുട്ടികളുടെ എണ്ണവും കൂടുതലാണ്. ഈ വലിയ പ്രതിസന്ധിയെ മറികടക്കാൻ കൂട്ടായ പരിശ്രമം അനിവാര്യമാണ്.
ഇന്ത്യയെന്ന മഹാരാജ്യമെന്ന് ഉദ്‌ഘോഷിക്കുമ്പോൾ അവിടെയുള്ള ജനങ്ങളുടെ അവസ്ഥയും ചുറ്റുപാടും സ്ഥിതി വിശേഷങ്ങളും മാറിമാറി വരുന്ന സർക്കാരുകൾ അറിയേണ്ടതും അനിവാര്യമാണ്. പുരോഗതിയുടെ പടവുകൾ ഒന്നൊന്നായി കുതിക്കുമ്പോൾ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നുണ്ടോ എന്ന് ഭരണാധികാരികൾ മനസിലാക്കണം. വികസനം തുടങ്ങേണ്ടത് അടിത്തട്ടിൽ നിന്നാണെന്ന വസ്തുത മനസിലുണ്ടാവണം. ഇന്ത്യയിൽ പട്ടിണിക്കെതിരായ പോരാട്ടം വിജയിക്കാനും പോഷകാഹാര സൂചികയുടെ അടുത്ത പട്ടിക പുറത്തിറങ്ങുമ്പോൾ നിലമെച്ചപ്പെടുത്താനുമുള്ള നടപടികളും കേന്ദ്രലതലത്തിൽ കൈകൊള്ളേണ്ടിയിരിക്കുന്നു.