ffffff

മലപ്പുറം: ജില്ലയിലെ 51 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2024-25 വാർഷിക പദ്ധതികൾക്ക് കൂടി ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. ഇതോടെ ജില്ലയിലെ 111 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പരിഷ്‌കരിച്ച വാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി ഇതിനകം അംഗീകാരം നൽകി. 2024-25 സാമ്പത്തിക വർഷത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഫണ്ട് വിനിയോഗവും ജില്ലാ ആസൂത്രണ സമിതി യോഗം വിലയിരുത്തി. 17.01 ശതമാനം ചെലവഴിച്ച് മലപ്പുറം ജില്ല സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനത്താണ്. നടപ്പു വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ പദ്ധതികൾ എത്രയും പെട്ടെന്ന് നിർവഹണം നടത്തുന്നതിനു ജില്ലാ ആസൂത്രണ സമിതി യോഗം എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകി. ഡി.പി.സി ചെയർപേഴ്സണും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ എം.കെ. റഫീഖ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്ലാനിങ് ഓഫീസർ എ.ഡി ജോസഫ്, ജില്ലാ ആസൂത്രണ സമിതി അംഗങ്ങൾ, ജില്ലാതല ഉദ്യോഗസ്ഥർ, തദ്ദേശ ഭരണ സ്ഥാപന അദ്ധ്യക്ഷന്മാർ, സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.