കൊല്ലങ്കോട്: വടവന്നൂർ-കൊല്ലങ്കോട് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ഗായത്രി പുഴയ്ക്ക് കുറുകെയുള്ള ആലമ്പള്ളം ചപ്പാത്ത് വീണ്ടും തകർന്നതോടെ ദുരിതത്തിലായി പ്രദേശവാസികൾ. കഴിഞ്ഞ രണ്ട് പ്രളയത്തിലും തകർന്നടിഞ്ഞ പാലം കരിങ്കല്ലും ക്വാറിവേസ്റ്റും നിറച്ചാണ് താല്കാലികമായി ചെറു വാഹനങ്ങൾ കടന്നു പോകാൻ പാകത്തിൽ കഴിഞ്ഞ കാലങ്ങളിൽ സൗകര്യമൊരുക്കിയത്. പാലം പുനർനിർമ്മിക്കുന്നതിനായി ബഡ്ജറ്റിൽ വകയിരുത്തി, റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി പ്രാഥമിക പരിശോധനകൾ നടത്തിയെങ്കിലും തുടർ നടപടികൾ എങ്ങുമെത്തിയില്ല. പാലം പൂർത്തിയായാൽ കോവിലകം മൊക്കിൽ നിന്നും കൊല്ലങ്കോട് ചുറ്റാതെ ഊട്ടറയിൽ എത്തിച്ചേരാൻ 1.800 കിലോമീറ്റർ സഞ്ചരിച്ചാൽ മതിയാകും. കൈവരികൾ ഇല്ലാതെ തകർന്ന പാലത്തിലൂടെ കാൽനടയാത്രക്കാർ കടന്നു പോകുമ്പോൾ ഗായത്രി പുഴയിലെ ശക്തമായ ഒഴുക്ക് അപകടത്തിനിടയാക്കും. ഇത്തവണയും കരിങ്കല്ലും പാറപ്പൊടിയും വേസ്റ്റുമിട്ട് താല്ക്കാലിക ഗതാഗത സൗകര്യം ഒരുക്കുക മാത്രമാണ് ഭരണാധികാരികളുടെയും ജനപ്രതിധി നിധികളുടേയും താല്പര്യം.
മൂന്ന് തവണ പുനർനിർമ്മിച്ചു
1964ൽ പണി പൂർത്തീകരിച്ച പാലം ഇതിനകം മൂന്ന് തവണ പുനർനിർമ്മിച്ചിട്ടുണ്ട്. 1978 തെന്മലയിലെ ഉരുൾപൊട്ടലാണ് കൊല്ലങ്കോട് മേഖലയാകെ വെള്ളപ്പൊക്കവും അനവധി നാശനഷ്ടങ്ങളും ജീവഹാനിയും ഉണ്ടായത്. കഴിഞ്ഞ രണ്ട് പ്രളയ കാലഘട്ടങ്ങളിൽ കനത്ത മഴയ്ക്കു പുറമെ മീങ്കര, ചുള്ളിയാർ ഡാമുകൾ ഒരുമിച്ച് തുറന്നതും ശക്തമായ ഒഴുക്കിൽ ആലമ്പള്ളം ചപ്പാത്ത്പാലം തകരാൻ കരാണമായത്.
നിരവധി പ്രതിഷേധ സമരങ്ങളുമായി നാട്ടുകാർ രംഗത്തിറങ്ങിയ സമയത്തു മാത്രമാണ് താല്ക്കാലിക പണികൾ നടത്തി പാലത്തിലൂടെ ഗതാഗത സൗകര്യം ഉണ്ടാക്കുന്നത്. പാലം പുനർനിർമ്മിക്കുന്നത് വരെ താല്ക്കാലികമായി കൈവരികൾ സ്ഥാപിക്കണം. അപകടങ്ങൾ ഒഴിവാക്കണം.
മഹേഷ്, പൊതുപ്രവർത്തകൻ, ആലമ്പള്ളം
കൊല്ലങ്കോട്-വടവന്നൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും കൊല്ലങ്കോട് ടൗണിലെ ഗതാഗതക്കുരുക്കിൽ പെടാതെ ഊട്ടറയിൽ എത്തിച്ചേരാൻ കഴിയുന്നതുമായ ബൈപ്പാസ് റോഡിലെ പാലമാണ് തകർന്നിരിക്കുന്നത്. ഇരുകരകളിലുമുള്ള വാഹനങ്ങൾക്ക് ഇനി കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ടി വരും.
മനോജ് കുമാർ, ഓട്ടോ ഡ്രൈവർ