മലമ്പുഴ: വൃഷ്ടിപ്രദേശത്ത് കനത്ത മഴ ലഭിച്ചതോടെ മലമ്പുഴ ഡാമിലെ ജലനിരപ്പ് ഉയർന്നു. ഇന്നലെ ഉച്ചക്ക് 2 മണിക്ക് ജലനിരപ്പ് 112.33 മീറ്ററായി. റൂൾ കർവ് അനുസരിച്ചുള്ള ജലനിരപ്പ് 112.99 മീറ്ററാണ്. വൃഷ്ടിപ്രദേശത്തെ മഴയുടെ അളവ് 38.4 മില്ലിമീറ്ററാണ്. ഇതേ നില തുടരുകയാണെങ്കിൽ രണ്ടു മൂന്നു ദിവസങ്ങൾക്കകം റൂൾ കർവ് അനുസരിച്ചുള്ള ജലനിരപ്പ് എത്താൻ സാധ്യതയുണ്ട്. മേൽ സാഹചര്യത്തിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ വരും ദിവസങ്ങളിൽ തുറക്കേണ്ടി വരും. അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നാൽ വെള്ളം കൽപ്പാത്തിപ്പുഴ വഴി ഭാരതപ്പുഴയിൽ എത്തിച്ചേരും. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.