justin
നെല്ലിച്ചോട്ടിലെ വീട്ടിലെത്തിച്ച ജസ്റ്റിന്റെ മൃതദേഹത്തിനരികെ അമ്മ ഷീജ

നെന്മാറ: വയനാട് മുണ്ടക്കൈയിലെ ബന്ധുവീട്ടിൽ പോയി ഉരുൾപൊട്ടലിൽപ്പെട്ട് മരിച്ച നെന്മാറ പോത്തുണ്ടി സ്വദേശി ജസ്റ്റിൻ തോമസിന്റെ മൃതദേഹം ഇന്നലെ നാട്ടിലെത്തിച്ചു സംസ്കരിച്ചു. ദുരന്തത്തിൽ കാണാതായ നെല്ലിച്ചോട് സെബാസ്റ്റ്യന്റെ മകൻ ജസ്റ്റിൻ തോമസിന്റെ(26) മൃതദേഹം പിതാവ് സെബാസ്റ്റ്യൻ ഇന്നലെ രാവിലെ മേപ്പാടി ആശുപത്രിയിലെത്തിയാണ് തിരിച്ചറിഞ്ഞത്. പോസ്റ്റ് മോർട്ടത്തിനു ശേഷം ഇന്നലെ രാത്രി 7.30ന് പോത്തുണ്ടിയിലെത്തിച്ച മൃതദേഹം വീട്ടിലെ ചടങ്ങുകൾക്കു ശേഷം രാത്രി അകംപാടം ഗുഡ്‌ഷെപേർഡ് പള്ളിയിൽ സംസ്കരിച്ചു. ഷീജയാണ് ജസ്റ്റിന്റെ മാതാവ്. സഹോദരി: ഷിജിമോൾ.

ഷീജയുടെ സഹോദരി ഷീബയുടെ മുണ്ടക്കൈയിലെ വീട്ടിൽ വിരുന്ന് പോയതായിരുന്നു ജസ്റ്റിൻ. ദുരന്തമുണ്ടായ തിങ്കളാഴ്ച രാത്രി 12 മണിവരെ ജസ്റ്റിനുമായി ഷീജ സംസാരിച്ചിരുന്നു. മുണ്ടക്കൈ എൽ.പി സ്‌കൂളിന്റെ സമീപത്തായിരുന്നു ബന്ധുവിന്റെ വീട്. ജസ്റ്റിൻ ഉൾപ്പെടെ ഈ വീട്ടിലെ അഞ്ചുപേരെ ദുരന്തത്തിൽ കാണാതായിരുന്നു. ഇതിൽ ജസ്റ്റിൻ, ഷീബ, ഷീബയുടെ മകൻ ഷിജിൻ എന്നിവരുടെ മൃതദേഹം കണ്ടെത്തി. കോയമ്പത്തൂരിൽ മെക്കാനിക് വിദ്യാർത്ഥിയാണ് ജസ്റ്റിൻ.