പാലക്കാട്: സംസ്ഥാനത്തിന് ആവശ്യമായ നെൽവിത്ത് ഉത്പാദിപ്പിക്കുന്ന കർഷകരെ പ്രതിസന്ധിയിലാക്കി വിത്ത് വികസന അതോറിറ്റി. ജനുവരി -ഫെബ്രുവരി മാസങ്ങളിൽ രണ്ടാംവിള വിളയെടുത്തതിൽ നിന്ന് തയ്യാറാക്കിയ 150 ടണ്ണിലേറെ നെൽവിത്ത് നാലുമാസം പിന്നിട്ടിട്ടും സംഭരിക്കാത്തതിൽ കർഷകർക്കിടയിൽ പ്രതിഷേധം വ്യാപകം. കുഴൽമന്ദം, കൊല്ലങ്കോട് മേഖലയിലെ കർഷകർ ഉത്പാദിപ്പിച്ച വിത്തിന്റെ സംഭരണമാണ് നീണ്ടുനിണ്ടുപോകുന്നത്. വീടുകളിലും കളങ്ങളിലും സൂക്ഷിച്ചിരിക്കുന്ന വിത്ത് സംഭരിക്കുന്നത് ഇനിയും വൈകിപ്പിച്ചാൽ ഈർപ്പം തട്ടി ഗുണനിലവാരം കുറയാനുള്ള സാധ്യതയുണ്ടെന്ന് കർഷകർ അധികൃതരെ അറിയിച്ചു. വിത്ത് കർഷകരിൽനിന്ന് സംഭരിച്ച് എരുത്തേമ്പതിയിലെ സംഭരണശാലയിലെത്തിക്കാൻ നിയോഗിച്ച കരാറുകാരനുണ്ടായ തടസമാണ് സംഭരണം വൈകിപ്പിച്ചതെന്ന് വിത്ത് അതോറിറ്റി അധികൃതർ പറയുന്നു. വിത്ത് വികസന അതോറിറ്റിയുടെ ഒഴിവുള്ള ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിൽ നിയമനമായതോടെ കർഷകർക്ക് തുക ലഭിക്കുന്നതിന് കാലതാമസമുണ്ടാവില്ല് അധികൃതർ പറഞ്ഞു. സീഡ് അതോറിറ്റി നെൽവിത്ത് സംസ്കരിച്ചതിനുശേഷമേ കർഷകർക്ക് നെൽവിത്തിന്റെ വില അനുവദിക്കുകയുള്ളൂ.
നെൽവിത്തിന്റെ 90 ശതമാനവും പാലക്കാട്ടുനിന്ന്
സംസ്ഥാനത്താവശ്യമായ നെൽവിത്തിന്റെ 90 ശതമാനവും പാലക്കാട്ടുനിന്നാണ് ഉത്പാദിപ്പിക്കുന്നത്. കർഷകരിൽ നിന്ന് സംഭരിക്കുന്ന വിത്ത് എരുത്തേമ്പതിയിലെ കൃഷിവകുപ്പ് പ്ലാന്റിൽ സംസ്‌കരിച്ച ശേഷമാണ് ഇതര ജില്ലകളിലെ കൃഷിഭവനുകളിലെത്തിക്കുന്നത്. കഴിഞ്ഞയാഴ്ച എരുത്തേമ്പതിയിൽ സംസ്‌കരിച്ച വിത്ത് തൃശൂരിലെത്തുമ്പോഴേക്കും നനഞ്ഞ് കേടുവന്നതായി ആരോപണമുണ്ട്. സീഡ് അതോറിറ്റി വിത്ത് കൊണ്ടുപോയി സംസ്‌കരിച്ചശേഷമേ കർഷകർക്ക് മുഴുവൻ തുകയും അനുവദിക്കൂ. എരുത്തേമ്പതിയിലെ പ്ലാന്റിൽ പ്രതിദിനം ശരാശരി 15 ടൺ മാത്രമേ സംസ്‌കരിക്കാൻ കഴിയുന്നുള്ളൂ. ഇത് പ്രതിദിനം രണ്ടു ഷിഫ്റ്റാക്കി ഉയർത്തണമെന്ന കർഷകരുടെ ആവശ്യവും അതോറിറ്റി നിരാകരിക്കുകയാണ്.
വിത്തിന്റെ കാലാവധി അവസാനിക്കാറായി
വിത്തിന്റെ കാലാവധി എട്ടു മാസമാണ്. കാലാവധി അവസാനിക്കാറായിട്ടും കർഷകരുടെ പക്കൽ വിത്ത് കെട്ടിക്കിടക്കുകയാണ്. ഒരു മാസംകൂടി കഴിഞ്ഞാൽ ഒന്നാംവിള പാകമാകും. അതിനുമുമ്പ് വിത്ത് കൊണ്ടുപോകാതിരുന്നാൽ പുതിയ നെല്ല് സൂക്ഷിക്കാനിടമില്ലെന്നതും ആശങ്കയുണ്ടാക്കുന്നു. കൊയ്തെടുത്ത വിത്ത് 40 ദിവസത്തിനുള്ളിൽ കർഷകരിൽനിന്ന് സംഭരിക്കണമെന്നാണ് വ്യവസ്ഥ. സമയത്തിന് വിത്ത് ശേഖരിക്കാതെയും പണം അനുവദിക്കാതെയും നെൽവിത്ത് കർഷകരെ നിരാശരാക്കി ഇതരസംസ്ഥാന ലോബിയിൽനിന്ന് വിത്ത് വാങ്ങി വിതരണം ചെയ്ത് അഴിമതിക്കു കൂട്ടുനിൽക്കുകയാണ് സീഡ് അതോറിറ്റിയെന്ന് കർഷകർ ആരോപിക്കുന്നു.
വിത്ത് സംഭരിക്കുമെന്ന്
തൃശൂരിലെ സംസ്ഥാന വിത്ത് വികസന അതോറിറ്റി ഓഫീസിലെത്തി കരാറുകാരനുമായി അധികൃതർ ചർച്ച നടത്തി. ഇന്നലെ കുഴൽമന്ദം മേഖലയിലെ വിത്ത് സംഭരണത്തിന് അഞ്ച് ലോറികൾ എത്തിക്കാൻ ധാരണയായി. വാഹനത്തിൽ ലോഡ് കയറ്റുന്നതിന് കർഷകർ സൗകര്യമേർപ്പെടുത്തും. ലോറി എത്തിക്കുന്നതിൽ വീഴ്ചയുണ്ടായാൽ കർഷകർക്ക് നേരിട്ട് ലോറിയിൽ വിത്ത് എരുത്തേമ്പതിയിലെ പ്ലാന്റിൽ എത്തിക്കാമെന്നും അധികൃതർ പറഞ്ഞു.