പട്ടാമ്പി: മഴക്കാലം ശക്തി പ്രാപിച്ചതോടുകൂടി തൃത്താല കുമ്പിടി റോഡിലെ കൂമന്തോട് പാലത്തിന്റെ സമീപമുള്ള റോഡിന് ബലക്ഷയം സംഭവിക്കാൻ സാധ്യതയുള്ളതിനാൽ ഈ റോഡിലൂടെ ബസുകൾ ഒഴികെയുള്ള ഭാരവാഹനങ്ങളുടെ ഗതാഗതം ഓഗസ്റ്റ് 15 വരെ പൂർണമായും നിരോധിച്ചു. തൃത്താല ഭാഗത്ത് നിന്ന് കുമ്പിടി ഭാഗത്തേക്ക് പോകുന്ന ഭാരവാഹനങ്ങൾ, തൃത്താല കുമ്പിടി തിരിവ് ജംഗ്ഷനിൽ നിന്ന് എടപ്പാൾ ദിശയിൽ പോകുകയും, നീലിയാട് സെന്ററിൽ നിന്ന് വലതുതിരിഞ്ഞ് കുമ്പിടിയിൽ എത്തേണ്ടതാണ്. കുമ്പിടിയിൽ നിന്ന് തൃത്താല ഭാഗത്തേക്ക് പോകുന്ന ഭാരവാഹനങ്ങളും ഇതേ പാതയിലൂടെ തന്നെ തിരിച്ചും പോകേണ്ടതാണ്.
റോഡിനായി ഇതിനോടകം 2.48 കോടി രൂപയുടെ റീ ടാറിംഗ് പദ്ധതി ടെണ്ടർ ആയിട്ടുണ്ട്. കൂമന്തോട് സൈഡ് ഭിത്തി സംരക്ഷണത്തിനായി 1.25 കോടി രൂപ കിഫ്ബി അനുവദിക്കുകയും ഇത് സംബന്ധിച്ച് ടെണ്ടർ ചെയ്യാനുള്ള നടപടികൾ തുടങ്ങിയതായും അറിയിപ്പുണ്ട്.