പാലക്കാട്: ഒരാഴ്ചയായി പെയ്ത ശക്തമായ മഴയിൽ പാലക്കാട് ജില്ലയിൽ വ്യാപക നാശനഷ്ടം. കെ.എസ്.ഇ.ബിക്ക് മാത്രം 18.90 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പാലക്കാട്, ഷൊർണൂർ ഇലക്ട്രിക് സർക്കിളുകളിലായി 310 വൈദ്യുതി പോസ്റ്റുകൾ തകർന്നു. 13 ട്രാൻസ്പോർമറുകൾ നശിച്ചു. 279 സ്ഥലത്ത് വൈദ്യുതി ലൈനുകൾ പൊട്ടിവീണു. ജൂലായ് 29ന് പെയ്ത ശക്തമായ മഴയിലാണ് കൂടുതൽ നാശനഷ്ടം ഉണ്ടായത്. അന്നു മാത്രം 9.80 കോടിയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്.

 വൈദ്യുതി പുനഃസ്ഥാപനം അതിവേഗത്തിൽ

കനത്ത മഴയിലും കാറ്റിലും താറുമാറായ വൈദ്യുതിവിതരണം അതിവേഗം പുനഃസ്ഥാപിക്കുകയാണ് ജില്ലയിലെ കെ.എസ്.ഇ.ബി ജീവനക്കാർ. ലൈനുകളിൽ മരം പൊട്ടിവീണും മറ്റും വൈദ്യുതി മുടങ്ങിയ വീടുകളിലും കെട്ടിടങ്ങളിലും കെ.എസ്.ഇ.ബി ജീവനക്കാരെത്തി മണിക്കൂറുകൾക്കുള്ളിൽ പ്രശ്നം പരിഹരിച്ചു. ഒരു ഡിവിഷനിൽ മതിയായ ആളില്ലെങ്കിൽ മറ്റ് ഡിവിഷനുകളിൽനിന്ന് എത്തിച്ചായിരുന്നു പ്രവർത്തനം. അപകടങ്ങൾ ഇല്ലാതാക്കി എത്രയും വേഗം വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുന്നതിനായിരുന്നു മുൻഗണന. വലിയ മരങ്ങൾ കടപുഴകിയാണ് പലയിടത്തും വൈദ്യുതി ലൈനുകൾ തകർന്നത്. മഴയിൽ ആലത്തൂർ, കിഴക്കഞ്ചേരി പരിധിയിൽ മൂന്നിടത്തായി ട്രാൻസ്‌ഫോർമറുകൾ തകർന്നു. മഴക്കാലത്തിന് മുമ്പായി വൈദ്യുതി ലൈനിലേക്കുള്ള മരച്ചില്ലകൾ വെട്ടുന്ന ജോലി പൂർത്തീകരിച്ചതിനാൽ നഷ്ടത്തിന്റെ വ്യാപ്തി കുറയ്ക്കാനായി.