പാലക്കാട് ജില്ലയിലെ മൺചുമരുകളുള്ള വീടുകളുടെ കണക്കെടുക്കും
പാലക്കാട്: ജില്ലയിലെ മൺചുമരുകളുള്ള വീടുകളുടെ കണക്കെടുക്കെടുക്കാൻ മന്ത്രി കെ.കൃഷ്ണൻകുട്ടി എൽ.എസ്.ജി.ഡി എൻജിനീയർ വിഭാഗത്തിന് നിർദ്ദേശം നൽകി. മഴയുമായി ബന്ധപ്പെട്ട് ചേർന്ന മന്ത്രിതല അവലോകന യോഗത്തിലാണ് നിർദ്ദേശം. നിലവിൽ ജില്ലയിൽ 173 വീടുകൾ പൂർണമായും 344 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. തകർന്ന വീടുകൾക്ക് പ്രത്യേക പരിഗണനയിൽ എത്ര നഷ്ടപരിഹാര തുക നൽകാനാവുമെന്നതിൽ സർക്കാർതലത്തിൽ ചെയ്യാവുന്നത് സംബന്ധിച്ച പരിശോധന നടത്തും. വീട്ടുപകരണങ്ങൾ ഉൾപ്പെടെ നശിച്ചതിന്റെ ഭാഗമായി അവയുടെ കൂടി നഷ്ടം കണക്കാക്കേണ്ടതുണ്ട്. ഇതിനായി എം.എൽ.എമാരുടെ നേതൃത്വത്തിൽ തഹസിൽദാരുൾപ്പെട്ട യോഗം അടുത്ത ദിവസം ചേരും. ഇൻഷ്വറൻസ് ഇല്ലാത്തവർക്കും പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്നവർക്കും നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള സാദ്ധ്യത പരിശോധിക്കാൻ മന്ത്രി കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ജില്ലയിലാകെ 1560 ഹെക്ടർ കൃഷിനാശമുണ്ടായി. 5673 കർഷകരെ ബാധിച്ചതായും 3134.74 ലക്ഷം നഷ്ടമുണ്ടായതായും കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
നെല്ലിയാമ്പതിയിലേക്ക് പൊതുഗതാഗതം അനുവദിച്ചിട്ടില്ല
നെല്ലിയാമ്പതിയിലേക്ക് ഒരു ഭാഗത്തേക്ക് ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. എന്നാൽ പൊതു-സ്വകാര്യ വാഹനങ്ങളുടെ ഗതാഗതം സാധ്യമാക്കിയിട്ടില്ല. കെ.എസ്.ടി.പിയാണ് ഇവിടെ റോഡ് നിർമ്മാണം നിർവഹിക്കുന്നത്. ടെണ്ടർ നടപടി സ്വീകരിക്കേണ്ടതുണ്ട്. കൂടാതെ പാലക്കാട് ഐ.ഐ.ടി വിദഗ്ദരുടെ അഭിപ്രായം നോക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ചേർന്ന് തീരുമാനമെടുക്കുമെന്ന് യോഗത്തിൽ ജില്ല കളക്ടർ ഡോ.എസ്.ചിത്ര അറിയിച്ചു. നിലവിൽ നെല്ലിയാമ്പതി റോഡ് സാൻഡൽ മഡ് ഉപയോഗിച്ച് സംരക്ഷിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. മേഖലയിൽ മരങ്ങൾക്കിടയിലൂടെ കടന്നു പോകുന്ന വൈദ്യുതി ലൈനുകൾക്ക് കവേഡ് കണ്ടക്ടർ സാധ്യതയും അണ്ടർ ഗ്രൗണ്ട് കേബിൾ സാധ്യതയും പരിശോധിക്കാൻ മന്ത്രി കെ.എസ്.ഇ .ബി അധികൃതർക്ക് നിർദ്ദേശം നൽകി. പട്ടാമ്പി പാലം പരിശോധന നടത്തി അറ്റകുറ്റപണിക്കായി ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ പി.ഡബ്ല്യൂ.ഡി അധികൃതർക്ക് മന്ത്രി നിർദ്ദേശം നൽകി. ആലത്തൂരിൽ സ്‌ക്കൂൾ ബസ് അപകടത്തിൽപെട്ട സംഭവത്തിൽ പകരം വാഹനം ഡി.ഡി.എം.എ ഫണ്ടിൽ നൽകണമെന്നും കെ.ഡി പ്രസേനൻ എം.എൽ.എ ആവശ്യപ്പെട്ടു. നെല്ലിയാമ്പതി മേഖലയിൽ വിദ്യാർത്ഥികൾക്ക് വാഹനസൗകര്യം, പ്രദേശവാസികൾക്ക് റേഷൻ വിതരണം, ആലമ്പള്ളം ചപ്പാത്ത് പാലത്തിന്റെ പരിശോധന എന്നിവ ആവശ്യമാണ്. കുണ്ടറ ചോല പാലത്തിനും ചെറുനെല്ലി പാലത്തിനും പരിശോധനവേണമെന്നും എം.എൽ.എ കെ.ബാബു ആവശ്യപ്പെട്ടു.