cmdrf
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടാം ക്ലാസുകാരി എസ് സമാ മറിയം സമ്പാദ്യം ജില്ല കലക്ടർ ഡോ.എസ്.ചിത്രയ്ക്ക് കൈമാറുന്നു

പാലക്കാട്: സൈക്കിൾ വാങ്ങാനായി ഒരു വർഷം കുടുക്കയിൽ കൂട്ടിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി അഞ്ചാം ക്ലാസുകാരി ലയ ബിനേഷ്. അച്ഛനും അമ്മയ്ക്കുമൊപ്പം പാലക്കാട് കലക്ടറേറ്റിലെത്തിയാണ് തുക കൈമാറിയത്. വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ സാന്നിധ്യത്തിൽ ജില്ല കളക്ടർ ഡോ.എസ്.ചിത്ര ഏറ്റുവാങ്ങി. വാർത്തകളിൽ വയനാടിലെ മനുഷ്യരുടെ ദുരിതം കണ്ടാണ് തന്റെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ ലയ തീരുമാനിച്ചത്. അപ്പൂപ്പൻ സൈക്കിൾ സമ്മാനിച്ചതിനാൽ ആ തുക കൈമാറാമെന്ന് ലയ തീരുമാനിച്ചു. അച്ഛനോടും അമ്മയോടും പറഞ്ഞപ്പോൾ പൂർണസമ്മതം. പിറ്റേന്ന് തന്നെ കളക്ടറേറ്റിലെത്തി മന്ത്രിക്കും ജില്ല കളക്ടർക്കും തുക കൈമാറി. ചിറ്റൂർ വിജയമാത ജി.എച്ച്.എസ്.എസിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് ലയ. തത്തമംഗലം അയ്യമ്പതി വീട്ടിൽ ബിനേഷിന്റെയും ശാലിനിയുടെയും മകളാണ്.

 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ടാം ക്ലാസുകാരി കുടുക്ക കൈമാറി

പാലക്കാട്: രണ്ടാം ക്ലാസുകാരി എസ്.സമാ മറിയം തന്റെ രണ്ടുവർഷത്തെ സമ്പാദ്യം ഉൾപ്പെട്ട കുടുക്ക പൊട്ടിച്ച് മൊത്തം തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി ജില്ല കളക്ടർ ഡോ.എസ്.ചിത്രയ്ക്ക് കൈമാറി. വയനാട്ടിലെ ചൂരൽമലയിൽ ദുരന്തത്തിന് ഇരയായവരുടേയും രക്ഷിതാക്കൾ നഷ്ടപ്പെട്ട കുഞ്ഞുമക്കളുടെയും സങ്കടം ടി.വിയിൽ കണ്ടപ്പോഴാണ് കുടുക്ക കൈമാറാൻ തസ്രാക്കിലെ ക്രീയേറ്റീവ് പബ്ലിക് സ്‌ക്കൂളിലെ ഈ ഏഴു വയസുകാരി തീരുമാനിച്ചത്. തുടർന്ന് ആവശ്യം മാതാപിതാക്കളോട് പറയുകയായിരുന്നു. കുടുക്കയിൽ എത്ര തുകയുണ്ടെന്ന് സമയ്ക്ക് വ്യക്തമല്ല. ഉള്ളത് മുഴുവൻ വയനാട്ടെ ദുരിതബാധിതർക്കായി സമർപ്പിച്ചിരിക്കുകയാണ് കുട്ടി.

കൊല്ലങ്കോട് നണ്ടൻകീഴായ സ്വദേശി വൈ.ഷെരീഫിന്റെയും വയനാട് അമ്പലവയൽ സ്വദേശി സി.പി.സുബൈജയടേയും മകളാണ്. വയനാട് സ്വദേശിയായ ഉമ്മയുടെ ചില അകന്ന ബന്ധുക്കൾ ദുരന്തത്തിൽ കാണാതായതും കുഞ്ഞു മനസിന്റെ വേദനയാണ്.