ഉപയോഗയോഗ്യമാക്കാൻ ലക്ഷങ്ങൾ വേണ്ടിവരും
നെന്മാറ: പ്രളയസമാനമായി പെയ്ത മഴയിലും ഉരുൾപൊട്ടലിലും പോത്തുണ്ടി ജലസേചന കനാലുകൾക്ക് കനത്ത നാശം. പോത്തുണ്ടി ജലസേചന പദ്ധതിയുടെ ഇടതു-വലതു പ്രധാന കനാലുകളിലും ഉപകനാലുകളിലുമാണ് വിവിധ ഇടങ്ങളിലായി കല്ലും മണ്ണും മരങ്ങളും വന്നടിഞ്ഞത്. കനാലുകളിലേക്ക് കുത്തിയൊലിച്ചെത്തിയ വെള്ളപ്പാച്ചിലിൽ നിരവധി സ്ഥലങ്ങളിൽ കനാൽ ബണ്ടുകൾ തകർന്നിട്ടുണ്ട്. കനാലുകളിലെ മണ്ണുനീക്കി വൃത്തിയാക്കാനും പൂർവസ്ഥിതിയിലാക്കാനും വൻ തുക വേണ്ടിവരും. കഴിഞ്ഞ ദിവസങ്ങളിൽ പോത്തുണ്ടി എക്സിക്യൂട്ടീവ് എൻജിനീയറുടെയും അസിസ്റ്റന്റ് എൻജിനീയർമാരുടെയും നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി നാശനഷ്ടം വിലയിരുത്തി. അടിയന്തര അറ്റകുറ്റപ്പണികൾക്കായി മേലധികാരികൾക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഇടതു കനാലിലെ കൽച്ചാടി ബ്രാഞ്ച് കനാലിൽ 20 അടിയോളം നീളത്തിൽ ബണ്ടും റോഡും ഒഴുകിപ്പോയി. ഒലിപ്പാറ ബ്രാഞ്ച് കനാലിൽ പൂഞ്ചേരി, ഓവുപാറ മലയോര മേഖലകളിൽ ഉണ്ടായ ചെറിയ ഉരുൾപൊട്ടലിനെ തുടർന്ന് ഒരു കിലോമീറ്ററോളം ദൂരം മണ്ണും മണലും കുത്തിയൊലിച്ച് പോയിട്ടുണ്ട്. മൂന്നിടങ്ങളിൽ കനാൽ കവിഞ്ഞ് വെള്ളം ഒഴുകിയതിനാൽ വശങ്ങൾ ഇടിഞ്ഞിട്ടുണ്ട്. കയറാടി ബ്രാഞ്ച് കനാലിൽ കാന്തളം, മയിലാടുംപാറ ഭാഗങ്ങളിലും കനാൽ നികന്നിട്ടുണ്ട്. വലതുകര കനാലിൽ എലവഞ്ചേരി ബ്രാഞ്ച് കനാലിലും നെന്മാറ കോളേജിന് സമീപം ഗോമതി ഭാഗത്തും കനാലിലേക്ക് മണ്ണിടിഞ്ഞു. കോട്ടക്കുളം ചല്ലുപടി ഭാഗത്തേക്കുള്ള കനാലിലും വിവിധ ഇടങ്ങളിൽ മണ്ണും ചെളിയും നിറഞ്ഞു.