പാലക്കാട്: സംസ്ഥാന സർക്കാറിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ചുള്ള നാലാം നൂറ് ദിന പരിപാടി ഒക്ടോബർ 22വരെ തുടരുന്നതിന്റെ ഭാഗമായി മന്ത്രി എം.ബി.രാജേഷിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 19ന് മണപ്പുള്ളിക്കാവിലുള്ള കോസ്‌മോപൊളിറ്റൻ ക്ലബ്ബിൽ പാലക്കാട് ജില്ലാതല തദ്ദേശ അദാലത്ത് സംഘടിപ്പിക്കും. തദ്ദേശസ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ഉള്ള പരാതികൾ തീർപ്പാക്കുകയാണ് ലക്ഷ്യം. അദാലത്തിലേക്കുളള പരാതികൾ adalat.lsgkerala.gov.in എന്ന സിറ്റിസൺ അദാലത്ത് പോർട്ടൽ വഴി ആഗസ്റ്റ് 13 വരെ സമർപ്പിക്കാമെന്ന് ജില്ലാ എൽ.എസ്.ടി.ഡി ജോയിൻ ഡയറക്ടർ എം.കെ.ഉഷ അറിയിച്ചു. ലൈഫ്, അതിദാരിദ്ര്യം, ജീവനക്കാരുടെ വിഷയങ്ങൾ ഒഴിച്ചുള്ള 11 വിഷയങ്ങളാണ് തദ്ദേശ അദാലത്തിൽ പരിഗണിക്കുക. അഞ്ചു ഉപജില്ലാ സമിതി കൺവീനർമാരുടെ നേതൃത്വത്തിൽ പരാതികൾ ഫീൽഡ് തല അന്വേഷണം നടത്തി പരിഹരിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്.
അദാലത്തിന് മുന്നോടിയായി ജില്ലയിലെ മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, ജില്ലാ കളക്ടർ, പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, മുൻസിപ്പാലിറ്റിതല ജനപ്രതിനിധികൾ എന്നിവരെ രക്ഷാധികാരികളാക്കി ജില്ലയുടെ തദ്ദേശ അദാലത്ത് സംഘാടക സമിതി രൂപീകരണയോഗം കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോളുടെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. ജില്ലകൾ തോറും സമാനമായി തദ്ദേശ അദാലത്ത് സംഘടിപ്പിക്കുന്നുണ്ട്.