ഒലവക്കോട്, വാളയാർ, നെന്മാറ വനം റേഞ്ചുകളിലായാണ് സൗരോർജ്ജ വേലികൾ നിർമ്മിക്കുക
പാലക്കാട്: മലമ്പുഴ, കഞ്ചിക്കോട്, തെന്മലയോരത്തും കാട്ടാന ആക്രമണം പതിവായതോടെ വനാതിർത്തിയോട് ചേർന്ന് 27.5 കിലോമീറ്റർ സൗരോർജ തൂക്കുവേലി നിർമ്മിക്കാൻ പദ്ധതി. ഒലവക്കോട്, വാളയാർ, നെന്മാറ വനം റേഞ്ചുകളിലായാണ് സൗരോർജ്ജ വേലികൾ നിർമ്മിക്കുക. 2.34 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി വനംവകുപ്പിന്റെ നേതൃത്വത്തിൽ ദർഘാസ് നടപടികൾ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത്, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് എന്നിവയ്ക്കു പുറമേ കൊല്ലങ്കോട്, മുതലമട ഗ്രാമപഞ്ചായത്തുകളുടെ വിഹിതവും വിനിയോഗിച്ചാണ് പദ്ധതി പൂർത്തിയാക്കുക. നിലവിൽ 23 കാട്ടാനകൾ തെന്മലയോരത്ത് മാത്രമുണ്ട്. രാത്രികാലങ്ങളിൽ കൂട്ടമായെത്തുന്ന കാട്ടാനകൾ തെങ്ങുകൾ മറിച്ചിടുന്നത് പതിവാണ്.
പാലക്കാട് വനം ഡിവിഷന് കീഴിൽ വാളയാർ വനം റേഞ്ചിൽ 14 കിലോമീറ്റർ ദൂരത്തിലാണ് വേലി നിർമ്മിക്കുക. കൊട്ടേക്കാട് സെക്ഷനിലെ മാപ്പിളക്കൊളുമ്പ് മുതൽ 53 ക്വാറിവരെയുള്ള മൂന്ന് കിലോമീറ്ററിൽ വേലി സജ്ജീകരിക്കും. പുതുശ്ശേരി സൗത്ത് സെക്ഷനിലെ കുത്താംപള്ളം മുതൽ ഐ.ഐ.ടി വളപ്പിന്റെ മതിൽ വരെയുള്ള രണ്ടുകിലോമീറ്റർ, പുതുശ്ശേരി നോർത്ത് സെക്ഷൻ പരിധിയിലെ മലബാർ സിമന്റ്സ് മുതൽ പാലക്കമ്പ വരെയുള്ള 2.8 കിലോമീറ്റർ, വാളയാർ സെക്ഷനിലെ പുതുപ്പതി മുതൽ മലബാർ സിമന്റ്സ് വരെയുള്ള രണ്ട് കിലോമീറ്റർ എന്നീ ഇടങ്ങളിലും തൂക്കുവേലി സജ്ജീകരിക്കും. ആനകൾ സ്ഥിരമായെത്തുന്ന പുതുശ്ശേരി ചാവടിപ്പാറ കോളനിക്ക് ചുറ്റും രണ്ടുകിലോമീറ്ററും നടുപ്പതി കോളനിക്ക് ചുറ്റും 2.2 കിലോമീറ്ററിലും സൗരോർജ്ജ തൂക്കുവേലിയൊരുക്കാൻ നടപടിയായിട്ടുണ്ട്. 1,08,51,000 രൂപയാണ് നിർമ്മാണ ജോലികൾക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഒലവക്കോട് വനം റെയ്ഞ്ചിലെ ധോണി സെക്ഷനിൽ 9 കിലോമീറ്ററിലാണ് തൂക്കുവേലിയൊരുക്കുന്നത്. നെല്ലിപ്പാറ മുതൽ കാട്ടിക്കൽ വരെയുള്ള ജനവാസമേഖലകളിൽ സുരക്ഷ ഉറപ്പാക്കുന്ന നടപടിക്ക് 69.98 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്.
നെന്മാറ വനം ഡിവിഷനിലെ കൊല്ലങ്കോട് റെയ്ഞ്ചിൽ ചെമ്മണാംപതി സംസ്ഥാന അതിർത്തി മുതൽ കുഞ്ചുവേലൻകാടുവരെയാണ് സുരക്ഷാ വേലി നിർമ്മിക്കുന്നത്. നാലര കിലോമീറ്റർ ദൂരത്തിൽ തൂക്കുവേലിയൊരുക്കുന്നതിനുള്ള 55.02 ലക്ഷം ഫണ്ട് ത്രിതല പഞ്ചായത്ത് സംവിധാനം വഴിയാണ് സ്വരൂപിച്ചത്.