മുതലമട: വീട്ടമ്മയുടെ മാല കവർന്ന കേസിൽ കാപ്പ ചുമത്തി നാട് കടത്തിയ പ്രതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായി. മുതലമട പള്ളത്തെ സുബൈർ(35), പള്ളം പൂളക്കാട്ടിൽ അനസ് (27), പാപ്പം പള്ളത്തിൽ ജഹാംഗീർ(48 ) എന്നിവരാണ് അറസ്റ്റിൽ ആയത്. ഇതിൽ സുബൈർ നിരവധിതവണ കാപ്പ ചുമത്തി നാടുകടത്തപ്പെട്ട ആളാണ്. സുബൈറിനെതിരെ നിരവധി ക്രിമിനൽ കേസുകൾ ഉണ്ടായിരുന്നുവെന്നും കൊല്ലങ്കോട് പൊലീസ് പറഞ്ഞു. മുതലമട കാമ്പ്രത്ത്ച്ചള്ള പള്ളം വില്ലേജ് ഓഫീസിന് സമീപം താമസിക്കുന്ന പറമ്പിക്കുളം കുരിയാർകുറ്റി ഊരിലെ രാജന്റെ ഭാര്യ മഞ്ജുള(49) യുടെ മൂന്നേകാൽ പവൻ സ്വർണ്ണമാലയാണ് കവർന്നത്. കഴിഞ്ഞദിവസം രാത്രി പ്രതികൾ വീട്ടിൽ അതിക്രമിച്ചു കയറി ഉറങ്ങിക്കിന്ന മഞ്ജുളയുടെ കഴുത്തിൽ നിന്ന് മാല കവർന്നെടുക്കുകയായിരുന്നു. മാല പൊട്ടിച്ചെടുക്കുന്നതിനിടെ ഉണർന്ന മഞ്ജുളയും ഭർത്താവും ബഹളം വച്ചെങ്കിലും പുറത്തു നിറുത്തിയിട്ടിരുന്ന കാറിൽ കയറി ഇവർ കടന്നുകളയുകയായിരുന്നു. നന്ദിയോട് കുടുംബാരോഗ്യ കേന്ദ്രത്തിലെ നേഴ്സ് കൂടിയായ മഞ്ജുളയുടെ പരാതിയിൽ കൊല്ലങ്കോട് പൊലീസ് കേസെടുത്തു. തുടർന്ന് എസ്.ഐ പി.സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിൽ പ്രതികൾ സത്യമംഗലത്തിനടുത്തുവെച്ച് പിടിയിലാവുകയായിരുന്നു. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ വിനോദ്, സിവിൽ പോലീസ് ഓഫീസർ അബ്ദുള്ള, കൊല്ലങ്കോട് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പി.രാജേഷ് എന്നിവർ ഉൾപ്പെട്ട സംഘം അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.