പാലക്കാട്: കായിക പ്രേമികൾക്ക് ആശ്വാസമായി പാലക്കാട് ഇൻഡോർ സ്റ്റേഡിയം പൂർത്തീകരണ പ്രവൃത്തികളുടെ നിർമ്മാണോദ്ഘാടനം നാളെ ഉച്ചയ്ക്ക് 3ന് മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിക്കും. ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് അഡ്വ.കെ.പ്രേംകുമാർ എം.എൽ.എ അദ്ധ്യക്ഷനാകും. വി.കെ.ശ്രീകണ്ഠൻ എം.പി, എം.എൽ.എമാരായ കെ.ശാന്തകുമാരി, എ.പ്രഭാകരൻ, എൻ.ഷംസുദീൻ, പി.മമ്മിക്കുട്ടി, കെ.ബാബു, കെ.ഡി.പ്രസേനൻ, പി.പി.സുമോദ്, മുഹമ്മദ് മുഹസിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ, നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ, ജില്ലാ കളക്ടർ ഡോ.എസ്.ചിത്ര, ഇൻഡോർ സ്റ്റേഡിയം സൊസൈറ്റി സെക്രട്ടറി ടി.ആർ.അജയൻ എന്നിവർ പങ്കെടുക്കും. ഇൻഡോർ സ്റ്റേഡിയത്തിൽ സെപ്ടിക് ടാങ്ക്, കുഴൽകിണർ, ജലവിതരണം, സാനിറ്ററി പ്രവൃത്തികൾ, ഇലക്ട്രിക്കൽ, അഗ്നിശമന പ്രവർത്തനങ്ങൾ, എച്ച്.എസി, ജിം ഉപകരണങ്ങൾ, ലിഫ്റ്റുകൾ, പരിസര വികസനം, ശബ്ദക്രമീകരണം, ഫാൾസ് സീലിംഗ്, മേപ്പിൾ വുഡ് ഫ്ലോറിംഗ് ജോലികളാണ് ശേഷിക്കുന്നത്.
നാൾ വഴികൾ
സ്റ്റേഡിയത്തിനായി 2.4 ഏക്കർ സ്ഥലം സർക്കാർ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ രൂപീകരിച്ച പാലക്കാട് ഇൻഡോർ സ്റ്റേഡിയം സൊസൈറ്റിക്ക് കൈമാറിയിരുന്നു.
2010 ൽ സൊസൈറ്റി സമർപ്പിച്ച 13.25 കോടി രൂപയ്ക്കുള്ള എസ്റ്റിമേറ്റിന് സർക്കാർ അംഗീകാരം നൽകിയതിനെ തുടർന്ന് ടെൻഡർ വിളിക്കുകയും പണി ആരംഭിക്കുകയും ചെയ്തു.
10.60 കോടി ചെലവിൽ ഒരു വർഷത്തിനുള്ളിൽ നാലു നിലകളുടെ നിർമാണം പൂർത്തിയാക്കി.
ഈ ഘട്ടത്തിൽ സാമ്പത്തിക സഹായങ്ങളും വരുമാനമാർഗങ്ങളും നിലച്ചതിനെ തുടർന്ന് പദ്ധതി പാതിവഴിയിലായി.
ഇത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പദ്ധതി പൂർത്തീകരിക്കാൻ ആവശ്യമായ തുകയായ 14.50 കോടി രൂപ കിഫ്ബി വഴി വകയിരുത്തി.
സംസ്ഥാന കായികവകുപ്പിന്റെ കീഴിലുള്ള സ്‌പോർട്സ് കേരള ഫൗണ്ടേഷൻ ടെൻഡർ വിളിക്കുകയും പെർഫെക്ട് എൻജിനീയേർസ് എന്ന സ്ഥാപനത്തിന് കരാർ നൽകുകയും ചെയ്തു