രക്ഷപ്പെട്ടത് ജനൽ കമ്പിയിൽ തൂങ്ങിക്കിടന്ന്
ചിറ്റൂർ: വയനാട് ഉരുൾപൊട്ടലിൽ മരണത്തെ മുഖാമുഖം കണ്ട ശിവാനന്ദനും ഭാര്യ സുശീലയ്ക്കും ആ കാളരാത്രിയുടെ നടുക്കം ഇനിയും വിട്ടുമാറിയിട്ടില്ല. ജീവിതത്തിലേക്ക് തിരിച്ചെത്തിയത് പലരുടേയും പ്രാർത്ഥന കൊണ്ടാണെന്ന് ദമ്പതികൾ പറയുന്നു. ദുരന്ത ഭൂമിയിൽ നിന്ന് ചിറ്റൂരിലെ സ്വന്തം വീട്ടിൽ എത്തിയെങ്കിലും നടുക്കം മാറാതെ സുശീല വിതുമ്പുകയായിരുന്നു. ഇക്കാലമത്രയും സ്വരുക്കൂട്ടിയ സമ്പാദ്യം മുഴുവൻ ഉരുളിൽ ഒലിച്ചു പോകുന്നത് ദയനീയമായി കണ്ടു നിൽക്കേണ്ടി വന്നു. 40 വർഷമായി ചൂരൽമല ഹൈസ്‌കൂളിനു സമീപമാണ് ഇവർ താമസിച്ചിരുന്നത്. ഹാരിസൺ പ്ലാന്റേഷൻ കമ്പനി ജീവനക്കാരനായിരുന്ന ശിവാനാന്ദൻ വിരമിച്ചു. സുശീല ഈ കമ്പനിയിലെ ഓഫീസ് ജീവനക്കാരിയാണ്. മക്കൾ രണ്ടുപേരെയും വിവാഹം കഴിച്ചയച്ചു. ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞിരുന്ന ഇവരെ മക്കളെത്തി സുശീലയുടെ ചിറ്റൂരിലെ വീട്ടിലേക്ക് കൂട്ടി കൊണ്ടുവന്നപ്പോൾ ആശ്വാസമായെങ്കിലും ഉരുൾ പൊട്ടലിന്റെ ഭീകരതയും ജനൽകമ്പിയിൽ പിടിച്ചു തൂങ്ങി ജീവിതത്തിലേക്ക് തിരിച്ചെത്തിയ ഭീകര നിമിഷങ്ങളും ഇപ്പോഴും പേടിപ്പെടുത്തുന്ന സ്വപ്നങ്ങളാണിവർക്ക്. മാത്രമല്ല ഒരു കുടുംബം പോലെ കഴിഞ്ഞിരുന്ന അയൽപക്കത്തുള്ള നിരവധി പേരെ നിമിഷം നേരം കൊണ്ട് ഉരുൾ എടുത്തതോർത്ത് വിതുമ്പുകയാണിവർ. ഇനി തിരിച്ചു പോകുന്നുണ്ടോ എന്ന ചോദ്യത്തിന് ഇക്കാലമത്രയും കഴിഞ്ഞു കൂടിയ വയനാടിനെ ഞങ്ങൾക്കുപേക്ഷിക്കാനാകില്ല എന്ന മറുപടിയാണ് ശിവാനന്ദനും സുശീലയും ഒരേ സ്വരത്തിൽ പറഞ്ഞത്.
ഉരുൾപൊട്ടിയ രാത്രി ഉറങ്ങുകയായിരുന്ന എന്നെ ഭാര്യ വിളിച്ചുണർത്തി എന്തൊ ശബ്ദം കേൾക്കുന്നതായി പറഞ്ഞെങ്കിലും കാറ്റോ മഴയോ ആയിരിക്കുമെന്ന് കരുതി. എഴുന്നേറ്റപ്പോൾ കരണ്ടില്ലായിരുന്നു. മൊബൈൽ വെളിച്ചത്തിൽ നോക്കിയപ്പോൾ കണ്ടത് വെള്ളം ഇരച്ചു കയറി വരുന്നതാണ്. വീടിനകത്തേക്കും കലങ്ങിമറിഞ്ഞ് ദുർഗന്ധം വമിക്കുന്ന വെളളം കയറി. എന്തു ചെയ്യണമെന്നറിയാതെ കട്ടിലിൽ കയറി ജനലിലും മറ്റും പിടിച്ചു നിന്നു. വെള്ളം ചെറുതായൊന്നു കുറഞ്ഞപ്പോൾ അയൽപക്കത്തെ വീട്ടിലേക്കു ഓടി. ആ വീട് അല്പം ഉയർന്ന പ്രദേശത്തായതിനാൽ അവിടെ പ്രശ്നം ഇല്ലായിരുന്നു. പക്ഷെ രണ്ടാമത്തെ വലിയ പൊട്ടൽ ശബ്ദം കേട്ടു നിമിഷങ്ങൾക്കകം അവിടേക്കും വെള്ളം ഇരച്ചു കയറി. അവിടെയുണ്ടായിരുന്ന അഞ്ച് പേരും ഞങ്ങൾ രണ്ടു പേരും ആകെ പരിഭ്രാന്തരായി. എല്ലാവരും കട്ടിലിൽ കയറി നിന്ന് ഓരത്തുണ്ടായിരുന്ന ജനലഴികളിൽ പിടിച്ചു നിന്നു. നിമിഷങ്ങൾക്കകം വീടിന്റെ അടുക്കളഭാഗം കുത്തൊഴുക്കിൽ തകർന്നു. ഇരുനില കെട്ടിടമായിരുന്നെങ്കിലും സ്റ്റെയർകേസും തകർന്നതിനാൽ മുകളിലേക്കും പോകാൻ കഴിയാതെ ജനൽ കമ്പികളിൽ പിടിച്ച് വാവിട്ട് നിലവിളിച്ച് നിൽക്കാനേ കഴിഞ്ഞുള്ളു. ഇതിനിടെ താഴെ ഞങ്ങളുടെ വീട് മുഴുവൻ ഒലിച്ചു പോകുന്നത് കാണുന്നുണ്ടായിരുന്നു. ഞങ്ങളുടെ നിലവിളിയും ദയനീയാവസ്ഥയും ദൂരെ നിന്ന് പലരും കണ്ടെങ്കിലും ആർക്കും എത്തിപ്പെടാൻ കഴിയാത്ത അവസ്ഥയായിരുന്നു. ഇവിടേക്കുള്ള റോഡും പാലവും ഒലിച്ചു പോയി. പുലർച്ചെ മലമുകളിലൂടെ രക്ഷാപ്രവർത്തകരെത്തി തെങ്ങ് മുറിച്ചിട്ടും കയറു കെട്ടിയുമാണ് ഞങ്ങളെ ഓരോരുത്തരെയായി രക്ഷപ്പെടുത്തി ദുരിതാശ്വാസ ക്യാമ്പിലും ആശുപത്രിയിലും എത്തിച്ചത്.