നെന്മാറ: ഉരുൾപൊട്ടി ചുരം പാത തകർന്നതിനെത്തുടർന്ന് നെല്ലിയാമ്പതിയിലേക്ക് മുടങ്ങിക്കിടന്ന കെ.എസ്.ആർ.ടി.സി സർവീസ് പുനരാരംഭിച്ചു. ചുരം പാതയിലൂടെ തോട്ടം മേഖലയിലേക്കുള്ള ചരക്കുഗതാഗതം നിയന്ത്രിതഭാരത്തിൽ അനുവദിക്കും. അതേസമയം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ പരിശോധനകൾ പൂർത്തിയാകുംവരെ വിനോദസഞ്ചാരികൾക്കുള്ള നിയന്ത്രണം തുടരും. കെ.ബാബു എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നെല്ലിയാമ്പതിയിൽ ചേർന്ന അവലോകനയോഗത്തിലാണ് തീരുമാനം. ജൂലായ് 30നാണ് കുണ്ടറച്ചോലയ്ക്ക് സമീപവും ചെറുനെല്ലിയിലും ഉരുൾപൊട്ടി വലിയ പാറക്കല്ലുകളും മണ്ണും ചുരം പാതയിലേക്ക് എത്തിയത്. റോഡ് തകർന്ന് ഗതാഗതം നിലച്ചതോടെ നെല്ലിയാമ്പതി ഒറ്റപ്പെട്ടു. റോഡിൽ വീണ വൻ പാറക്കല്ലുകൾ പൊട്ടിച്ച് നാലുദിവസത്തിനുശേഷമാണ് ഒരു വരി ഗതാഗതം പുനരാരംഭിക്കാനായത്.
ബസ് സർവീസ് തുടങ്ങാത്തതിനാൽ നെല്ലിയാമ്പതിയിലെ വിദ്യാർത്ഥികൾക്കും തോട്ടം തൊഴിലാളികൾക്കും യാത്ര ദുരിതമായിരുന്നു. ഇതിനു പരിഹാരമായാണ് കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനരാരംഭിക്കുന്നത്. ചുരം പാതയിലൂടെ തേയില ഉൾപ്പെടെ കൊണ്ടുപോകുന്നതിനും തോട്ടം മേഖലയിലേക്ക് ആവശ്യമായ വിറക് നിയന്ത്രിത അളവിൽ കൊണ്ടുവരാനും യോഗത്തിൽ തീരുമാനമായി.