പട്ടാമ്പി: വാടാനാംകുറിശ്ശി റെയിൽവേ മേൽപ്പാലത്തിന്റെ ട്രാക്കിനു മുകളിൽ വരുന്ന ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഈ ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ റെയിൽവേ നേരിട്ടാണ് നിർവ്വഹിക്കുന്നത്. നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കി കൊണ്ടു മാത്രമെ അനുബന്ധ പ്രവർത്തികൾ നടപ്പിലാക്കാൻ കഴിയൂ. നിർമ്മാണ പ്രവർത്തികൾ ആരംഭിക്കാതിരുന്നത് മേൽപാലത്തിന്റെ പൂർത്തികരണത്തിനു തടസമായിരുന്നു. മറ്റു ഭാഗത്തെ പ്രവർത്തികൾ നടപ്പിലാക്കുന്നത് കേരള സർക്കാരിന്റെ കീഴിലുള്ള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനാണ്. നിർമ്മാണത്തിന്റെ ഭാഗമായി റെയിൽവേ ലൈനിനു മുകളിലുള്ള ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്.
2016 ൽ സംസ്ഥാന സർക്കാരിന്റെ കാലത്താണ് വാടാനാംകുറിശ്ശി മേൽപാലം എന്ന ആശയം സജീവമായത്.
തുടർന്ന് നടന്ന പ്രവർത്തനങ്ങളുടെ ഫലമായി 2021 ലാണ് റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണോദ്ഘാടനം നടന്നത്. ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിച്ച് യാത്രക്കാർക്ക് വേണ്ടി തുറന്ന് കൊടുക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ഇപ്പോൾ നാലുവർഷം കഴിഞ്ഞിട്ടും പണി പൂർത്തിയായിട്ടില്ല.
തിരക്കേറിയ സമയങ്ങളിൽ പാലക്കാട് പട്ടാമ്പി റൂട്ടിൽ വാടാനാംകുറിശ്ശി റെയിൽവേ ഗെയിറ്റിനിരുവശവും കിലോമീറ്ററോളം നീളുന്ന വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടതോടെ പട്ടാമ്പി മണ്ഡലത്തിലെ പ്രതിപക്ഷ കക്ഷികൾക്ക് പുറമെ പല സാമൂഹിക സാംസ്‌ക്കാരിക സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലേക്ക് പോകുന്ന ആംബുലൻസ് അടക്കം മണിക്കൂറുകൾ റോഡിൽ നിൽക്കേണ്ടി വരുന്ന അവസ്ഥയാണ്. റെയിൽവേയുടെ അനുമതി ലഭിക്കുന്നതിന് താമസം നേരിട്ടതോടെ പ്രവർത്തനങ്ങൾ വീണ്ടും തടസപ്പെട്ടു. അലസമായ സമീപനങ്ങളും അപ്രോച്ച് റോഡ് നിർമ്മാണത്തിന് വീണ്ടും കാലതാമസം വരുത്തി.