മേയാൻവിട്ട പശുവിനെ പുലി ആക്രമിച്ചു
നെന്മാറ: മട്ടത്തുപാടിയിൽ മേയാൻവിട്ട പശുവിനെ പുലി ആക്രമിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പാടികളിലെ പശുക്കളെ മേയാൻ വിട്ട മിന്നാൻമിന്നാം പാറക്കടുത്ത് തേയില ചെടികൾക്ക് സമീപം പതുങ്ങിയിരുന്ന പുലി പശുവിനെ നേരെ ചാടി വീണ് ആക്രമിക്കുകയായിരുന്നു. വിവിധ പാടികളിലെ പശുക്കളെ ഒന്നിച്ചു കൊണ്ടു പോയി മേയ്ക്കുന്ന അയ്യാവ് ആണ് സംഭവം കണ്ടത്. മറ്റു പശുക്കൾ ഓടിനടന്ന് വെപ്രാളത്തിൽ ശബ്ദമുണ്ടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അയ്യാവ് ഒച്ച വച്ചതോടെ പുലി ഓടിപ്പോവുകയായിരുന്നു. ചന്ദ്രമല എസ്റ്റേറ്റ് മട്ടത്തുപാടിയിലെ ലീല-ദിവാകരൻ ദമ്പതികളുടെ രണ്ടു പശുക്കളിൽ കറവയുള്ള ഒന്നിനെയാണ് പുലി പിടിച്ചത്. പശുവിന്റെ പിൻകാലിലും മുതുകിലും കഴുത്തിലും ആഴത്തിൽ മുറിവേറ്റു. വനപാലകരും മൃഗഡോക്ടറും സ്ഥലത്തെത്തി പശുവിന് ചികിത്സ നൽകി.
ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം
പ്രദേശത്തെ പാടികളിൽ വളർത്തുന്ന പശുക്കിടാങ്ങളെയും നായ്ക്കളെയും കോഴികളെയും പകൽസമയത്ത് കാണാതാവുന്നത് നിത്യസംഭവമായി. ഇവയെയെല്ലാം പുലി പിടിക്കുന്നതാണെന്ന് പാടിയിലെ താമസക്കാരനായ ദിലീപ് പറഞ്ഞു. കഴിഞ്ഞമാസം സമീപത്തെ ഓറഞ്ച് ഫാമിലെ മട്ടത്തുപാടിയിൽ മൂരി കുട്ടിയെ പുലി പിടിച്ച് ഭാഗികമായി തിന്നിരുന്നു. പകൽ സമയങ്ങളിലും പുലിയിറങ്ങി വളർത്തു മൃഗങ്ങളെ കൊല്ലുന്നതോടെ പ്രായമായവരും കുട്ടികളും ഉൾപ്പെടെ പാടികളിൽ ഉള്ളവരെല്ലാം ഭയചകിതരാണ്. കൂട് വെച്ച് പുലിയെ പിടികൂടി ഉൾവനത്തിൽ കൊണ്ടുവിടണം എന്ന് പ്രദേശവാസികൾ വനം അധികൃതരോട് ആവശ്യപ്പെട്ടു. പുലിയെ കൂടാതെ രാപകൽ ഭേദമന്യേ കാട്ടാനകളും തുടർച്ചയായി പാടികൾക്ക് സമീപം എത്തുന്നതും താമസക്കാർക്ക് ഭീഷണിയാകുന്നു.