മുതലമട: അമിതഭാരം കയറ്റി കുതിച്ചുപായുന്ന ടോറസ് ലോറികൾക്ക് കടിഞ്ഞാണിടണമെന്ന് നാട്ടുകാർ നിരന്തര ആവശ്യം ഉന്നയിച്ചു കൊണ്ടിരിക്കെ തമിഴ്നാട്ടിൽ നിന്നും കരിങ്കല്ലുമായി വന്ന ടോറസ് ലോറി ഇടിച്ച് മുതലമട സ്വദേശിക്ക് ഗുരുതരപരിക്ക്. മുതലമട അടവുമരം നരിപ്പാറച്ചള്ള ജാഫർഇടുക്കുപ്പാറയ്ക്കാണ്(32)പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രി ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് പോകവേ കൊല്ലങ്കോട് ചിക്കണമ്പാറയിൽ വച്ച് ജാഫറിനെ ടോറസ് ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് രണ്ടായി വേർപെട്ടു. ജാഫറിന്റെ രണ്ട് കൈയും രണ്ട് കാലും ഒടിഞ്ഞു. ഗുരുതര പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കേരള കോൺഗ്രസ്(എം) ജില്ലാ കമ്മിറ്റി അംഗമാണ് ജാഫർ. തമിഴ്നാട്ടിൽ നിന്ന് കരിങ്കല്ലുമായി അങ്കമാലിയിലേക്ക് പോവുകയായിരുന്നു ടോറസ്. അപകടത്തിൽ ബൈക്ക് രണ്ടായി തകർന്നു.
കഴിഞ്ഞദിവസം നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ച ആറ് ലോറികളിലും അനുവദീനിയ ഭാരത്തിന്റെ ഇരട്ടിയോളം ഭാരം കയറ്റിയിരുന്നതായി പോലീസും എം.വി.ഡിയും നടത്തിയ ഭാരപരിശോധനയിൽ കണ്ടെത്തിയിരുന്നു. ഗോവിന്ദാപുരം മോട്ടോർ വാഹന വകുപ്പിന്റെ പോസ്റ്റിൽ ഒരു എം.വി.ഐയും മൂന്ന് എ.എം.വി.ഐയും മൂന്ന് ഓഫീസ് അസിസ്റ്റന്റുമാണ് ആകെ ജീവനക്കാർ. ഇവിടെ തമിഴ്നാട്ടിൽ നിന്ന് വരുന്ന ലോറികളുടെ തൂക്കച്ചീട് വാങ്ങി സൂക്ഷിക്കുന്നത് അല്ലാതെ ഭാരമോ മദ്യപാനമോ പരിശോധിക്കാൻ സംവിധാനമില്ല. ടോറസ് ലോറികളുടെ മരണപ്പാച്ചിൽ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ സമരത്തിന് ഒരുങ്ങുകയാണ്. വരുംദിവസങ്ങളിൽ ജില്ലാ കളക്ടർക്കും മുഖ്യമന്ത്രിക്കും പരാതി നൽകാനും ഒരുക്കമുണ്ട്.
ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ അപകടം
ദിവസങ്ങൾക്ക് മുൻപ് വലിയച്ചള്ളിയിൽ അമിത വേഗത്തിലെത്തിയ ടോറസ് ഇടിച്ച് വൈദ്യുത പോസ്റ്റ് ഒടിയുകയും ലോറിയിൽ നിന്ന് കരിങ്കല്ല് റോഡിലേക്ക് തെറിക്കുകയും ചെയ്തിരുന്നു. അപകടമുണ്ടാക്കിയ ടോറസ് നിറുത്താതെ പോവുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് നാട്ടുകാർ അമിത ഭാരം കയറ്റിയ ആറ് ടോറസുകൾ പിടിച്ച് പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തിരുന്നു. മുതലമടയിലൂടെ ടോറസ് ലോറികളുടെ മരണപ്പാച്ചിലിനെതിരെ ഇവർ പ്രതിഷേധം ശക്തമാക്കിയിരിക്കെയാണ് വീണ്ടും അപകടമുണ്ടായത്. അമിത ഭാരവും അമിതവേഗവുമായി വരുന്ന കരിങ്കൽ ലോറികളുടെ അപകടങ്ങൾ തുടർക്കഥയായിട്ടും അധികൃതർ കണ്ണടയ്ക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. കഴിഞ്ഞദിവസം നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ച ആറ് ലോറികളിലും അനുവദീനിയ ഭാരത്തിന്റെ ഇരട്ടിയോളം ഭാരം കയറ്റിയിരുന്നതായി പോലീസും എം.വി.ഡിയും നടത്തിയ ഭാരപരിശോധനയിൽ കണ്ടെത്തിയിരുന്നു. ഗോവിന്ദാപുരം ചെക്ക് പോസ്റ്റിൽ ഭാരപരിശോധനയ്ക്കുള്ള സർക്കാർ സംവിധാനം ഇല്ലാത്തതാണ് അമിത ഭാരം കയറ്റിയ വാഹനങ്ങൾ പിടികൂടാൻ തടസമാകുന്നത്. ടോറസ് ലോറികളുടെ മരണപ്പാച്ചിൽ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ സമരത്തിന് ഒരുങ്ങുകയാണ്. വരുംദിവസങ്ങളിൽ ജില്ലാ കളക്ടർക്കും മുഖ്യമന്ത്രിക്കും പരാതി നൽകാനും ഒരുക്കമുണ്ട്.