coconut

പാലക്കാട്: നാളികേര സംഭരണം പാളിയതോടെ സംസ്ഥാനത്തെ കർഷകർ പ്രതിസന്ധിയിൽ. നാളികേര സംഭരണത്തിന്റെ ഭാഗമായി തേങ്ങ നൽകിയവർ സബ്സിഡി വില ലഭിക്കാതെ സാമ്പത്തിക ഞെരുക്കത്തിലാണ്. വിപണിയിൽ വില ഇടിഞ്ഞപ്പോൾ കർഷകരെ സഹായിക്കാനാണ് 34 രൂപ കണക്കാക്കി നാഫെഡ് മുഖേന സർക്കാർ നാളികേര സംഭരണം ആരംഭിച്ചത്. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ (വി.എഫ്.പി.സി.കെ) ആയിരുന്നു സംഭരണ ഏജൻസി.

ഒരു വർഷം ഒരു തെങ്ങിൽ നിന്ന് 70 നാളികേരം, ഒരേക്കറിൽ 70 തെങ്ങുകൾ എന്ന കണക്കിൽ അഞ്ചുതവണയാണ് സംഭരണം നിശ്ചിയിച്ചിരുന്നത്. കൃഷിഭവനിൽ നിന്നുള്ള സർട്ടിഫിക്കറ്റ് സഹിതമാണ് ഏജൻസിക്ക് നാളികേരം കൊടുക്കേണ്ടത്. ഈ കടമ്പകൾ കടന്ന് നാളികേരം നൽകിയവർക്കാണു മാസങ്ങൾ കഴിഞ്ഞിട്ടും പണം ലഭിക്കാത്തത്. 3 മാസത്തെ ഇടവേളയിൽ സംഭരണം എന്ന സർക്കാർ നയം കാരണം ഇപ്പോൾ സംഭരണം നിറുത്തിവച്ചിരിക്കുകയാണ്.

സമിതികളും പ്രതിസന്ധിയിൽ

2023 സെപ്തംബർ മുതൽ ഡിസംബർ വരെ സംഭരണ കേന്ദ്രത്തിൽ നാളികേരം കൊടുത്ത കർഷകർക്കാണ് തുക ലഭിക്കാനുള്ളത്. ഒരു കിലോയ്ക്കു 4.62 രൂപവച്ചാണ് നൽകേണ്ടത്. നാളികേരത്തിന്റെ വിലയായ 29.38 രൂപ ഏറെക്കാലത്തിനു ശേഷം ലഭിച്ചെങ്കിലും സബ്സിഡി തുക ഇതുവരെയും ലഭിച്ചിട്ടില്ല. കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം കൈമാറുകയാണ് ചെയ്യുന്നത്.

വി.എഫ്.പി.സി.കെ കർഷകസമിതികളാണ് സംഭരണവുമായി ബന്ധപ്പെട്ട ചെലവുകൾ വഹിച്ചത്. കയറ്റിറക്ക്, ഗ്രേഡിംഗ്, തൂക്കി ചാക്കിലാക്കി ലേബലൊട്ടിക്കൽ, കണക്കെഴുതി ലോഡ് കയറ്റിവിടൽ, വാടക, കൂലി തുടങ്ങിയ ഇനത്തിൽ ലഭിക്കേണ്ട തുക കുടിശികയാണ്. കർഷകസമിതി ഭരണസമിതി അംഗങ്ങൾ കൈയിൽനിന്നെടുത്ത തുകയാണിത്. എട്ടുലക്ഷം രൂപവരെ ലഭിക്കാനുള്ള സമിതികളുണ്ട്.

1,150 ടൺ നാളികേരം കെട്ടിക്കിടക്കുന്നു

കൈകാര്യച്ചെലവ് സംബന്ധിച്ച് കേരഫെഡും നാളികേര വികസന ബോർഡും തമ്മിലുള്ള തർക്കത്തെത്തുടർന്ന് 1,150 ടൺ നാളികേരം ഗോഡൗണിൽ കിടന്ന് നശിക്കുന്നു. രണ്ടുവർഷം മുമ്പ് കേരഫെഡ് സംഭരിച്ച് കൊപ്രയാക്കി നൽകുന്നതിന് നാളികേര വികസന ബോർഡിന് (സി.ഡി.ബി) നൽകിയതാണിത്. കൈകാര്യച്ചെലവായി ക്വിന്റലിന് 850 രൂപയാണ് നിശ്ചയിച്ചിരുന്നത്. ഇത് മതിയാകില്ലെന്നാണ് നാളികേര വികസനബോർഡിന്റെ വാദം.

ക്വിന്റലിന് 850 രൂപ നിരക്കിൽ നിശ്ചയിച്ച കൈകാര്യച്ചെലവ് അപര്യാപ്തമാണെന്നും നിരക്ക് പുതുക്കി നിശ്ചയിക്കണമെന്നും കേരഫെഡിനോട് ആവശ്യപ്പെട്ടിരുന്നതായി നാളികേര വികസ ബോർഡ് അധികൃതർ പറയുന്നു. നഷ്ടം സഹിച്ച് നാളികേര സംസ്കരണവുമായി മുന്നോട്ടുപോകാനാകില്ല. അതേസമയം, 20 കോടി രൂപയുടെ കൊപ്ര നാളികേര വികസന ബോർഡിൽനിന്ന് ലഭിക്കാനുണ്ടെന്ന് കേരഫെഡ് മാർക്കറ്റിംഗ് വിഭാഗം വ്യക്തമാക്കുന്നു.