പാലക്കാട്: ഓണക്കാലം അടുത്തതോടെ വിപണിയിൽ നേന്ത്രക്കായ വില ഉയരുന്നു. കിലോയ്ക്ക് 60 രൂപയാണ് നിലവിലെ വില. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം നേന്ത്രക്കായയുടെ മൊത്തവില കിലോയ്ക്ക് 14 രൂപയാണ് കൂടിയത്. ആഗസ്റ്റ് ഒന്നിന് പാലക്കാട് മാർക്കറ്റിൽ കിലോയ്ക്ക് 45 ആയിരുന്നു വില. ഇന്നലെ അത് 60 ആയി. ജൂലായ് ആദ്യം മൊത്തവില 38 മാത്രമായിരുന്നു. കഴിഞ്ഞവർഷം ഇതേസമയത്തെ നേന്ത്രക്കായയുടെ മൊത്തവില കിലോയ്ക്ക് 37ഉം 2022ൽ 50ഉം ആയിരുന്നു.

നിലവിൽ പാലക്കാട്ടേക്ക് നേന്ത്രക്കായ വരുന്നത് കർണാടകത്തിൽനിന്നും തമിഴ്നാട്ടിലെ മേട്ടുപ്പാളയത്തു നിന്നുമാണ്. വരും ദിവസങ്ങളിൽ വില ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നും കച്ചവടക്കാർ പറയുന്നു. വിലകൂടിയതോടെ പ്രാദേശിക നേന്ത്രവാഴ കർഷകർക്ക് ആശ്വാസമായി. കിലോയ്ക്ക് ശരാശരി 40 രൂപവരെ കിട്ടുന്നുണ്ടെന്ന് കർഷകർ പറയുന്നു.

നേന്ത്ര വാഴ കർഷകർക്ക് ഓണവിപണിയാണ് പ്രതീക്ഷ. ഓണത്തിന് ഒരുമാസം മുമ്പേ വില ഉയർന്നത് കർഷകർക്ക് തെല്ലൊരു ആശ്വാസം നൽകുന്നുണ്ട്. ഇത് മുന്നിൽക്കണ്ട് വിളവെടുപ്പ് തുടങ്ങിയിട്ടുണ്ട്. ഓണത്തിനോടനുബന്ധിച്ച് കായ വറുത്തതിന്റെ വിപണി സജീവമാകുന്നതോടെ സ്വാഭാവികമായും നാടൻ പച്ച നേന്ത്രക്കായയ്ക്ക് ആവശ്യം കൂടും.

കായവറുത്തതിന് കിലോയ്ക്ക് 340 രൂപയുണ്ടായിരുന്നത് 20 രൂപ വർദ്ധിച്ച് 360 ആയി. ഓണം നാളുകളിൽ അത് 400 കടക്കുമെന്ന് ഉറപ്പായി. നേന്ത്രക്കായവില കിലോയ്ക്ക് 40 രൂപയുണ്ടായിരുന്ന സമയത്തെ വിലയാണ് ഇപ്പോഴും ചിപ്സിന് ഈടാക്കുന്നതെന്നും ഈനില തുടർന്നാൽ വില ഉയർത്തേണ്ടിവരുമെന്നും കച്ചവടക്കാർ പറയുന്നു.

വില്ലനായത് മഴ

കനത്ത മഴയിലും കാറ്റിലും നേന്ത്രവാഴക്കൃഷി വ്യാപകമായി നശിച്ചതും വില ഉയരാൻ കാരണമായി. കേരളത്തിൽ ഇടുക്കി, വയനാട് മേഖലകളിലാണ് നേന്ത്രവാഴ കൃഷി വ്യാപകമായുള്ളത്. ശക്തമായ മഴയിലും കാറ്റിലും വയനാടിലെ ഉരുൾപൊട്ടലിലും വാഴകൃഷിക്ക് വ്യാപകമായ നാശനഷ്ടമുണ്ടായി. മഴയിൽ ജില്ലയിൽ മണ്ണാർക്കാട്, ഒറ്റപ്പാലം താലൂക്കുകളിലും വാഴകൃഷിക്ക് പരക്കെ നാശനഷ്ടമുണ്ടായി.