solar

പാലക്കാട്: കൊഴിഞ്ഞാമ്പാറ മൂങ്കിൽമടയിൽ ജലസേചനവകുപ്പിന്റെ ഉടമസ്ഥതയിലുള്ള 36 ഏക്കറിൽ ആറ് മെഗാവാട്ട് ശേഷിയുള്ള സൗരോർജനിലയം നിർമ്മിക്കാനൊരുങ്ങി കെ.എസ്.ഇ.ബി. ജലസേചന വകുപ്പിൽ നിന്ന് 25 വർഷത്തേക്ക് സ്ഥലം പാട്ടത്തിനെടുക്കുന്നതിന് കെ.എസ്.ഇ.ബി അനുമതി നൽകി. ഭൂമി വിട്ടുനൽകാൻ ജലസേചനവകുപ്പിന് സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചിട്ടുണ്ട്.

കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിൽ സംസ്ഥാനത്ത് നിർമ്മിക്കുന്ന നാലാമത്തെ സൗരോർജ നിലയമാണിത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ കെ.എസ്.ഇ.ബിയുടെ നേരിട്ടുള്ള സൗരോർജ ഉത്പാദനം 62.15 മെഗാവാട്ടായി ഉയരും. വിവിധ നിലയങ്ങളിൽനിന്ന് നിലവിൽ 244.34 മെഗാവാട്ട് വൈദ്യുതിയാണ് ലഭിക്കുന്നത്. ഇതിൽ കെ.എസ്.ഇ.ബിയുടെ നേരിട്ടുള്ള ഉത്പാദനം 56.15 മെഗാവാട്ടാണ്. ബാക്കി 188.19 മെഗാവാട്ടും സ്വകാര്യ സംരംഭകരിൽ നിന്നാണ്. അഗളി (ഒരു മെഗാവാട്ട്), കഞ്ചിക്കോട് (മൂന്ന് മെഗാവാട്ട്), ബ്രഹ്മപുരം (2.75 മെഗാവാട്ട്) എന്നീ സൗരോർജ നിലയങ്ങളാണ് കെ.എസ്.ഇ.ബി നേരിട്ട് വൈദ്യതോത്പാദനം നടത്തുന്നവ.

മൂങ്കിൽമട സൗരോർജ നിലയത്തിന്റെ നിർമ്മാണത്തിന് കുറഞ്ഞ ദർഘാസ് തുക കണക്കാക്കിയിട്ടുള്ളത് 28.825 കോടി രൂപയാണ്. ഇതിൽ 1.05 കോടി രൂപ കേന്ദ്രസഹായമാണ്. പ്ലാന്റിന്റെ അഞ്ചുവർഷത്തെ നടത്തിപ്പും അറ്റകുറ്റപ്പണിയും അടക്കമുള്ള ചെലവ് ജി.എസ്.ടി ഇല്ലാതെ 22.525 കോടി രൂപ വരും.

മൂങ്കിൽമട സൗരോർജ നിലയത്തിൽ നിന്ന് 33 കെ.വി വണ്ണാമട സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നതിന് നാല് കിലോമീറ്റർ ഭൂഗർഭ കേബിളും മറ്റ് അനുബന്ധ സംവിധാനങ്ങളും ഒരുക്കും. ഇതിന് 3.7 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. നിലയത്തിനായി ഭൂമിയേറ്റെടുക്കുന്നതിന് ജലസേചന വകുപ്പുമായി കരാറുണ്ടാക്കുമെന്നും അധികൃതർ പറഞ്ഞു. പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിനുള്ള ശരാശരി ചെലവിന്റെ (എ.പി.പി.സി) മൂന്ന് ശതമാനം കണക്കാക്കി പാട്ടത്തുക നിശ്ചയിക്കും. കെ.എസ്.ഇ.ബിയുടെയും ജലസേചന വകുപ്പിന്റെയും ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്ന് ഇതിനുള്ള വ്യവസ്ഥകൾ സംബന്ധിച്ച് തീരുമാനമെടുക്കും.