kayakalp

പാലക്കാട്: ജില്ലയിലെ ഏഴ് ആശുപത്രികൾക്ക് മികച്ച പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ കായകൽപ്പ് പുരസ്കാരം. ജില്ലയിലെ മികച്ച കുടുംബാരോഗ്യ കേന്ദ്രത്തിനുള്ള ഒന്നാംസ്ഥാനം കുമരംപുത്തൂർ കുടുംബ ആരോഗ്യകേന്ദ്രം കരസ്ഥമാക്കി. രണ്ട് ലക്ഷം രൂപയാണ് സമ്മാനത്തുക. രണ്ടാംസ്ഥാനം കിഴക്കഞ്ചേരി, പൂക്കോട്ടുകാവ് കുടുംബാരോഗ്യ കേന്ദ്രങ്ങൾ പങ്കിട്ടു. ഇവർക്ക് 50,000 രൂപ വീതമാണ് അവാർഡ് തുക.

ആരോഗ്യ ഉപകേന്ദ്രങ്ങൾക്കുള്ള ഒരു ലക്ഷം രൂപയുടെ അവാർഡിന് വടകരപ്പതി ഹെൽത്ത് വെൽനെസ് സെന്റർ അർഹമായി. അർബൻ പ്രൈമറി ഹെൽത്ത് സെന്റർ വിഭാഗങ്ങളെ മൂന്ന് ക്ലസ്റ്ററായി തിരിച്ചാണ് അവാർഡ് നൽകിയത്. അതിൽ രണ്ടാം ക്ലസ്റ്ററിൽ ഷൊർണൂർ നഗരസഭയിലെ കുളപ്പുള്ളി അർബൻ പ്രൈമറി ഹെൽത്ത് സെന്ററിന് രണ്ടാംസ്ഥാനം ലഭിച്ചു. 1.5 ലക്ഷം രൂപയാണ് സമ്മാനം. വിവിധ മേഖലകളിൽ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ ഏറ്റവും കൂടതൽ മാർക്ക് ലഭിച്ച പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനാണ് രണ്ടുലക്ഷം രൂപയുടെ അവാർഡ്. 70 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ച രണ്ട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിനാണ് 50,000 രൂപ വീതം അവാർഡ് നൽകുന്നത്. ഉപജില്ലാതലത്തിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ കോട്ടത്തറ ട്രൈബൽ ആശുപത്രിക്ക് ഒരു ലക്ഷം രൂപയുടെ അവാർഡുണ്ട്. 79.35 ശതമാനം മാർക്കുണ്ട്. സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ കൊപ്പം ആശുപത്രിക്കും ഒരു ലക്ഷം രൂപയുടെ അവാർഡ് ലഭിച്ചു.