chicken-price

പാലക്കാട്: സംസ്ഥാനത്ത് ബ്രോ‌യ്‌ലർ കോഴിയിറച്ചി വില കുത്തനെ കുറഞ്ഞു. തമിഴ്നാട്ടിൽ നിന്നുള്ള കോഴിയുടെ വരവ് ഉയർന്നതാണ് വില കുറയാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. രണ്ടാഴ്ച മുമ്പ് 160 ആയിരുന്ന കോഴിയിറച്ചിയുടെ വിലയാണ് ഇപ്പോൾ 90 രൂപയിലെത്തിയത്.

തമിഴ്നാട്ടിൽ ആടിമാസമായതിനാൽ ഇറച്ചി വില്പനയിൽ വലിയ കുറവുണ്ടായി. ഇതോടെ അവിടെ നിന്നുള്ള കയറ്റുമതി കൂടുതലായി. കേരളത്തിലും രാമായണ മാസമായതിനാലും ശക്തമായ മഴയെതുടർന്നുള്ള ദുരിതവും കച്ചവടം കുറയാൻ ഇടയാക്കി. ഇതോടെ കടകളിൽ സ്റ്റോക്ക് ചെയ്ത കോഴികളെ കിട്ടുന്ന വിലയ്ക്ക് വിറ്റഴിക്കാൻ നിർബന്ധിതരായെന്നും കച്ചവടക്കാർ പറയുന്നു. ഹോൾസെയിൽ,​ റീടെയിൽ കച്ചവടകേന്ദ്രങ്ങളിൽ എത്തിച്ച കോഴികളിൽ പലതും 2.5 കിലോ തൂക്കമെത്തി. കച്ചവടമില്ല എന്നതിനാൽ ഇനിയും കോഴികളെ തീറ്റകൊടുത്ത് പരിപാലിക്കാൻ പറ്റാത്ത സ്ഥിതിയാണ്. ഇതോടെ കച്ചവടക്കാർ വില കുറച്ച് കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ ഏഴുമാസമായി 140 രൂപയ്ക്ക് മുകളിൽ തുടരുകയായിരുന്ന വിലയാണ് ഇപ്പോൾ നൂറിന് താഴെയായത്. ചൂട് കാരണം കഴിഞ്ഞ മാസങ്ങളിൽ അമ്മക്കോഴികൾ (മദർ ബേഡ്)​ കൂട്ടത്തോടെ ചത്തിരുന്നു. ഇതോടെ മുട്ടഉത്പാദനവും കുഞ്ഞുവിരിയിക്കലും ഗണ്യമായി കുറഞ്ഞു. ഇതാണ് കഴിഞ്ഞ മാസങ്ങളിൽ വില ഉയരാൻ ഇടയാക്കിയത്.

ഏജന്റുമാർ കോഴികളെ വാങ്ങുന്നത് 65 രൂപയ്ക്ക്

അതേസമയം പെട്ടെന്നുള്ള വിലക്കുറവ് കോഴി ഫാം നടത്തിപ്പുകരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 65 രൂപയ്ക്കാണ് ഫാമുകളിൽ നിന്ന് ഏജന്റുമാർ ഇപ്പോൾ കോഴികളെ വാങ്ങുന്നത്. സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഫാമുകളിൽ വലിയ തോതിൽ കോഴികൾ ഉള്ളതിനാൽ ഏജന്റുമാർ പറയുന്ന വിലയ്ക്ക് നൽകേണ്ട അവസ്ഥയിലാണ് കർഷകർ.