പാലക്കാട്: മഴതോർന്നതോടെ ജില്ലയിലെ നെൽപ്പാടങ്ങളിൽ ഓലകരിച്ചിലും മുഞ്ഞയും വ്യാപകമാകുന്നു. നെന്മാറ, കാവശ്ശേരി, ആലത്തൂർ, കുഴൽമന്ദം, കൊല്ലങ്കോട്, ചിറ്റൂർ, തത്തമംഗലം, പൊൽപ്പുള്ളി, പാലക്കാട്, ശ്രീകൃഷ്ണപുരം മേഖലകളിലാണ് രോഗം പടർന്നുപിടിച്ചിട്ടുള്ളത്. നെല്ലിൽ 75 ശതമാനം വരെ വിളനാശത്തിന് കാരണമാകുന്ന രൂക്ഷമായ രോഗമാണു ബാക്ടീരിയൽ ഓലകരിച്ചിൽ. ഇടയ്ക്കിടെ വെയിൽ തെളിയുന്ന മൂടിക്കെട്ടിയ കാലാവസ്ഥയാണ് ബാക്ടീരിയമൂലമുള്ള ഓലകരിച്ചിൽ രോഗം പടരാൻ കാരണം. രോഗം ബാധിച്ച പാടശേഖരങ്ങളിലെ വെള്ളം വരുന്ന സ്ഥലങ്ങളിലും പാടത്തും ബ്ലീച്ചിംഗ് പൗഡർ ചെറിയ കിഴികളിലാക്കി വിതറുന്നതും രോഗം രൂക്ഷമായ പാടങ്ങളിൽ ആന്റിബയോട്ടിക് മിശ്രിതം തളിക്കുന്നതുമാണു രോഗവ്യാപനം തടയാനുള്ള മാർഗം. ഫലപ്രദമായി പ്രതിരോധിച്ചില്ലെങ്കിൽ ഓലകൾ പൂർണമായും കരിഞ്ഞുപോകും. കതിരുകൾ ചണ്ടിയായി മാറും. മഴ മാറിയ കാലാവസ്ഥ ബാക്ടീരിയകളുടെ അതിവേഗ വ്യാപനത്തിന് കാരണമായി.
ചെലവ് 2500-3000 രൂപ
ഓലകരിച്ചിലും മുഞ്ഞയും വ്യാപിച്ച പാടശേഖരങ്ങളിൽ പ്രതിരോധ നടപടികൾ ശാസ്ത്രീയ രീതിയിൽ നടപ്പാക്കുന്നതിന് ചെലവേറെയാണ്. മരുന്നുകളുടെ വിലക്കയറ്റവും തൊഴിലാളികളുടെ കൂലിച്ചെലവും വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതായി കർഷകർ പറയുന്നു. ഒരുഹെക്ടർ പാടത്തിന് 2,500 മുതൽ 3,000 രൂപവരെയാണ് ചെലവ്. ഓലകരിച്ചിലും മുഞ്ഞയും ബാധിച്ച പാടങ്ങളിൽ ഒരേസമയത്ത് രണ്ടിനും മരുന്ന് തളിക്കാനാവാത്ത സ്ഥിതിയുമുണ്ട്.
രോഗ ലക്ഷണങ്ങൾ
നെല്ലോലയ്ക്ക് തുടക്കത്തിൽ പച്ചനിറത്തിലുള്ള വാട്ടംവരും. പിന്നീട് ഉണങ്ങി വൈക്കോൽ പോലെയാവും. തുടക്കത്തിൽ പാടത്തെ ഒരുഭാഗത്തുമാത്രം കാണുന്ന ലക്ഷണങ്ങൾ പിന്നീട് എല്ലായിടത്തേക്കും വ്യാപിക്കും. വെള്ളത്തിലൂടെയാണ് രോഗാണു പടരുന്നത്.
ഇലപ്പേൻ, മണ്ഡരി എന്നിവയുണ്ടായ പാടങ്ങളിൽ, നെല്ലോലയിലെ മുറിവുകളിലൂടെ അതിവേഗം രോഗം വ്യാപിക്കും. മണ്ണിലൂടെയും കാറ്റിലൂടെയും രോഗംപടരാനും സാധ്യതയുമേറെയാണ്.
രോഗമുണ്ടെന്ന് സംശയിക്കുന്ന ചെടിയുടെ തണ്ടിന്റെ അടിഭാഗം മുറിച്ച് തെളിഞ്ഞ വെള്ളത്തിലിട്ടാൽ രോഗാവസ്ഥ തിരിച്ചറിയാം. ബാക്ടീരിയയുടെ സ്രവം വെള്ളത്തിൽ പടരും. രോഗബാധ നിയന്ത്രിച്ച് വ്യാപനം തടയുന്നതിന് മുന്നൊരുക്കം അനിവാര്യമാണ്.
പ്രതിരോധ മാർഗങ്ങൾ
കരിച്ചിൽകാണുന്ന ചെടികൾക്കുചുറ്റും ബ്ലീച്ചിംഗ് പൗഡർ കിഴികെട്ടിയിടണം
വെള്ളം ഒഴുകിവരുന്ന ചാലുകളിൽ ഏക്കറിന് നാലുകിലോ തോതിൽ ചെറിയ കിഴികളിലാക്കി ബ്ലീച്ചിങ് പൗഡർ കെട്ടിയിടാം.
കടുത്ത രോഗബാധയുള്ള പാടത്ത് ബാക്ടീരിയ നാശിനിയായ കെസൈക്ലിൻ തളിക്കാം. ഏക്കറിന് 40 ഗ്രാം 200 ലിറ്റർ വെള്ളത്തിൽ കലക്കിയാണ് തളിക്കേണ്ടത്.
സ്ട്രൈപ്രാമൈസിൻ സൾഫേറ്റ്, ടെട്രാസൈക്ലിൻ ഹൈഡ്രോക്ലോറൈഡ് എന്നിവ അടങ്ങിയ ബാക്ടീരിയൽ നാശിനിയും ഫലപ്രദമാണ്. ഏക്കറിന് 40 ഗ്രാം വീതം 200 ലിറ്റർ വെള്ളത്തിൽ കലക്കിയാണ് തളിക്കേണ്ടത്.