ചിറ്റൂർ: തമിഴ്‌നാട് അതിർത്തി പങ്കിടുന്ന ചിറ്റൂരിലൂടെ കെ.എസ്.ആർ.ടി.സി അനുവദിച്ച എട്ട് പുതിയ ബസ് സർവീസുകൾക്കായി ജനങ്ങൾ കാത്തിരിപ്പ് തുടങ്ങിയിട്ട് എട്ട് മാസം. ചിറ്റൂർ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ജോലികൾക്കും കച്ചവട ആവശ്യങ്ങൾക്കുമായി നിരവധി ആളുകൾ ദിവസേന കോയമ്പത്തൂരിലേക്കും പൊള്ളാച്ചിയിലേക്കും പോകാറുണ്ട്. കടുത്ത യാത്രാക്ലേശം അനുഭവിക്കുന്ന ഇവരുടെ നിരന്തര മുറവിളികളെ തുടർന്ന് നീണ്ടകാലത്തെ കാത്തിരിപ്പിന് ശേഷമാണ് പുതിയ ബസ് സർവീസുകൾ അനുവദിച്ചത്. 2024 ജനുവരി 5ന് ചിറ്റൂർ വഴി പൊള്ളാച്ചിയിലേക്കും കോയമ്പത്തൂരിലേക്കുമായി 8 ബസ്സുകൾ റൂട്ടും ബസ്സിന്റെ നമ്പറും ഡിപ്പോയും ഉൾപ്പടെ എല്ലാം വ്യക്തമാക്കി ഉത്തരവ് ഇറക്കിയിരുന്നു.
എന്നാൽ ഇവയിലൊന്നും പോലും സർവീസ് ആരംഭിച്ചിട്ടില്ല. റൂട്ട് പാസായിട്ടുണ്ടെങ്കിലും സർവീസ് തുടങ്ങാൻ മുകളിൽ നിന്ന് നിർദ്ദേശം ലഭിച്ചിട്ടില്ല എന്നാണ് അറിയുന്നത്. സർക്കാർ ഉത്തരവ് നടപ്പിലാക്കാൻ ഇനി ആരുടെ നിർദ്ദേശമാണ് ലഭിക്കേണ്ടതെന്ന് ചിറ്റൂർ പ്രതികരണവേദി ഭാരവാഹികൾ ചോദിക്കുന്നു. കളക്ഷൻ ഉണ്ടാകില്ലെന്നാണ് ചില ഉദോഗസ്ഥൻമാരുടെ ന്യായീകരണം. ഓടാത്ത ബസ്സിന്റെ കളക്ഷൻ എങ്ങിനെയാണ് വിലയിരുത്തുവാൻ കഴിയുക. ചിറ്റൂർ വഴി തമിഴ്നാട്ടിലേക്ക് സർവീസ് നടത്തുന്ന നിലവിലെ ബസുകളിലെ കളക്ഷൻ പരിശോധിച്ചാൽ ലാഭമാണോ നഷ്ടമാണോ എന്ന് മനസ്സിലാക്കാൻ കഴിയും. എട്ട് ബസ്സുകൾ ഒരുമിച്ച് ഇറക്കിയില്ലെങ്കിലും രണ്ടെണ്ണം കോയമ്പത്തൂരിലേക്കും ഒന്ന് പൊള്ളാച്ചിയിലേക്കുമെങ്കിലും സർവീസ് നടത്താൻ തയാറാകണമെന്ന് ആവശ്യപ്പെട്ട് പ്രതികരണവേദി പ്രസിഡന്റ് വകുപ്പുമന്ത്രി, ചിറ്റൂർ എം.എൽ.എയും വൈദ്യുതി മന്ത്രിയുമായ കെ.കൃഷ്ണൻകുട്ടി, ജില്ലാകളക്ടർ എന്നിവർക്ക് പരാതി നൽകി.
എട്ട് ബസ്സുകൾ ഒന്നിച്ചു ലഭിച്ചപ്പോൾ ചിറ്റൂർ നിവാസികൾ ഏറെ സന്തോഷിച്ചിരുന്നു. എന്നാൽ ഏഴു മാസം കഴിഞ്ഞിട്ടും ഒരു ബസ് പോലും ഓടുന്നില്ല എന്നത് വളരെ ഖേദകരമാണ്. ഇതേക്കുറിച്ചറിയാൻ ഓഫീസുകളിൽ ബന്ധപ്പെട്ടാൽ വ്യക്തമായ മറുപടിയും ലഭിക്കുന്നില്ല. എ.ശെൽവൻ, പ്രസിഡന്റ്, ചിറ്റൂർ പ്രതികരണവേദി