പാലക്കാട്: തൂത്തുക്കുടിയിലേക്ക് നീട്ടിയ പാലക്കാട്-തിരുനെൽവേലി പാലരുവി(16791-92) എക്സ്‌പ്രസ് ഇന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഫ്ലാഗ് ഓഫ് ചെയ്യും. ഹൗറ-എറണാകുളം അന്ത്യോദയ എക്സ്‌പ്രസിന്(22887-88) ആലുവയിൽ സ്റ്റോപ്പ് അനുവദിച്ചതിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. ഒലവക്കോട് റെയിൽവേ (പാലക്കാട് ജംഗ്ഷൻ) സ്റ്റേഷനിൽ വൈകിട്ട് 3.30ന് നടക്കുന്ന പരിപാടിയിൽ മന്ത്രി വി.അബ്ദുറഹിമാൻ, വി.കെ.ശ്രീകണ്ഠൻ എം.പി, കെ.പ്രേംകുമാർ എം.എൽ.എ, പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ, കൗൺസിലർ ദീപ മണികണ്ഠൻ എന്നിവർ പങ്കെടുക്കും.
സമയക്രമം
ദിവസവും വൈകിട്ട് 4.05ന് പാലക്കാട് നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 4.35ന് തിരുനെൽവേലിയിലും 6.40ന് തൂത്തുക്കുടിയിലും എത്തും. ഒറ്റപ്പാലം, തൃശൂർ, അങ്കമാലി, ആലുവ, എറണാകുളം ടൗൺ, തൃപ്പൂണിത്തുറ, മുളന്തുരുത്തി, പിറവം റോഡ്, വൈക്കം റോഡ്, കുറുപ്പന്തറ, ഏറ്റുമാനൂർ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, ചെറിയനാട്, മാവേലിക്കര, കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി, ശാസ്താംകോട്ട, മൺറോത്തുരുത്ത്, പെരിനാട്, കൊല്ലം, കിളികൊല്ലൂർ, കുണ്ടറ, എഴുകോൺ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ, തെന്മല, ചെങ്കോട്ട, തെങ്കാശി, പവുർചത്രം, കിളകടായം, അംബാസമുദ്രം, ചേരൻമഹാദേവി, ടൂടി മേലൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. മടക്ക ട്രെയിൻ രാത്രി 10ന് പുറപ്പെട്ട് 11.25ന് തിരുനെൽവേലിയിലും പിറ്റേന്ന് ഉച്ചയ്ക്ക് 12ന് പാലക്കാടും എത്തിച്ചേരും.
പൊള്ളാച്ചിയെ ഒഴിവാക്കിയതിൽ പ്രതിഷേധം
കോട്ടയം, കൊല്ലം വഴി തിരുനെൽവേലി വരെ സർവീസ് നടത്തിയിരുന്ന പാലരുവി എക്സ്‌പ്രസിന്റെ നിലവിലെ സമയം മാറ്റാതെയാണ് തൂത്തുക്കുടിയിലേക്ക് നീട്ടിയത്. അതേസമയം ട്രെയിൻ പൊള്ളാച്ചിവരെ നീട്ടണമെന്ന യാത്രക്കാരുടെയും പാലക്കാട്ടുകാരുടെയും ആവശ്യം അവഗണിച്ചാണ് തമിഴ്നാട്ടിലെ ജനപ്രതിനിധികളുടെ സമ്മർദ്ദത്തെ തുടർന്ന് തൂത്തുക്കുടിയിലേക്ക് നീട്ടിയതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ട്രെയിൻ പൊള്ളാച്ചിയിലേക്ക് നീട്ടിയിരുന്നുവെങ്കിൽ പുതുനഗരം, കൊല്ലങ്കോട്, മുതലമട, മീനാക്ഷിപുരം മേഖലകളിൽ നിന്നുള്ള യാത്രക്കാർക്ക് ഏറെ ഗുണകരമായേനെ. ഉച്ചക്ക് 12ന് പാലക്കാട് എത്തുന്ന ട്രെയിൻ വൈകീട്ട് 4.05നാണ് തിരികെ പോകുന്നത്. പാലക്കാട് അഞ്ചാമത്തെ ട്രാക്കിൽ ഇത്രയും സമയം ട്രെയിൻ നിറുത്തിയിടുന്നതിനാൽ ഈ പ്ലാറ്റ്‌ഫോം മറ്റു വണ്ടികൾക്ക് ഉപയോഗപ്പെടുത്താൻ കഴിയുന്നില്ലെന്നും പരാതിയുണ്ട്.
പൊള്ളാച്ചിവരെ നീട്ടിയാൽ യാത്രാ ക്ലേശത്തിനും ഒപ്പം പ്ലാറ്റ്‌ഫോമിലെ സങ്കേതിക പ്രശ്നത്തിനും പരിഹാരമാവും. പാലക്കാട്-പൊള്ളാച്ചി റൂട്ടിലെ ലൈൻ മാറ്റത്തിനുശേഷം ഈ റൂട്ടിൽ പകൽ സമയത്ത് ട്രെയിനുകളില്ല. രാവിലെ ആറിന് പുറപ്പെടുന്ന പാലക്കാട്-തിരുചെന്തൂർ ട്രെയിൻ കഴിഞ്ഞാൽ വൈകീട്ട് നാലിനുള്ള പാലക്കാട്-ചെന്നൈ സൂപ്പർഫാസ്റ്റ് ട്രെയിനാണുള്ളത്. ഇതിനാകട്ടെ പാലക്കാട് കഴിഞ്ഞാൽ പൊള്ളാച്ചിയിലാണ് സ്റ്റോപ്പുള്ളത്.