mathakode
സംസ്ഥാന നെൽകതിർ അവാർഡ് നേടിയ കൊല്ലങ്കോട് മാതക്കോട് പാടശേഖരസമിതി അംഗങ്ങൾ

കൊല്ലങ്കോട്: പരിസ്ഥിതി സൗഹൃദ കൃഷിയുടെ വിജയഗാഥ രചിച്ച കൊല്ലങ്കോട്ടെ മാതക്കോട് പാടശേഖരസമിതിക്ക് സംസ്ഥാന നെൽകതിർ അവാർഡിന്റെ പൊൻ തിളക്കം. മൂന്ന് ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റും പുരസ്‌കാരം കർഷക ദിനമായ 17 ന് തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. കൊല്ലങ്കോട് കൃഷിഭവന്റെ കീഴിലുള്ള 150 ഏക്കർ വയലിലാണ് പരിസ്ഥിതി സൗഹൃദ കൃഷിരീതികളുമായി പാടശേഖര കൂട്ടായ്മ മുന്നോട്ടുപോകുന്നത്.

132 ഏക്കറിൽ നെൽകൃഷിയും 18 ഏക്കറിൽ ഇതര വിളകളുമാണ് മാതക്കോട് കൃഷി ചെയ്തിട്ടുള്ളത്. രാസവളങ്ങളുടെ ഉപയോഗം പരമാവധി കുറക്കുന്നതിന്റെ ഭാഗമായി ഒന്നാം വിളയിൽ നെൽ വിത്തിനോടൊപ്പം ഡാബോൽക്കർ കൃഷി രീതിയിൽ പയർ വർഗങ്ങൾ, എണ്ണക്കുരുക്കൾ എന്നിവ വിതച്ചു. ഇതു വഴി നൈട്രജൻ വളങ്ങളുടെ ഉപയോഗം കുറച്ചു. കൂടാതെ പാട വരമ്പുകളിൽ ചെണ്ടുമല്ലി, തുളസി, പയർ, തുവര, വെണ്ട എന്നിവ വച്ചു പിടിപ്പിച്ചു മിത്ര പ്രാണികളുടെ എണ്ണം വർദ്ധിപ്പിച്ചു. ശത്രു കീടങ്ങളെ തുരത്തുന്ന ഇക്കോളജിക്കൽ എൻജിനീയറിംഗ് കൃഷി രീതിയും നടപ്പാക്കി. ആർ.എസ്.ജി.പി പദ്ധതി പ്രകാരം 25 ഏക്കറിൽ വിത്തുല്പാദനം നടത്തി.

 ഹെക്ടറിൽ 5500 കിലോ ഉത്പാദനം
 ശാസ്ത്രീയ നെൽ കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി ഡ്രോൺ അതിഷ്ടിത വളപ്രയോഗവും നടത്തി.

 തമിഴ്നാട് കാർഷിക യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത പി.പി.എഫ്.എം ലായനി പ്രയോഗിച്ചു വരൾച്ചയെ നേരിട്ടു.

 വിരിപ്പ് കൃഷിയിൽ മാതക്കോട്ടെ 70 കർഷകരിൽ നിന്നായി 1.44 ലക്ഷം കിലോയും മുണ്ടകൻ കൃഷിയിൽ 60 കർഷകരിൽ നിന്നായി 1.14 ലക്ഷം കിലോയും നെല്ലാണ് സിവിൽ സപ്ലൈസ് കോർപറേഷന് നൽകിയത്.
 ഒരു ലക്ഷം കിലോയോളം പൊതുവിപണിയിലും വിറ്റഴിച്ചു.
 സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ കണക്കനുസരിച്ച് ഹെക്ടറിന് 5500 കിലോയാണ് ഇവിടുത്തെ ഉത്പാദനം.
 മാതക്കോട് ജി.എ.പി റൈസ് എന്ന പേരിൽ കുത്തരിയും മട്ട അവിലും വിപണിയിൽ എത്തിച്ചു. പ്രസിഡന്റ് മോഹനന്റെയും സെക്രട്ടറി പി.ജയപ്രകാശിന്റെയും നേതൃത്വത്തിലുള്ള മാതകോട്ടുകാർക്ക് കൈത്താങ്ങായി കൃഷി അസിസ്റ്റന്റ് ഡയരക്ടർ സ്മിത സാമുവൽ, കൃഷി ഓഫീസർ എം.രാഹുൽ രാജ്, അസിസ്റ്റന്റ് കൃഷി ഓഫീസർ ആർ.പ്രസാദ്, കൃഷി അസ്സിസ്റ്റന്റുമാരായ എസ്.വിദ്യ, കെ.വിനിത, ആത്മ ഫീൽഡ് സ്റ്റാഫുകളായ അസ്ലാം, സ്മിത, കെ.ശ്രീജിത്ത്, എം.പങ്കജം എന്നിവരും കൂടെയുണ്ട്.