palakkad

പൊ​ന്നി​ൻ ചി​ങ്ങം പി​റ​ന്നെങ്കിലും നെ​ൽ​ക​ർ​ഷ​ക​ന്റെ​ ഉ​ള്ളി​ൽ സ​ങ്ക​ടപ്പെരുമ​ഴ​പെയ്ത്താണ്. വേനലായാലും മഴയായലും കർഷകരുടെ ദുരിതത്തിന് അറുതിയില്ല. കഴിഞ്ഞ കുറച്ചുകാലമായി പാലക്കാട്ടെ പാടങ്ങളിൽ കണ്ണീർ കൊയ്ത്താണ്. കേരളത്തിൽ അതിവേഗം ലാഭകരമല്ലാതായി മാറിക്കൊണ്ടിരിക്കുകയാണ് മുഖ്യ ഭക്ഷ്യവിള കൂടിയായ നെല്ല്. നെൽകൃഷി ചെയ്യുന്നവരുടെ എണ്ണവും ഭൂമിയുടെ വിസ്തൃതിയും കുറഞ്ഞു. ഒരു കൃഷിയുടെ തകർച്ച എന്ന നിലയ്ക്കുമാത്രമല്ല, നമ്മുടെ ഭക്ഷ്യസുരക്ഷയും ഭക്ഷ്യസ്വയംപര്യാപ്തതയുമായി ബന്ധപ്പെട്ട ഗൗരവകരമായ ചോദ്യങ്ങൾ നെൽകൃഷിയുടെ തകർച്ച മുന്നോട്ടുവക്കുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം.

ചിങ്ങം ഒന്ന്,​ കർഷകദിനമായി ആഘോഷിക്കുന്ന വേളയിൽ നെല്ലറയിലെ കർഷകർ സമരത്തിലാണ്. അതിജീവനത്തിനായുള്ള സന്ധിയില്ലാ സമരത്തിൽ. വന്യമൃഗശല്യം, നെല്ല് സംഭരണത്തിലെ അപാകതകൾ, ജലസേചന സൗകര്യം ഒരുക്കുന്നതിലെ പാളിച്ചകൾ, അന്തർ നദീജല കരാർ പ്രകാരം വെള്ളം നേടിയെടുക്കുന്നതിലെ ഉദ്യോഗസ്ഥരുടെ അലംഭാവം, നാളികേര സംഭരണം എന്നിങ്ങനെ കർഷകർ അനുഭവിക്കുന്ന നിരവധി വിഷയങ്ങൾ ഉയർത്തിപ്പിടിച്ചാണ് കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കർഷകർ പാലക്കാട് കളക്ടറേറ്റിന് മുന്നിൽ റിലേ സത്യഗ്രഹം ആരംഭിക്കുന്നത്. അഞ്ചുദിവസം നീണ്ടുനിൽക്കുന്ന സമരം ചലച്ചിത്ര താരം കൃഷ്ണപ്രസാദാണ് ഉദ്ഘാടനം ചെയ്യും.

നെൽകൃഷിമേഖലയിലെ തകർച്ച, നഷ്ടം സഹിച്ച് കൃഷിചെയ്യുന്ന ഒരുവിഭാഗം കർഷകരുടെ ജീവിത തകർച്ച കൂടിയാണ്. നാണ്യവിളകളുടേത് പോലുള്ള വിലപേശൽശേഷി നെല്ലിന് ഇല്ലാത്തതിനാൽ നെൽകർഷകരുടെ ജീവിതനഷ്ടം വിപണിയുടെയോ അതിനെ നിയന്ത്രിക്കുന്ന അധികാര സംവിധാനങ്ങളുടെയോ വിഷയമായി മാറിയിട്ടില്ല.​ താൽക്കാലിക ഭരണനടപടിയെന്ന നിലയ്ക്കുമാത്രമാണ് കേരളത്തിലെ നെൽകർഷകരുടെ പ്രതിസന്ധികൾ കൈകാര്യം ചെയ്യപ്പെടുന്നത്. അതുകൊണ്ടുതന്നെയാണ് നെല്ല് സംഭരണത്തിന്റെ പ്രശ്നങ്ങൾ സ്ഥായിയായ പരിഹാരമില്ലാതെ തുടരുന്നതും.

1959ൽ കേരളത്തിൽ 19.54 ലക്ഷം ഏക്കറിലാണ് നെൽകൃഷിയുണ്ടായിരുന്നത്, 2021 - 22 ആയപ്പോൾ അത് 1.95 ലക്ഷം ഹെക്ടറായി കുറഞ്ഞു. ഇന്നത് 1.75 ലക്ഷം ഹെക്ടറിലേക്ക് ചുരുങ്ങി. കേരളത്തിലെ കാർഷിക മേഖലയെയും കൃഷിക്കാരെയും സംരക്ഷിക്കാൻ ബൃഹത്തായ പാക്കേജുകൾ അത്യാവശ്യമാണ്. എല്ലായിടത്തെയും അനുഭവം അതാണ്. കൃഷിക്കാരന് കാർഷിക സാമഗ്രികൾ നൽകുക, ജലസേചനം ഉറപ്പാക്കുക, കൂടുതൽ വരുമാനം, വിപണി സൗകര്യങ്ങൾ, സാങ്കേതിക ഉപദേശങ്ങൾ എന്നിവയടങ്ങുന്ന സമഗ്ര പാക്കേജ് ആണ് പ്രധാനം. ഒപ്പം തന്നെ ന്യായവിലയും വിപണനവും ഉറപ്പാക്കണം.

സംഭരണത്തിലെ പാളിച്ചകൾ പരിഹരിക്കണം

കേരളത്തിലെ ഇപ്പോഴത്തെ നെല്ല് സംഭരണ രീതി പരിമിതികൾ നിറഞ്ഞതാണ്. അതിനാൽതന്നെ കർഷകർക്ക് വരുമാനം ലഭിക്കാൻ കാലതാമസം ഉണ്ടാക്കുന്നു. കേരളത്തിൽ നെല്ല് സംഭരിക്കാനുള്ള ഉത്തരവാദിത്വം നൽകിയിരിക്കുന്നത് സപ്ലൈക്കോയ്ക്കാണ്. സിവിൽ സപ്ലൈസ് നെല്ല് സംഭരിച്ച് അരിയാക്കി കേന്ദ്ര പൂളിലേക്ക് നൽകുമ്പോൾ കേന്ദ്രവിഹിതം സപ്ലൈക്കോയുടെ അക്കൗണ്ടിലേക്കു വരും. ഇത് സംസ്ഥാന വിഹിതവും ചേർത്ത് കർഷകരുടെ അക്കൗണ്ടിലേക്കു നൽകുന്ന രീതിയാണ് നിലവിലുള്ളത്. മില്ലുകൾ ഏറ്റെടുക്കുന്ന നെല്ല് കുത്തി നമ്മുടെ തന്നെ പൊതുവിതരണ സമ്പ്രദായത്തിലേക്ക് എത്തുകയാണ് ചെയ്യുന്നത്. അത് കഴിയുമ്പോൾ മാത്രമേ കേന്ദ്ര സർക്കാരിൽ നിന്നും തുക ലഭിക്കുകയുള്ളൂ. ആ ഒരു കാലതാമസം കർഷകരുടെ കയ്യിൽ പണമെത്തുന്നതിനെ വൈകിപ്പിക്കുന്നു. അപ്പോൾ സംസ്ഥാന സർക്കാരിന് ഇത് മുൻകൂട്ടി നൽകേണ്ടിവരും. പാടത്ത് നിന്നും നെല്ല് എടുക്കാനുള്ള കാലതാമസം, അത് കുത്തി പൊതുവിതരണ സമ്പ്രദായത്തിലേക്ക് എത്താനുള്ള താമസം, ഇതിന്റെ കണക്കുകൾ കൊടുക്കാനുള്ള സമയം ഇതെല്ലം കർഷകർക്ക് പണം ലഭിക്കുന്നതിന് കാലതാമസമുണ്ടാക്കുന്നു. കേന്ദ്രത്തിൽ നിന്നുള്ള വിഹിതത്തിന് കാത്തുനിൽക്കാതെ കർഷകർക്ക് തുക നൽകണമെങ്കിൽ ഇത് മുൻകൂട്ടി കണ്ട് ബഡ്ജറ്റിൽ വകയിരുത്തേണ്ടി വരും. ഇത് വലിയൊരു പ്രശ്നമായി നിലനിൽക്കുന്നു.

കൃഷിക്കാരന്റെ നെല്ല് അളക്കുമ്പോൾ തന്നെ സിവിൽ സപ്ലൈസ് കോർപറേഷന്റെ കയ്യിൽ പണം ഉണ്ടായാലേ ഈ പ്രശനം പരിഹരിക്കാനാവു. എത്ര തുക വേണമെന്ന് മുൻക്കൂട്ടി കാണുവാനും അതിനനുസരിച്ച് ഒരുക്കങ്ങൾ നടത്തുവാനും സർക്കാർ തയ്യാറാവുകയും വേണം. നെല്ല് സംഭരിച്ച് സൂക്ഷിച്ചുവയ്ക്കാനുള്ള സൗകര്യവും കർഷകർക്കും, സർക്കാരിനും പരിമിതമാണ്. കൊയ്ത്തിന് ശേഷം നെല്ല് പാടത്ത് നിന്നും എടുക്കുന്നതിലും ചിലപ്പോൾ കാലതാമസം വരാറുണ്ട്. ഇതുമൂലം നെല്ലിൽ ഈർപ്പത്തിന്റെ അളവ് കൂടാറുണ്ട്. ഈർപ്പത്തിന്റെ അളവ് കൂടിയാലും ലഭിക്കുന്ന തുക വീണ്ടും കുറയും. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഈ വിവിധങ്ങളായി പ്രശ്നങ്ങളെ സർക്കാർ ഗൗരവത്തോടെ പരിഗണിക്കേണ്ടതുണ്ട്.


താങ്ങുവില പുതുക്കി നിശ്ചയിക്കണം

സംസ്ഥാനത്താകെയുള്ള നെൽകർഷകർ നേരിടുന്ന പ്രതിസന്ധികളുടെ പട്ടിക നീണ്ടുപോകുകയാണ്. ഇതിൽ ഏറ്റവും പ്രധാനം ഉത്പാദിപ്പിച്ച നെല്ലിന് അർഹതപ്പെട്ട വിഹിതം നൽകുന്നില്ലെന്നതാണ്. നെല്ലിന്റെ വിലയല്ല കേരള സർക്കാർ കർഷകർക്ക് നൽകുന്നത്. ഇൻസെന്റീവാണ്, വിവിധഘട്ടങ്ങളിലായി വർദ്ധിപ്പിച്ചത് അടക്കം നിലവിൽ കർഷകർക്ക് ന്യായമായും ലഭിക്കേണ്ടത് 9.52 രൂപയാണ്. നിലവിൽ ലഭിക്കുന്നതാകട്ടെ 6.37 രൂപയും, 3.15 പൈസയുടെ കുറവുണ്ട്. ഇങ്ങനെയെങ്കിൽ ഒരു ലോഡ് നെല്ലിന് 31,​500 രൂപയുടെ നഷ്ടമാണ് കർഷകർ നേരിടുന്നത്. കഴിഞ്ഞ തവണ 21.83 രൂപയായരുന്നു നെല്ലിന്റെ താങ്ങുവില. അതായത് ഒരു ക്വിന്റൽ നെല്ലിന് 2183 രൂപയാണ് ലഭിക്കുക. കർഷകരിൽ നിന്ന് നെല്ല് സംഭരിക്കുന്നതിന് സപ്ലൈക്കോയ്ക്ക് കേന്ദ്രം ഈ തുക നൽകുമ്പോൾ സപ്ലൈക്കോ ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യയ്ക്ക് 68 കിലോ അരി കൊടുക്കുന്നുണ്ട്. ഒരു കിലോ പാലക്കാടൻ മട്ടയ്ക്ക് മാർക്കറ്റിൽ 50 രൂപയാണ് വില. അങ്ങനെയെങ്കിൽ 68 കിലോയ്ക്ക് 3400 രൂപ വരും. കർഷകന് നഷ്ടം 1217 രൂപ. ഇത് ഒരു ലോഡിനാകുമ്പോൾ 1.21 ലക്ഷം രൂപയാകും. ഇത് അടിയന്തരമായി പരിഹരിക്കണം. അരിവിലയുടെ തോതനുസരിച്ച് നെല്ലുവില കണക്കാക്കുകയും താങ്ങുവില നിശ്ചയിക്കുകയും വേണം. 35 രൂപയെങ്കിലും കേന്ദ്രത്തിന്റെ താങ്ങുവിലയായി ലഭിക്കണം.

അർഹതപ്പെട്ട വെള്ളം നേടിയെടുക്കണം

പാലക്കാട് ജില്ലയിൽ മുതലമടയിൽ അഞ്ച് ഡാമുകളുണ്ടെങ്കിലും കുടിക്കാൻ വെള്ളമില്ലാത്ത സ്ഥിതിയാണ്. ഈ പഞ്ചായത്തിൽ നിന്നുള്ള വെള്ളം ഉപയോഗിച്ച് തമിഴ്നാട് നാലേകാൽ ലക്ഷം ഹെക്ടർ സ്ഥലത്ത് കൃഷി ചെയ്യുന്നു. ഈ ദുരവസ്ഥയ്ക്ക് അടിയന്തരമായി പരിഹാരം കാണണം. കേരളത്തിൽ കൃഷി ഒന്നേ മുക്കാൽ ലക്ഷം ഹെക്ടർ മാത്രമാണ്. വേനലിൽ പലപ്പോഴും വാലറ്റ പ്രദേശത്ത് വെള്ളമെത്താറില്ല. അതിന് കനാലുകളുടെ നവീകരണം യഥാസമയം നടപ്പാക്കണം. കൂടാതെ അന്തർ സംസ്ഥാന നദീജല കരാർ പ്രകാരം കേരളത്തിന് ലഭിക്കേണ്ട വെള്ളം നേടിയെടുക്കാൻ സർക്കാരും ഉദ്യോഗസ്ഥരും തയ്യാറാകണം. ആളിയാർ - പറമ്പിക്കുളം പദ്ധതി പ്രകാരം ന്യായമായും ലഭിക്കേണ്ട വെള്ളം കേരളത്തിന് ലഭിക്കാറില്ല. കരാർ പുതുക്താതെ ഇപ്പോഴും പഴയ കരാർ തുടരുന്നത് അപകടമാണ്. അത് തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ സർക്കാരിന് കഴിയണം. നെല്ല്, നാളികേരം, മാവ്, വാഴ, പച്ചക്കറി കർഷകർ വന്യമൃഗശല്യവും രൂക്ഷമാണ്. സൗരോർജ വേലി, തൂക്കു വേലി എന്നിവ നിർമ്മിക്കുക. വനംവകുപ്പ്, ആർ.ആർ.ടി എന്നിവയുടെ മുഴുവൻ സമയ സേവനം ലഭ്യമാക്കുക എന്നിവയാണ് കർഷകർ സർക്കാരിനോട് ആവശ്യപ്പെടുന്നത്.

ഡോ. എം.എസ്.സോമനാഥൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണം

തെന്മലയടിവാരത്ത് മാത്രം നിലവിൽ 23 ഓളം കാട്ടാനകളുണ്ട്. ജനവാസമേഖലയിലെത്തി കൃഷി നശിപ്പിക്കുന്നത് പതിവാണ്. നെല്ലും തെങ്ങും വാഴയും ചക്കയും മാവും തുടങ്ങി കർഷകരുടെ ഒരായുസിന്റെ സമ്പാദ്യമാണ് നശിപ്പിക്കുന്നത്. ഇവയ്ക്ക് സർക്കാർ അനുവദിക്കുന്നതാകട്ടെ തുച്ഛമായ നഷ്ടപരിഹാരമാണ്. ആന ഒരു തെങ്ങ് നശിപ്പിച്ചാൽ 750 രൂപയാണ് സർക്കാർ നഷ്ടപരിഹാരം. ഒരു തെങ്ങിൻ തൈക്ക് നൽകണം 500 രൂപ. മൂന്നു മുതൽ അഞ്ചു വർഷമെടുക്കും അതിൽ നിന്ന് കായ്ഫലം ലഭിക്കാൻ. ഇതെല്ലാം പരിഗണിച്ച് തെങ്ങ് ഒന്നിന് 2500 രൂപയെങ്കിലും നഷ്ടപരിഹാരമായി നൽകണം. ഒരേക്കർ നെൽകൃഷി നശിച്ചാൽ 45,000 രൂപയെങ്കിലും കുറഞ്ഞ നഷ്ടപരിഹാരമായി ലഭ്യമാക്കണം. ഏത് വിളയായായും കർഷകന് ബാദ്ധ്യതയില്ലാത്ത വിധം നഷ്ടപരിഹാരം നൽകണം. ഇതുകൂടാതെ കാട്ടുപന്നിയെ വെടിവെച്ച് കൊല്ലാനുള്ള തീരുമാനം ഊർജിതമായി നടപ്പാക്കണം. ഡോ.എം.എസ് സോമനാഥൻ കമ്മിറ്റി അനുസരിച്ച് താങ്ങുവില നിശ്ചയിക്കണം. അങ്ങനെയെങ്കിൽ 50 രൂപ ഒരു കിലോ നെല്ലിന് നൽകേണ്ടിവരും. അതിന് നിയമ സാധുത നൽകണം. കർഷകന്റെ കണ്ണീർ ശാശ്വതമായി തുടയ്ക്കാൻ സർക്കാർ തയ്യാറാകണം.