kathir

പാലക്കാട്: കാർഷിക സേവനങ്ങൾ വിരൽതുമ്പിൽ ലഭ്യമാക്കാൻ സംസ്ഥാന കൃഷി വകുപ്പ് തയാറാക്കിയ 'കതിർ ആപ്' ചിങ്ങം ഒന്ന് കർഷകദിനമായ ഇന്ന് നിലവിൽ വരും. കേരള അഗ്രികൾചർ ടെക്‌നോളജി ഹബ് ആൻഡ് ഇൻഫർമേഷൻ റെപ്പോസിറ്ററി എന്നതിന്റെ ചുരുക്കപേരാണ് 'കതിർ'. വെബ് പോർട്ടലായും മൊബൈൽ ആപ്ലിക്കേഷനായും ലഭ്യമാണ്.

ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഏകീകരിക്കുക, കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകട സാദ്ധ്യത കുറയ്ക്കുക, കൃഷി സംരക്ഷിക്കുന്നതിനുള്ള നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകുക, കാലാവസ്ഥ അധിഷ്ഠിതമായി വിളകൾ കണ്ടെത്തുക. വിള വിസ്തീർണം, വിളവ് എന്നിവ കണക്കാക്കുക, വിതരണ ശൃംഖലയും സേവനവും ഉറപ്പാക്കുന്നതിനുമായി മാർക്കറ്റ് ലിങ്കേജ് ആസൂത്രണം ചെയ്യുക, സർക്കാർ ആനുകൂല്യങ്ങളുടെയും പദ്ധതികളുടെയും നടപ്പാക്കലും നിരീക്ഷണവും സാദ്ധ്യമാക്കുക എന്നതാണ് ആപ്പിന്റെ ലക്ഷ്യം. കൂടാതെ സംസ്ഥാനത്തെ കർഷകർക്ക് നേരിട്ട് കാർഷിക വിദഗ്ധരുമായും ശാസ്ത്രജ്ഞരുമായും ആശയവിനിമയം നടത്തുന്നതിനും സംശയങ്ങൾ ദൂരീകരിക്കുന്നതിനും ആപ് വഴിയൊരുക്കും. വിള ഇൻഷ്വറൻസ്, സാമ്പത്തിക സേവനങ്ങൾ, വിപണി, സാങ്കേതിക വിവരങ്ങൾ എന്നിവ ഉപയോഗിക്കുന്നതിലുള്ള തടസങ്ങൾ മാറുമെന്നാണ് അധികൃതർ കരുതുന്നത്. പ്ലേ സ്റ്റോറിൽനിന്നും ആപ് സ്റ്റോറിൽനിന്നും ഡൗൺലോഡു ചെയ്യാം.

 മൂന്ന് ഘട്ടങ്ങൾ

ആദ്യ ഘട്ടം: കാലാവസ്ഥാ വിവരങ്ങൾ, മണ്ണു പരിശോധന സംവിധാനം, മണ്ണിലെ പോഷക നില, പ്ലാന്റ് ഡോക്ടർ സംവിധാനം, കാർഷിക പദ്ധതി വിവരങ്ങൾ ലഭ്യമാക്കും.

രണ്ടാംഘട്ടം: വിത്ത്, വളം തുടങ്ങിയവയുടെ ലഭ്യത, കാർഷിക യന്ത്രങ്ങളുടെയും മാനവ വിഭവശേഷിയുടെയും ലഭ്യത, സേവനങ്ങൾ പൂർണ തോതിൽ കർഷകരിലേക്ക് എത്തിക്കൽ, വിപണി വിതരണ ശൃംഖലയുമായുള്ള സംയോജനം തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കും.

മൂന്നാം ഘട്ടം: വിള ഇൻഷ്വറൻസ്, പ്രകൃതിക്ഷോഭത്തിലെ വിളനാശത്തിനു നഷ്ടപരിഹാരം, ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ വിപണനം നടത്തുന്നതിനുള്ള സംവിധാനം എന്നിവ ലഭ്യമാക്കും.


 സേവനങ്ങൾ

കാലാവസ്ഥാ മുന്നറിയിപ്പുകൾ, കീടങ്ങളും രോഗങ്ങളേയും കുറിച്ചുള്ള മുന്നറിയിപ്പുകൾ, വിദഗ്‌ധോപദേശം, മണ്ണിന്റെ പോഷക നിലയും മണ്ണു പരിശോധനയും, കാർഷിക പദ്ധതികൾ/ സബ്സിഡി യോഗ്യത. വിള ഡോക്ടർ അഥവാ പ്ലാന്റ് ഡോക്ടർ, കാർഷിക വിവര ശേഖരം ലഭ്യമാക്കൽ, കാർഷിക വാർത്തകൾ/ അറിയിപ്പുകൾ/ പുതിയ സംരംഭങ്ങൾ, കൃഷിയിട സന്ദർശന അപേക്ഷ/ നേരിട്ടുള്ള കൃഷിഭവൻ സഹായം, ജലസേചന ക്രമീകരണം, ജൈവ സർട്ടിഫിക്കേഷൻ, മൂല്യവർധിത ഉത്പന്ന പരിശീലനം.