 അദാലത്തിൽ പരാതികൾ നേരിട്ടും നൽകാം

പാലക്കാട്: സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ചുള്ള നാലാം നൂറ് ദിന പരിപാടിയുടെ ഭാഗമായി മന്ത്രി എം.ബി.രാജേഷിന്റെ നേതൃത്വത്തിൽ നാളെ മണപ്പുള്ളിക്കാവിലുള്ള കോസ്‌മോപൊളിറ്റൻ ക്ലബ്ബിൽ ജില്ലാതല തദ്ദേശ അദാലത്ത് രാവിലെ 9.30 മുതൽ നടക്കും. അദാലത്തിൽ പരാതികൾ നേരിട്ടും നൽകാമെന്ന് എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ എം.കെ.ഉഷ അറിയിച്ചു.

തദ്ദേശസ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ പരാതികൾ തീർപ്പാക്കുകയെന്നതാണ് അദാലത്തിന്റെ ലക്ഷ്യം. ലൈഫ്, അതിദാരിദ്ര്യം, ജീവനക്കാരുടെ വിഷയങ്ങൾ ഒഴിച്ചുള്ള 11 വിഷയങ്ങളാണ് തദ്ദേശ അദാലത്തിൽ പരിഗണിക്കുക.

adalat.lsgkerala.gov.in എന്ന സിറ്റിസൺ അദാലത്ത് പോർട്ടൽ വഴി ലഭിച്ച പരാതികൾ കൈകാര്യം ചെയ്യാനും കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്.

 പോർട്ടൽ മുഖേന മുൻകൂറായി പരാതി നൽകിയ അപേക്ഷകന് പരാതി നമ്പർ, ഉപജില്ല സമിതി നമ്പർ എന്നിവ ഉൾപ്പെടുത്തിയ ക്രമനമ്പർ സഹിതമുള്ള ടോക്കൺ നൽകും. തുടർന്ന് അപേക്ഷകരെ വോളണ്ടിയർമാർ മുഖേന ഉപജില്ല സമിതിയിലേക്ക് നയിക്കും.

 അദാലത്ത് ദിവസം നേരിട്ട് പരാതി നൽകുന്ന അപേക്ഷകനെ പ്രത്യേക കൗണ്ടർ മുഖേന പരാതി നമ്പർ, ക്രമനമ്പർ എന്നിവയുളള ടോക്കൺ നൽകിയ ശേഷം പരാതിക്കാസ്പദമായിട്ടുള്ള തദ്ദേശസ്ഥാപന സെക്രട്ടറിയുടെ കൗണ്ടറിൽ വോളണ്ടിയർമാർ എത്തിക്കും. തുടർന്ന് തദ്ദേശസ്ഥാപന സെക്രട്ടറി പരാതി പരിശോധിച്ച ശേഷം ഉപജില്ല സമിതിയിലേക്ക് നൽകും.

 ഇത്തരത്തിൽ ഉപജില്ല, ജില്ല സംസ്ഥാനതല സമിതി മുമ്പാകെ എത്തിയ പരാതികളിൽ മന്ത്രിയുടെ ഭാഗത്ത് നിന്ന് തീർപ്പ് ലഭിക്കും.

 പരാതികളിലുള്ള മന്ത്രിയുടെ തീർപ്പുകൾ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയുടെ ലോഗിനിൽ ലഭ്യമാക്കും. തുടർന്ന് അന്തിമ ഉത്തരവാക്കി സർട്ടിഫിക്കറ്റ് ഡെലിവറികൗണ്ടറിൽ ലഭ്യമാക്കുകയും ചെയ്യും.

 അപേക്ഷകർക്ക് ഉത്തരവുകൾ ടോക്കൺ ക്രമത്തിൽ സർട്ടിഫിക്കറ്റ് കൗണ്ടറിൽ നിന്ന് കൈപ്പറ്റാം. ഫോൺ: 04912505155, 2505199