krishnaprasad
കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പാലക്കാട് കളക്ട്രേറ്റിന് മുന്നിൽ നടത്തുന്ന കേരള റിലേ സത്യഗ്രഹം നടനും കർഷകനുമായ കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: കർഷകർക്ക് നെല്ല് ഉത്പാദിപ്പിക്കാൻ ആറുമാസം, നെല്ല് സംഭരണ തുക ലഭിക്കാൻ സർക്കാർ ഓഫീസിൽ കയറിയിറങ്ങാൻ ആറുമാസം എന്ന നിലയാണ് സംസ്ഥാനത്തുള്ളതെന്ന് നടനും കർഷകനുമായ കൃഷ്ണപ്രസാദ് പറഞ്ഞു. മുൻകാല ഇടതുപക്ഷം കർഷക സംരക്ഷണമാണ് ലക്ഷ്യമിട്ടതെങ്കിൽ നിലവിലെ സർക്കാർ കർഷക ദ്രോഹമാണ് നടപ്പിലാക്കുന്നത്. കഴിഞ്ഞ മൂന്നുനാലു വർഷത്തിനിടെ സംഭരണവിലയിൽ സർക്കാർ മൂന്നര രൂപയോളം കുറവ് വരുത്തിയെന്നും കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പാലക്കാട് സിവിൽ സ്റ്റേഷന് മുന്നിൽ ആരംഭിച്ച റിലെ സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് കൃഷ്ണപ്രസാദ് പറഞ്ഞു.
ലോകം സാമ്പത്തിക ഞെരുക്കത്തിലമർന്ന കാലത്ത് ഇന്ത്യ പിടിച്ചുനിന്നത് കാർഷിക മേഖലയുടെ ഭദ്രതയിലാണ്. ഇന്ന് കർഷകരെ സംരക്ഷിക്കേണ്ട സർക്കാർ തന്നെ കർഷകനെ കടക്കെണിയിലാക്കുകയാണ്. കൊയ്ത്തിന് മുമ്പ് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാത്തതും മില്ലുകാരെയും ഏജന്റുമാറെയും നിയോഗിക്കാത്തതും സർക്കാരിന്റെ പരാജയമാണ്. സംഭരണവില കേരളത്തിൽ കൂടുതലാണെന്ന് പറയുന്ന സർക്കാരും അനുയായികളും ഉത്പാദന ചെലവിനെ കുറിച്ച് മിണ്ടാത്തത് പുകമറ സൃഷ്ടിക്കലാണ്. സംഭരണവിലയും സബ്സിഡികളും എങ്ങനെ നൽകാതിരിക്കാമെന്നാണ് സർക്കാർ ചിന്തിക്കുന്നത്. നെല്ല് നൽകുന്ന കർഷകനെ തന്നെ വായ്പാക്കാരനാക്കിയത് ചരിത്രത്തിലാദ്യമാണ്. കർഷകദ്രോഹ നടപടികൾക്കെതിരെയുള്ള പ്രതികാരം തെരഞ്ഞെടുപ്പിലുണ്ടാവുക സ്വാഭാവികമാണ്. യാഥാർത്ഥ്യം കർഷകർ തിരിച്ചറിഞ്ഞ് പ്രതികരിക്കേണ്ട സമയം അതിക്രമിച്ചുവെന്നും കൃഷ്ണപ്രസാദ് പറഞ്ഞു.
സത്യഗ്രഹത്തിന്റെ ഭാഗമായി കർഷകർ കാളവണ്ടി ട്രാക്ടർ റാലി നടത്തി. കർഷക സംരക്ഷണ സമിതി പ്രസിഡന്റ് ഇ.വിജയൻ അദ്ധ്യക്ഷനായി. രക്ഷാധികാരി ചിദംബരൻ കുട്ടി, ജനറൽ സെക്രട്ടറി സി.പ്രഭാകരൻ, ലാഡർ ചെയർമാൻ സി.എൻ.വിജയകൃഷ്ണൻ, ട്രഷറർ ടി.സഹദേവൻ, രാമദാസ്, കെ.വി.രാമചന്ദ്രൻ, രാധാകൃഷ്ണൻ, റജീന, കൽപനദേവി, ബാബു രമേഷ്, സോണിച്ചൻ ആലപ്പുഴ, എം.വി.രാജേന്ദ്രൻ തുടങ്ങി വിവിധ കർഷക സംഘടന ഭാരവാഹികൾ സംസാരിച്ചു.